വാഷിംഗ്ടണ്‍: ആഗോള എണ്ണ വിപണിയില്‍ കടുത്ത അനിശ്ചിതത്വം തുടരുന്നതിനിടെ, ഇറാനിയന്‍ എണ്ണ ഇറക്കുമതി ലോകരാജ്യങ്ങള്‍ നിര്‍ത്തണമെന്നും ഏത് പ്രതിസന്ധിയെയും നേരിടാനുള്ള എണ്ണ ശേഖരം ആഗോളവിപണിയില്‍ ഉണ്ടെന്നും യു.എസ് പ്രസിഡന്റ് ബറാക് ഒബാമ പറഞ്ഞു.

പെട്രോളിയം ഉത്പന്നങ്ങള്‍ ഇറാനില്‍ നിന്നും ഇറക്കുമതി ചെയ്യുന്നത് നിര്‍ത്തിയാലും വിപണിക്ക് നഷ്ടമുണ്ടാവില്ലെന്നും നിലവിലെ സാഹചര്യങ്ങള്‍ നിരീക്ഷിച്ചു വരികയാണെന്നും അദ്ദേഹം വ്യക്തമാക്കി.

നേരത്തെ, ഇന്ത്യയടക്കമുള്ള രാഷ്ട്രങ്ങളോട് ഇറാനില്‍ നിന്നും എണ്ണ ഇറക്കുമതി ചെയ്യുന്നത് നിര്‍ത്തണമെന്ന് അമേരിക്ക നിര്‍ദേശിച്ചിരുന്നു. പകരം ആവശ്യമായ എണ്ണ സൗദി അറേബ്യയില്‍ നിന്നും വാങ്ങാനാണ് നിര്‍ദേശിച്ചിരുന്നത്.

അതിനിടെ, യു.എസ് വിദേശകാര്യ സെക്രട്ടറി ഹില്ലരി ക്ലിന്റണ്‍ സൗദി ഭരണാധികാരി അബ്ദുള്ള രാജാവുമായി ഇന്ന് കൂടിക്കാഴ്ച നടത്തി. ഇറാന്റെ മേലുള്ള സാമ്പത്തിക ഉപരോധത്തിന്റെ പശ്ചാത്തലത്തില്‍ എണ്ണ വിപണിയിലെ അനിശ്ചിതത്വമായിരുന്നു പ്രധാന ചര്‍ച്ചയെന്ന് യു.എസ് വൃത്തങ്ങള്‍ അറിയിച്ചു. റിയാദില്‍ നടന്ന കൂടിക്കാഴ്ചയില്‍ മേഖലയിലെ സുരക്ഷയും എണ്ണവില പിടിച്ചു നിര്‍ത്തുന്നതിനുള്ള മാര്‍ഗങ്ങളും ഇരുവരും ചര്‍ച്ച ചെയ്തു.

Malayalam News

Kerala News In English