ദുബൈ: പ്രവാസി മലയാളികള്‍ക്കായുള്ള ആദ്യത്തെ സമ്പൂര്‍ണ്ണ ഹെല്‍ത്ത് പോര്‍ട്ടല്‍ എന്റെ കേരളാ ഡോട്ട് കോം ഹെല്‍ത്ത് സെക്ഷന്‍ കേരളാ ആരോഗ്യ വകുപ്പ് മന്ത്രി അടൂര്‍ പ്രകാശ് ദുബൈ ഗ്രാന്റ് ഹയാത്ത് ഹോട്ടലില്‍ വെച്ച് നടന്ന ചടങ്ങില് ലോഞ്ച് ചെയ്തു. www.entekerala.com എന്ന ലിങ്കിലൂടെ വെബ് സൈറ്റ് ലഭ്യമാകും

ലോകം തന്നിലേക്ക് ചുരുങ്ങുന്ന വര്‍ത്തമാന കാലത്ത് ഇത്തരം സംരംഭങ്ങളില്‍ മലയാളി ഡോക്ടര്‍മാരും ആശുപത്രികളും സഹകരിക്കുന്നതില്‍ ഏറെ സന്തോഷമുണ്ടെന്ന് മന്ത്രി പറഞ്ഞു. തിരക്കു പിടിച്ച ജീവിതശൈലികള്‍ക്കിടയിലും ഇത്തരം സേവനപ്രവര്‍ത്തനങ്ങള്‍ ഏറെ ശ്ലാഘനീയമാണ്. മലയാളികള്‍ക്കിടയില്‍ ആരോഗ്യമേഖലയില്‍ കൂടുതല്‍ അവബോധം ഉണ്ടാക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഓണ്‌ലൈന്‍ ബ്ലഡ് ബേങ്ക് ഏറെ സഹായകമാകുമെന്ന് അദ്ദേഹം പ്രത്യാശിച്ചൂ. കേരളത്തിലും ഇത്തരം സംരംഭങ്ങള്‍ അനുരണനം ഉണ്ടാക്കുമെന്നും മന്ത്രി പ്രതീക്ഷ പ്രകടിപ്പിച്ചു

എന്റെ കേരളാ ഡോട്ട് കോം സി.ഇ.ഒ സി.മുനീര്‍ വെബ് സൈറ്റിന്റെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു. ദുബൈയിലെ പ്രഗല്‍ഭരായ ആയുര്‍വേദ ഹോമിയോപ്പതി അലോപ്പതി ഡോക്ടര്‍മാര്‍ ഒരു കുടക്കീഴില്‍ ഒരുമിക്കുന്നു എന്നതാണ് എന്റെ കേരളാ ഡോട്ട് കോം ഹെല്‍ത്ത് സെക്ഷന്റെ പ്രത്യേകത. സൗജന്യമായി ആര്‍ക്കും ഡോക്ടര്‍മാരോട് സംശയങ്ങള്‍ ചോദിക്കുവാനും ഡോക്ടര്‍മാര്‍ വിവിധ വിഷയങ്ങളില്‍ നല്‍കിയ മറുപടികളും ലേഖനങ്ങളും വായിക്കുവാനും വെബ്‌സൈറ്റിലൂടെ സാധിക്കുന്നു. അതോടൊപ്പം ഓണ്‍ലൈന്‍ ബ്ലഡ് ബേങ്ക് ജനങ്ങള്‍ക്ക് പെട്ടെന്ന് ഉപയുക്തമാകുന്ന രീതിയിലാണ് ഒരുക്കിയിരിക്കുന്നത്. ആര്‍ക്കും എവിടെ നിന്നും ബ്ലഡ് ബേങ്കില്‍ അംഗമാകുവാനും ബ്ലഡ് ആവശ്യമുള്ളവര്‍ക്ക് ഓണ്‍ ലൈനിലൂടെ ദാതാക്കളെ കണ്ടെത്തുവാനും സാധിക്കുന്നു

മെഡിക്കല്‍ മേഖലയിലെ തൊഴിലവസരങ്ങള്‍ അറിയാനുള്ള മെഡിക്കല്‍ ജോബ് സെക്ഷനാണ് വെബ്‌സൈറ്റിന്റെ മറ്റൊരു പ്രധാന ഘടകം. കൂടാതെ മികച്ച സെര്‍ച്ച് ഫെസിലിറ്റിയും സൈറ്റ് പ്രദാനം ചെയ്യുന്നു. ആരോഗ്യ രംഗത്തുള്ള എതു സ്ഥാപനത്തിലേക്കും ആവശ്യമുള്ള ഉദ്യോഗാര്‍ത്ഥികളെ കണ്ടെത്തുവാനും അതു പോലെ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ജോലിക്ക് അപേക്ഷിക്കുവാനും സാധിക്കുന്നു

ചടങ്ങില്‍ എന്റെ കേരളാ ഡോട്ട് കോം ഡയരക്ടര്‍മാരായ ഡോക്ടര്‍ കെ.പി ഹുസ്സൈന് ( ഫാത്തിമ മെഡിക്കല്‍സ് ഗ്രൂപ്പ്) , അബ്ദുല്‍ കരീം വെങ്ങിടീങ്ങല്‍, ഒ വി മുസ്തഫ ( ഗര്‍ഗാഷ് ) , പോള്‍ ടി ജോസ്, കെ കെ നാസര്‍,ടി എ സുബൈര്‍, ഷിനു ദാസ് പങ്കെടുത്തു. ഈ സംരംഭത്തിന്റെ ഭാഗമാകുവാന്‍ ആഗ്രഹിക്കുന്ന ഡോക്ടര്‍മാരും ക്ലിനിക്കുകളും ആശുപത്രികളും കൂടുതല്‍ വിവരങ്ങള്‍ക്ക് info@entekerala.com എന്ന ഇമെയില്‍ വിലാസത്തിലോ 042636936 , 0509709302 എന്നീ നമ്പറുകളിലോ ബന്ധപ്പെടണം.