ലണ്ടന്‍: ഇംഗ്ലണ്ട് ഫുട്‌ബോള്‍ നായകപദവിയില്‍ നിന്നും ജോണ്‍ ടെറിയെ നീക്കി. കളിക്കളത്തില്‍ വംശീയാധിക്ഷേപം നടത്തിയതിന്റെ പേരില്‍ നിയമനടപടി നേരിടുന്ന സാഹചര്യത്തിലാണ്  ടെറിയെ നായകസ്ഥാനത്തു നിന്നും മാറ്റിയത്.

ഇന്നലെയാണ് ഫുട്‌ബോള്‍ അസോസിയേഷന്‍ ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. എന്നാല്‍ ഈ വര്‍ഷം നടക്കുന്ന യൂറോപ്യന്‍ ചാമ്പ്യന്‍ ഷിപ്പിനുള്ള ടീമില്‍ ടെറിയെ ഉള്‍പ്പെടുത്തും.

Subscribe Us:

ചെല്‍സിയുടെ പ്രതിരോധ താരമായ ടെറി പാര്‍ക്ക് റേഞ്ചേഴ്‌സിനെതിരെ നടന്ന പ്രീമിയര്‍ ലീഗ് മത്സരത്തില്‍ ആന്റണ്‍ ഫെര്‍ഡിനാനെ വംശീയമായി അധിക്ഷേപിച്ചതാണ് ടെറിയെ കുടുക്കിയത്. കഴിഞ്ഞ ഒക്ടോബറിലാണ് വിവാദത്തിനിടയായ മത്സരം നടന്നത്.

അതിനിടെ ടെറിക്ക് പകരം ക്യാപ്റ്റനാവില്ലെന്ന് മാഞ്ചസ്റ്റര്‍ യുനൈറ്റഡ് താരം റയോ ഫെര്‍ഡിനാന്റ് വ്യക്തമാക്കി. രണ്ട് വര്‍ഷത്തിനിടെ രണ്ടാം തവണയാണ് ടെറിയ്ക്ക് നായകപദവി നഷ്ടമാകുന്നത്.

സഹതാരം വെയ്ന്‍ ബ്രിഡ്ജിന്റെ മുന്‍ കാമുകിയുമായുളള വഴിവിട്ട ബന്ധത്തിന്റെ പേരില്‍ ദക്ഷിണാഫ്രിക്കന്‍ ലോകകപ്പില്‍ ടീമിനെ നയിക്കാനുള്ള അവസരവും ടെറിയ്ക്ക് നഷ്ടമായിരുന്നു.

ടെറി കുറ്റാരോപണത്തിന്‍ നിന്നും മോചിതനായി വന്നാല്‍ മാത്രമേ വീണ്ടും നായക സ്ഥാനത്തേക്ക് പരിഗണിക്കുന്നതിനെ കുറിച്ച് ആലോചിക്കുള്ളൂ എന്ന് എഫ്.എ ചെയര്‍മാന്‍ ഡേവിഡ് ബെര്‍നെസ്റ്റീന്‍ പറഞ്ഞു.
Malayalam News

Kerala News In English