കെവിന്‍ ഒബ്രയനെന്ന മഹാമേരു സമ്മാനിച്ച ഷോക്കില്‍ നിന്നും ഇംഗ്ലിഷ് ക്രിക്കറ്റ് ടീം ഇനിയും മുക്താരയിട്ടില്ല. ആദ്യ മല്‍സരത്തില്‍ ഹോണ്ടിന്റെ തൊലിയുരിച്ച് തുടങ്ങിയ ഇംഗ്ലണ്ട് രണ്ടാം മല്‍സരത്തില്‍ ഇന്ത്യക്കെതിരേ വിജയത്തിന്റെ മാധുര്യമുള്ള സമനില സ്വന്തമാക്കി.

ഇന്ത്യക്കെതിരായ സമനിലയോടെ ആത്മവിശ്വാസത്തിന്റെ പരകോടിയിലായിരുന്നു സ്ട്രൗസിന്റെ സംഘം. എന്നാല്‍ അയര്‍ലന്റ് എന്ന പുലിക്കുട്ടികള്‍ ഒരിക്കല്‍ക്കൂടി തങ്ങളുടെ മിടുക്കു കാണിച്ചു. അയര്‍ലന്റ് നല്‍കിയ ഷോക്ക് വരും മല്‍സരങ്ങളില്‍ പ്രതിഫലിക്കുമോ അതോ മികച്ച പ്രകടനത്തോടെ തിരിച്ചെത്തുമോ എന്നത് കാത്തിരുന്നു കാണേണ്ട കാര്യമാണ്.

എന്തായാലും ഇഗ്ലീഷ് മാധ്യമപ്പട ഇംഗ്ലണ്ടിനെ കുരിശിലേറ്റാന്‍ തന്നെ തീരുമാനിച്ച മട്ടാണ്. കളിക്കിറങ്ങും മുമ്പേ വിജയം ഉറപ്പിച്ച ഇംഗ്ലിഷ് താരങ്ങളെ പ്രതിക്കൂട്ടിലാക്കിയിരിക്കുകയാണ് മാധ്യമങ്ങള്‍.

ഇംഗ്ലീഷ് ക്രിക്കറ്റ് നാണംകെട്ടു എന്നാണ് മാധ്യമങ്ങള്‍ ഒന്നടങ്കം അഭിപ്രായപ്പെട്ടിരിക്കുന്നത്. ഒബ്രയന്‍ ഇംഗ്ലണ്ടിനെ നാണംകെടുത്തിയെന്ന് ‘ദി സണ്‍’ റിപ്പോര്‍ട്ടു ചെയ്യുന്നു. 111ന് 5 എന്ന നിലയിലേക്ക് അയര്‍ലന്റിനെ തള്ളിയിട്ടതോടെ ഇംഗ്ലണ്ട് കളിമറന്നു എന്നാണ് പത്രം പറയുന്നത്.

ഇംഗ്ലണ്ടിന്റെ തോല്‍വിയെക്കുറിച്ചും ഒബ്രയന്റെ വേഗമേറിയ സെഞ്ച്വറിയെക്കുറിച്ചും ‘ദ ടെലിഗ്രാഫ്’ മുഖപ്രസംഗം വരെ എഴുതിക്കളഞ്ഞു.

ഇംഗ്ലീഷ് ക്രിക്കറ്റ് ചരിത്രത്തിലെ മോശം തോല്‍വികളിലൊന്നായി പത്രം മല്‍സരത്തെ വിലയിരുത്തി.

മൈക്ക് ഒബ്രയന്റെ കളിമികവിനെക്കുറിച്ചും ഇംഗ്ലീഷ് കൗണ്ടി ക്രിക്കറ്റിലെ താരത്തിന്റെ പ്രകടനത്തെക്കുറിച്ചും പത്രം വാചാലമായി. ഒരു ക്ലബ്ബ് ക്രിക്കറ്റര്‍ എന്ന നിലയില്‍ നിന്നും ഏതുടീമിനെയും തോല്‍പ്പിക്കാന്‍ കരുത്തുള്ളവന്‍ എന്ന നിലയിലേക്ക് ഒബ്രയന്‍ വളര്‍ന്നു എന്ന് പത്രം വിലയിരുത്തി.

ആയര്‍ന്റിനെതിരായ തോല്‍വി വരും മല്‍സരങ്ങളെ ബാധിക്കുമെന്നാണ് ബി.ബി.സിയുടെ ക്രിക്കറ്റ് ലേഖകന്‍ ജൊനാഥന്‍ ആഗ്ന്യൂ അഭിപ്രായപ്പെട്ടത്. നിലവിലെ അവസ്ഥയില്‍ ടീം ക്വാര്‍ട്ടര്‍ ഫൈനലിനപ്പുറം പോവില്ലെന്ന് ആഗ്ന്യൂ ഉറപ്പിച്ചുകഴിഞ്ഞു.