ന്യൂദല്‍ഹി: ബന്ധു നിയമനത്തില്‍ സി.പി.ഐ.എം കേന്ദ്ര കമ്മിറ്റിയംഗങ്ങളായ ഇ.പി ജയരാജനെയും പി.കെ ശ്രീമതി ടീച്ചര്‍ക്കും പാര്‍ട്ടി കേന്ദ്ര കമ്മിറ്റിയുടെ താക്കീത്. ഇ.പി ജയരാജന്‍ മന്ത്രിയായിരുന്ന കാലയളവില്‍ നടന്ന പി.കെ ശ്രീമതി ടീച്ചറുടെ മകന്റെ നിയമനവുമായ് ബന്ധപ്പെട്ടാണ് പാര്‍ട്ടി നടപടി.


Also read ബാബറി കേസ്: അദ്വാനി വിചാരണ നേരിടണമെന്ന് സുപ്രീം കോടതി 


പിണറായി വിജയന്‍ മന്ത്രിസഭയില്‍ അംഗമായിരുന്ന ജയരാജന്‍ ബന്ധു നിയമന വിവാദത്തെത്തുടര്‍ന്നായിരുന്നു സ്ഥാനമൊഴിഞ്ഞത്. വിഷയത്തില്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നല്‍കിയ റിപ്പോര്‍ട്ട് കേന്ദ്രകമ്മിറ്റിയില്‍ ചര്‍ച്ച ചെയ്യാന്‍ പി.ബി നിര്‍ദേശിക്കുക ആയിരുന്നു.

ഇന്നലെ ആരംഭിച്ച  കേന്ദ്രകമ്മിറ്റിയില്‍ വിഷയം ചര്‍ച്ച ചെയ്യുകയും തുടര്‍ന്ന് താക്കീത് നല്‍കുവാന്‍ തീരുമാനിക്കുകയും ആയിരുന്നു. കേന്ദ്ര കമ്മിറ്റിയില്‍ ജയരാജന്‍ പങ്കെടുക്കുന്നില്ല. ഇതുസംബന്ധിച്ച് പാര്‍ട്ടിയ്ക്ക് ജയരാജന്‍ നേരത്തെ കത്ത് നല്‍കിയിരുന്നു.

പാര്‍ട്ടി കേന്ദ്ര കമ്മിറ്റിയംഗവും ഇ.പി. ജയരാജന്റെ ഭാര്യാസഹോദരിയുമായ പി.കെ. ശ്രീമതിയുടെ മകന്‍ പി.കെ.സുധീര്‍ നമ്പ്യാരെ കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ എന്റര്‍പ്രൈസസിന്റെ മാനേജിങ് ഡയറക്ടറായി നിയമിച്ചതാണ് വിവാദങ്ങള്‍ക്ക് തുടക്കം. പിന്നീടും സമാനമായ ആരോപണങ്ങള്‍ ജയരാജനെതിരെ ഉയര്‍ന്നിരുന്നു.

പാര്‍ട്ടിയുടെ അച്ചടക്ക നടപടിയില്‍ ആദ്യത്തെതാണ് താക്കീത്. ഇതാണ് പി.കെ ശ്രീമതി എം.പിക്കും ഇ.പി ജയരാജന്‍ എം.എല്‍.എയ്ക്കുമെതിരെ കേന്ദ്രകമ്മിറ്റി സ്വീകരിച്ചിരിക്കുന്നത്.