പത്തനംതിട്ട: ആറന്മുള വിമാനത്താവളത്തിന് കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചു.  പാരിസ്ഥിതിക അനുമതിയ്ക്കായി സമര്‍പ്പിച്ച  പഠന റിപ്പോര്‍ട്ട് ഒരു സ്വകാര്യ ഏജന്‍സി വിമാനത്താവള കമ്പനിക്കായി തയ്യാറാക്കിയതാണെന്നും ഇതില്‍ നിരവധി വസ്തുതാപരമായ പിശകുകള്‍ ഉണ്ടെന്നും ആരോപിച്ച് പ്രദേശവാസികള്‍ ഹൈക്കോടതിയില്‍ കേസ് നല്‍കിയിരിക്കുകയാണ്. ഇതിനിടയിലാണ് പരിസ്ഥിതി നിയമപ്രകാരമുള്ള കേന്ദ്രാനുമതി വനംപരിസ്ഥിതി മന്ത്രാലയം നല്‍കിയത്. എന്നാല്‍ ഇത് നെല്‍വയല്‍ നികത്താനുള്ള അനുമതിയല്ല. പാരിസ്ഥിതികാനുമതി കൂടി ലഭിക്കുന്നതോടെ കേന്ദ്രസര്‍ക്കാരില്‍ നിന്നും ലഭിക്കേണ്ട എല്ലാ അനുമതികളും വിമാനത്താവള കമ്പനിക്ക് ലഭിച്ചുകഴിഞ്ഞു.

Ads By Google

ആറന്മുള വിമാനത്താവളത്തിനായി അഞ്ഞൂറേക്കര്‍ സ്ഥലം കഴിഞ്ഞ സര്‍ക്കാരിന്റെ അവസാന കാലത്ത് വ്യവസായ മേഖലയായി പ്രഖ്യാപിച്ചിരുന്നു. അതിന് മുമ്പ് തന്നെ 25 ഏക്കര്‍ നെല്‍വയലും സമീപ പാടങ്ങളിലേക്ക് വെള്ളം ഒഴുകിപ്പോകുന്ന കോഴിത്തോടും സര്‍ക്കാര്‍ സ്ഥലവും കൈയേറി നികത്തിയിരുന്നു. ഇതിനെതിരെ നടപടിയെടുക്കാന്‍ റവന്യൂമന്ത്രി നിര്‍ദേശിച്ചിട്ടുപോലും നടപടിയുണ്ടായില്ല.

വിമാനത്താവളത്തിന് സ്വന്തമായി ഭൂമി കണ്ടെത്തിയാല്‍ നിലവിലെ നിയമങ്ങള്‍ പാലിച്ചുകൊണ്ട് അനുമതി നല്‍കാമെന്ന് കഴിഞ്ഞ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ നെല്‍വയല്‍ വന്‍തോതില്‍ നികത്തിക്കൊണ്ടും നാട്ടുകാരുടെ കുടിവെള്ളം മുട്ടിച്ചുകൊണ്ടും ആറന്മുളയില്‍ വിമാനത്താവളം വേണ്ടയെന്നാണ് ഇത് സംബന്ധിച്ച് പഠനം നടത്തിയ നിയമസഭാ പരിസ്ഥിതി കമ്മിറ്റി 2012ല്‍ റിപ്പോര്‍ട്ട് നല്‍കിയത്.

നാളിതുവരെ കമ്പനിക്ക് ലഭിച്ച സംസ്ഥാന അനുമതികള്‍ സംബന്ധിച്ചും വ്യവസായ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ നടത്തിയ ഇടപാടുകള്‍ സംബന്ധിച്ചും സമഗ്രമായ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് ഗതാഗത വകുപ്പ് നല്‍കിയ കത്തും നിയമസഭാ പരിസ്ഥിതി കമ്മിറ്റിയുടെ റിപ്പോര്‍ട്ടും പൂഴ്ത്തി.

നെല്‍വയല്‍ നീര്‍ത്തട സംരക്ഷണ നിയമപ്രകാരം നിലം നികത്താന്‍ സംസ്ഥാനതല സമിതിയുടെ അംഗീകാരം ആവശ്യമാണ്. അത് ലഭിക്കാതെ തന്നെ കേന്ദ്രാനുമതി ഉപയോഗിച്ച് നെല്‍വയല്‍ നികത്താമെന്നാണ് മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കപ്പെടുന്നത്.