ലണ്ടന്‍:ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ എവര്‍ടണിന്റെ മുമ്പില്‍ മാഞ്ചസ്റ്റര്‍ സിറ്റി മുട്ടുമടക്കി. ശനിയാഴ്ച നടന്ന മത്സരത്തില്‍ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കാണ് എവര്‍ടണ്‍ വിജയിച്ചത്.

Ads By Google

മുപ്പത്തിരണ്ടാം മിനുട്ടില്‍ ലിയോന്‍ ഉസ്മാന്‍ എവര്‍ടണിനു വേണ്ടി ആദ്യ ഗോളടിച്ചു. മത്സരത്തിന്റെ എവര്‍ടണ്ണിന്റെ  താരം സ്റ്റീവന്‍ പിയേനാര്‍(61) ചുവപ്പു കാര്‍ഡ് കണ്ട് പുറത്തുപോയെങ്കിലും  പിന്നീട് നടന്ന കനത്ത പോരാട്ടത്തില്‍ മാഞ്ചസ്റ്ററിന് പരാജയം സമ്മതിക്കേണ്ടി വന്നു.

ഇഞ്ചുറി ടൈമില്‍ നികികാ യെലാവിക്കിയുടെ ബൂട്ടില്‍ നിന്നും പറന്ന ഗോള്‍ മാഞ്ചസ്റ്ററുടെ വല കുലുക്കിയതോടെ തോല്‍വി പൂര്‍ണമാകുകയായിരുന്നു.

ഈ തോല്‍വിയോടെ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍  ഒന്നാം സ്ഥാനത്തുള്ള മാഞ്ചസ്റ്റര്‍ യുണൈറ്റഡുമായി 12 പോയിന്റ് പുറകിലാണ് സിറ്റി.

കിരീടം നിലനിര്‍ത്തണമെങ്കില്‍  വരാനിരിക്കുന്ന ഒമ്പതു മത്സരങ്ങളില്‍ ജീവന്‍മരണ പോരാട്ടം കാഴ്ചവെക്കേണ്ടി വരും മാഞ്ചസ്റ്റര്‍ സിറ്റിക്ക്.