കണ്ണൂര്‍: എല്‍‍.ഡി.എഫിനെ നയിക്കുന്നത് ഏതെങ്കിലും വ്യക്തികളല്ലെന്ന് കേന്ദ്രകമ്മറ്റിയംഗവും മുതിര്‍ന്ന സി.പി.ഐ.എം നേതാവുമായ ഇ.പി ജയരാജന്‍ പറഞ്ഞു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ വ്യക്തികള്‍ക്കല്ല പ്രാധാന്യമെന്നും ജയരാജന്‍ പറഞ്ഞു.

ഏതെങ്കിലും വ്യക്തികളുടെ പ്രഭാവം കൊണ്ട് ജയിക്കേണ്ട അവസ്ഥയിലല്ല പാര്‍ട്ടി ഉള്ളത്. പാര്‍ട്ടിയെ നയിക്കുന്നത് വ്യക്തികളല്ല. നിരവധി വ്യക്തികള്‍ കൂടിച്ചേര്‍ന്നതാണ് പാര്‍ട്ടി. പാര്‍ട്ടി പറഞ്ഞാല്‍ മല്‍സരിക്കുമെന്ന് ആരെങ്കിലും പറഞ്ഞിട്ടുണ്ടെങ്കില്‍ അത് അയാളുടെ രാഷ്ട്രീയഗുണത്തിലെ ഇടിവാണ് കാണിക്കുന്നതെന്നും ജയരാജന്‍ വ്യക്തമാക്കി.

തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പാര്‍ട്ടിയുടെ നിലപാട് വ്യക്തമാണ്. ഇക്കാര്യം ബന്ധപ്പെട്ടവര്‍ കൂടുതല്‍ വ്യക്തമാക്കും. നിയന്ത്രണമില്ലാതെ അഭിപ്രായം പറഞ്ഞാല്‍ ഇവര്‍ ഇത്രയൊക്കെയേ ഉള്ളൂ എന്ന ധാരണ ജനങ്ങള്‍ക്കിടയില്‍ പരക്കാന്‍ ഇടയാക്കുമെന്നും ജയരാജന്‍ പറഞ്ഞു.