മുംബൈ: വിവാദമായ ആദര്‍ശ് ഹൗസിങ് സൊസൈറ്റിക്ക് പരിസ്ഥിതി വകുപ്പിന്റെ കാരണം കാണിക്കല്‍ നോട്ടീസ്. തീരദേശ മേഖലയില്‍ ഫഌറ്റ് നിര്‍മ്മിക്കാന്‍ അനുമതി നല്‍കിയിരുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നോട്ടീസ്. ആതീരദേശ പരിപാലന നിയമം അഞ്ചാം അനുച്ഛേദം അനുസരിച്ചാണ് നോട്ടീസ്. ഒരാഴ്ചക്കുള്ളില്‍ നോട്ടീസിന് മറുപടി നല്‍കണം.

തീരസംരക്ഷണ നിയമം അനുസരിച്ചു 30 മീറ്ററില്‍ കൂടുതല്‍ ഉയരത്തില്‍ കെട്ടിടം നിര്‍മിക്കാന്‍ പാടില്ല. എന്നാല്‍ സൊസൈറ്റി നിര്‍മിച്ച കെട്ടിടത്തിന്റെ ഉയരം 100 മീറ്ററാണ്. കെട്ടിടം നിര്‍മിക്കാന്‍ അനുമതി നല്‍കിയിട്ടില്ലെന്നു ജയറാം രമേശ് നേരത്തേ വ്യക്തമാക്കിയിരുന്നു.

കാര്‍ഗില്‍ പോരാളികള്‍ക്കും വിധവകള്‍ക്കും വേണ്ടിയാണു പ്രതിരോധ മന്ത്രാലയത്തിന്റെ കീഴിലുള്ള സ്ഥലത്തു കെട്ടിടം നിര്‍മിച്ചത്. എന്നാല്‍ രാഷ്ട്രീയക്കാരും സ്വകാര്യവ്യക്തികളും ഉന്നത സൈനിക ഉദ്യോഗസ്ഥരും ഫ്‌ളാറ്റുകള്‍ സ്വന്തമാക്കിയതോടെ വിവാദമുയരുകയായിരുന്നു. സംഭവം വിവാദമായതോടെ മഹരാഷ്ട്ര മുഖ്യമന്ത്രി അശോക് ചവാന്‍ രാജിവെക്കുകയായിരുന്നു.