Categories

‘ മുഖ്യമന്ത്രിയ്‌ക്കെതിരായ സംഘപരിവാര്‍ ആക്രോശങ്ങള്‍ ഉദിച്ചുയരുന്ന സൂര്യനെ നോക്കി ഓരിയിടുന്ന പട്ടിയുടെ മാനസികാവസ്ഥയുടെ ഫലം ‘ : ഇ.പി ജയരാജന്‍

കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയന്റെ തലയ്ക്ക് ഒരു കോടി ഇനാം പ്രഖ്യാപിച്ച ആര്‍.എസ്.എസിന് മറുപടിയുമായി സി.പി.ഐ.എം കേന്ദ്ര കമ്മിറ്റിയംഗം ഇ.പി ജയരാജന്‍. മുഖ്യമന്ത്രിയ്ക്കും സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയ്ക്കുമെതിരെ സംഘപരിവാര്‍ നടത്തുന്ന ആക്രോശങ്ങള്‍ ഉദിച്ചുയരുന്ന സൂര്യനെ നോക്കി ഓരിയിടുന്ന പട്ടിയുടെ മാനസികാവസ്ഥയില്‍ നിന്നുണ്ടാകുന്ന മിഥ്യാബോധത്തിന്റെ ഫലമാണെന്നായിരുന്നു ഇ.പി ജയരാജന്റെ പ്രതികരണം.

ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു സംഘപരിവാറിന് ശക്തമായ മറുപടിയുമായി ഇ.പി രംഗത്തെത്തിയത്.

‘സംഘ പരിവാറിന്റെ കൊലവിളി തങ്ങളുടെ അറിവോടെയാണോ എന്ന് നരേന്ദ്ര മോഡിയും അമിത് ഷായും വ്യക്തമാക്കണം. ഇക്കാര്യത്തില്‍ കുമ്മനം രാജശേഖരന്റെ നിലപാട് അറിയാനും ജനങ്ങള്‍ക്ക് താല്‍പ്പര്യമുണ്ട് ‘. ഇ.പി പോസ്റ്റില്‍ പറയുന്നു.

കാര്‍ഗില്‍ രക്തസാക്ഷിയുടെ മകളും ഡല്‍ഹി സര്‍വകലാശാല വിദ്യാര്‍ത്ഥിനിയുമായ ഗുര്‍ മെഹര്‍ കൗറിനെ ബലാല്‍സംഗം ചെയ്യുമെന്നും കൊന്നുകളയുമെന്നും എ.ബി.വി.പി ഭീഷണിപ്പെടുത്തി. ബി.ജെ.പിയോ പ്രധാനമന്ത്രിയോ ഇതിനെതിരെ ഒരക്ഷരം ഉരിയാടിയിട്ടില്ലെന്നും ഇ.പി ആരോപിക്കുന്നു.

കേരളത്തിലെ മഹിളാ മോര്‍ച്ച നേതാവ് ശോഭാ സുരേന്ദ്രന്‍ സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയെ വഴി നടത്തില്ല എന്ന് ആക്രോശിക്കുന്നു. അസഹിഷ്ണത കൊണ്ട് ആക്രോശിക്കുമ്പോള്‍ വനിതാ നേതാവിന് ചേരാത്ത പദപ്രയോഗങ്ങള്‍ നടത്തി അന്തരീക്ഷ മലിനീകരണം നടത്തുന്നു. ‘ ഉലത്തിക്കളയും, ഉലത്തിക്കളയും’ എന്നിത്യാദി നിലവാരം കുറഞ്ഞ പ്രസംഗം നടത്തുവാന്‍ എങ്ങിനെയാണ് ഇവര്‍ക്ക് കഴിയുന്നതെന്നും അദ്ദേഹം ചോദിക്കുന്നു.


Also Read: സൗരവ്വ് ഗാംഗുലി ദേശീയ ഗാനത്തിനിടെ ചൂയിംഗം ചവച്ചത് ശ്രദ്ധിക്കാത്ത മാധ്യമങ്ങള്‍ എന്തിന് എന്റെ മകനെ വേട്ടയാടുന്നു? ; വിവാദങ്ങള്‍ക്ക് മറുപടിയുമായി കാശ്മീരി താരം പര്‍വ്വേസ് റസൂലിന്റെ പിതാവ്


‘ ഇതാണോ ? ആര്‍ എസ് എസും സംഘപരിവാറും ബി ജെ പിയും പറയുന്ന ആര്‍ഷഭാരത സംസ്‌കാരം ? ‘ അദ്ദേഹം ചോദിക്കുന്നു.

ഇ.പി ജയരാജന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

കേരളത്തിലെ മുഖ്യമന്ത്രിയെ കൊലപ്പെടുത്തുന്നവര്‍ക്ക് മധ്യ പ്രദേശിലെ ഉജ്വയിനിലെ RSS നേതാവ് ചന്ദ്ര വാത്ത് ഒരു കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ചിരിക്കുന്നു. കൈയ്യും കാലും വെട്ടിയിട്ടുണ്ടെന്നും ഇനിയും വെട്ടുമെന്നും കേരളത്തിലെ BJP നേതാക്കളായ സുരേന്ദ്രനും ഗോപാലകൃഷ്ണനും ആക്രോശിച്ചു കൊണ്ടിരിക്കുന്നു. സംഘ പരിവാറിന്റെ കൊലവിളി തങ്ങളുടെ അറിവോടെയാണോ എന്ന് നരേന്ദ്ര മോഡിയും അമിത് ഷായും വ്യക്തമാക്കണം. ഇക്കാര്യത്തില്‍ കുമ്മനം രാജശേഖരന്റെ നിലപാട് അറിയാനും ജനങ്ങള്‍ക്ക് താല്‍പ്പര്യമുണ്ട്.
കഴിഞ്ഞ ദിവസം കാര്‍ഗില്‍ രക്തസാക്ഷിയുടെ മകളും ഡല്‍ഹി സര്‍വകലാശാല വിദ്യാര്‍ത്ഥിനിയുമായ ഗുര്‍ മെഹര്‍ കൗറിനെ ബലാല്‍സംഗം ചെയ്യുമെന്നും കൊന്നുകളയുമെന്നും ABVP ഭീഷണിപ്പെടുത്തി. ബി.ജെ.പി യോ പ്രധാനമന്ത്രിയോ ഇതിനെതിരെ ഒരക്ഷരം ഉരിയാടിയിട്ടില്ല.
പശ്ചിമ ബംഗാളില്‍ ഒരു വയസിനും 20 വയസിനും ഇടയിലുള്ള കുട്ടികളെ കടത്തുന്ന മാഫിയാ പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്‍കുന്നത് BJP ദേശീയ ജനറല്‍ സെക്രട്ടറി കൈലാഷ് വിജയ് വര്‍ഗിയ ആണെന്നും കുട്ടിക്കടത്ത് റാക്കറ്റിന്റെ മേല്‍നോട്ടം വഹിക്കുന്നത് മഹിളാ മോര്‍ച്ച സംസ്ഥാന പ്രസിഡന്റും രാജ്യസഭാംഗവുമായ രൂപ ഗാംഗുലിയും മഹിളാ മോര്‍ച്ച ജനറല്‍ സെക്രട്ടറി ജൂഹി ചൗധരിയുമാണെന്ന് ബംഗാള്‍ പോലീസ് വെളിപ്പെടുത്തിയിരിക്കുന്നു.
സംഘപരിവാറിന്റെ നേതൃത്വത്തി ലുള്ള സന്നദ്ധ സംഘടനകളുടെ മറവില്‍ ഇത്തരം കുട്ടിക്കടത്ത് റാക്കറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് RSS വിട്ടു വന്ന നിരവധി പ്രവര്‍ത്തകര്‍ നേരത്തേ തന്നെ വെളിപ്പെടുത്തിയിട്ടുള്ളതാണ്.
BJP ദേശീയ എക്‌സിക്യുട്ടീവ് അംഗവും മുന്‍ MLA യുമായ വിജയ് ജോളി എന്ന മുതിര്‍ന്ന നേതാവ് പാര്‍ട്ടി പരിപാടിക്കെത്തിയ തനിക്ക് മയക്കുമരുന്ന് ചേര്‍ത്ത തക്കാളി സൂപ്പ് നല്‍കിയതിന് ശേഷം മാനഭംഗപ്പെടുത്തിയെന്ന് BJP പ്രവര്‍ത്തകയായ യുവതി കേസ് നല്‍കിയിരിക്കുന്നു. ഇപ്പറയപ്പെട്ടവരെല്ലാം നരേന്ദ്ര മോഡിയുടെയും അമിത് ഷായുടെയും അടുപ്പക്കാരാണ്.
കേരളത്തിലെ മഹിളാ മോര്‍ച്ച നേതാവ് ശോഭാ സുരേന്ദ്രന്‍ CPIM സംസ്ഥാന സെക്രട്ടറിയെ വഴി നടത്തില്ല എന്ന് ആക്രോശിക്കുന്നു.
അസഹിഷ്ണത കൊണ്ട് ആക്രോശിക്കുമ്പോള്‍ വനിതാ നേതാവിന് ചേരാത്ത പദപ്രയോഗങ്ങള്‍ നടത്തി അന്തരീക്ഷ മലിനീകരണം നടത്തുന്നു. ‘ ഉലത്തിക്കളയും, ഉലത്തിക്കളയും’ എന്നിത്യാദി നിലവാരം കുറഞ്ഞ പ്രസംഗം നടത്തുവാന്‍ എങ്ങിനെയാണ് ഇവര്‍ക്ക് കഴിയുന്നത്. ഇതാണോ ? ആര്‍ എസ് എസും സംഘപരിവാറും ബി ജെ പിയും പറയുന്ന ആര്‍ഷഭാരത സംസ്‌കാരം . നഗ്‌ന സന്യാസിമാരുടെ ഘോഷയാത്രകളും മറ്റും നടത്തി അതില്‍ ആനന്ദം കണ്ടെത്തുന്ന ഇക്കൂട്ടര്‍ ഇതും ഇതിലപ്പുറം പ്രയോഗങ്ങളും നടത്തും.
പോലീസ് മര്‍ദനങ്ങളും ജയില്‍ വാസവും അനുഭവിച്ച് അടിയന്തരാവസ്ഥാ പീഡനങ്ങള്‍ ഏറ്റുവാങ്ങി എതിരാളികളുടെ ആക്രോശങ്ങളിലും കടന്നാക്രമണങ്ങളിലും അടിപതറാതെ CPIM ന്റെ നേതൃപദവിയിലെത്തുകയും വമ്പിച്ച ജനപിന്തുണയോടെ അധികാരത്തിലെത്തുകയും ചെയ്ത കേരളത്തിന്റെ പ്രിയപ്പെട്ട മുഖ്യമന്ത്രിയുടെ തല വെട്ടുമെന്ന് പറയുന്ന ആര്‍എസ്എസുകാര്‍ താലിബാനും ഐഎസി നും തുല്യം തന്നെ. മുഖ്യമന്ത്രിക്കും CPIM സംസ്ഥാന സെക്രട്ടറിക്കുമെതിരെ സംഘ പരിവാര്‍ നടത്തുന്ന ആക്രോശങ്ങള്‍ ഉദിച്ചുയരുന്ന സൂര്യനെ നോക്കി ഓരിയിടുന്ന പട്ടിയുടെ മാനസികാവസ്ഥയില്‍ നിന്നുണ്ടാകുന്ന മിഥ്യാബോധത്തിന്റെ ഫലമാണെന്ന് കേരളീയര്‍ മനസിലാക്കും.