തൃശ്ശൂര്‍:പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തക ഡോ.എ. ലത അന്തരിച്ചു.ദീര്‍ഘകാലമായി കാന്‍സര്‍രോഗബാധിതയായി ചികിത്സയിലായിരുന്നു. തൃശ്ശൂരിലെ ഒല്ലൂരിലുള്ള സ്വവസതിയില്‍ വച്ചായിരുന്നു അന്ത്യം.അതിരപ്പിള്ളി സമരത്തിലെ പ്രധാന നേതൃസ്ഥാനനിരയില്‍ ഉണ്ടായിരുന്ന വ്യക്തിയായിരുന്നു.. ചാലക്കുടിയിലെ റിവര്‍ റിസര്‍ച്ച് സെന്റര്‍ ഡയറക്ടര്‍ സ്ഥാനവും വഹിച്ചിരുന്നു.

അഗ്രികള്‍ച്ചര്‍ ഓഫീസര്‍ എന്ന നിലയിലുള്ള സര്‍ക്കാര്‍ ജോലി ഉപേക്ഷിച്ചാണ് ഡോ.ലത പരിസ്ഥിതി പ്രവര്‍ത്തനത്തിന്റെ ഭാഗമാകുന്നത്. പശ്ചിമഘട്ട സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടിയായിരുന്നു പിന്നീടുള്ള ഇടപെടല്‍. ജലം സംബന്ധിച്ചുള്ള പാണ്ഡിത്യം പുഴ സംരക്ഷണ പ്രവര്‍ത്തനങ്ങളിലേക്ക് നയിച്ചു.

ലത ഉള്‍പ്പെടുന്ന ദേശീയ തലത്തിലുള്ള പരിസ്ഥിതി പ്രവര്‍ത്തകരുടെ ഫോറമാണ് പശ്ചിമഘട്ട സംരക്ഷണത്തിനായുള്ള ഗാഡ്ഗില്‍ കമ്മറ്റിയെ നിയോഗിക്കുന്നതിലേക്ക് നയിച്ചത്. അന്താരാഷ്ട്ര തലത്തില്‍ നടക്കുന്ന വന്‍കിട ഡാം വിരുദ്ധ സമരങ്ങള്‍ക്ക് അക്കാദമിക് പിന്തുണയും ലത നല്‍കി.


ആതിരപ്പിള്ളി പദ്ധതിയെ കുറിച്ച് ഡോ.ലത ഡൂള്‍ ന്യൂസില്‍ എഴുതിയ ലേഖനം വായിക്കാം            ഈ പുഴയെ ഞെക്കിക്കൊല്ലേണ്ടതാര്‍ക്ക്? ആതിരപ്പള്ളി പദ്ധതിയും പാരിസ്ഥിതികാഘാതവും


റിവര്‍ റിസര്‍ച്ച് സെന്റര്‍ എന്ന സര്‍ക്കാരിതര സംഘടനയുടെ ഡയറക്ടര്‍ ആയിരുന്നു. ഈ സംഘടനയാണ് പുഴ സംരക്ഷണം സംബന്ധിച്ച പഠന പ്രവര്‍ത്തനങ്ങള്‍ക്കും അതിരപ്പിള്ളി പദ്ധതി വിരുദ്ധ സമരത്തിനും നേതൃത്വമായത്.

ട്രാജഡി ഒഫ് കോമണ്‍സ്, കേരള എക്‌സ്പീരിയന്‍സ് ഇന്‍ ഇന്റര്‍ ലിങ്കിങ് ഒഫ് റിവേഴ്‌സ്, ഡൈയിംഗ് റിവേഴ്‌സ് തുടങ്ങിയ പുസ്തകങ്ങള്‍ രചിട്ടുണ്ട്. ഒല്ലൂര്‍ സ്വദേശിയും കവിയും പരിസ്ഥിതി പ്രവര്‍ത്തകനുമായ ഉണ്ണികൃഷ്ണനാണ് ഭര്‍ത്താവ്.