ലണ്ടന്‍: ഇംഗ്ലണ്ട് ദേശീയ ഫുട്‌ബോള്‍ ടീമിന്റെ പരിശീലക സ്ഥാനം കാപല്ലോ രാജിവെച്ചു. ജോണ്‍ ടെറിയെ ക്യാപ്റ്റന്‍ സ്ഥാനത്തു നിന്നും നീക്കിയതുമായി ബന്ധപ്പെട്ട് ഫുട്‌ബോള്‍ അസോസിയേഷനുമായുണ്ടായ അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്നാണ് രാജി. യൂറോ കപ്പ് അടുത്തിരിക്കെ കാപല്ലോ  രാജി വെച്ചത് ടീമിന് വിനയാകുമെന്നാണ് വിലയിരുത്തല്‍.

കഴിഞ്ഞ ദിവസം എഫ്.എ ചെയര്‍മാന്‍ ഡേവിഡ് ബെന്‍സ്റ്റീന്‍, ജനറല്‍ സെക്രട്ടറി അലക്‌സ് ഹോര്‍നെ എന്നിവരുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷമാണ് രാജി തീരുമാനം വെളിപ്പെടുത്തിയത്. കാപല്ലോയുടെ രാജി സ്വീകരിച്ചതായി എഫ്.എ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു’. കാപല്ലോയുടെ തീരുമാനങ്ങള്‍ ഞങ്ങള്‍ അംഗീകരിക്കുന്നു. ഇംഗ്ലണ്ട് ടീമിന് വേണ്ടി ഇത്രയും കാലം പ്രവര്‍ത്തിച്ചതില്‍ ഞങ്ങല്‍ നന്ദി രേഖപ്പെടുത്തുന്നു’. -ബെന്‍സ്റ്റീന്‍ പറഞ്ഞു.

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ചെല്‍സി താരമായ ടെറി മത്സരത്തിനിടെ ഫെര്‍ഡിനാന്റിനെ വംശീയമായി അധിക്ഷേപിച്ചിരുന്നു. സംഭവം വിവാദമാകുകയും ടെറിയ്‌ക്കെതിരെ ക്രമിനല്‍ കേസെടുക്കുകയും ചെയ്തിരുന്നു. ഇതോടെ ടെറിയെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും തമ്മില്‍ വിവാദം കൊഴുത്തു. ടെറിയെ ക്യാപ്റ്റന്‍ സ്ഥാനത്തു നിന്നും നീക്കിയ നടപടിയ്‌ക്കെതിരെ കാപല്ലോ രൂക്ഷ വിമര്‍ശനം നടത്തിയിരുന്നു. ഇതാണ് ഫുട്‌ബോള്‍ അസോസിയേഷനെ ചൊടിപ്പിച്ചതും കാപല്ലോയുടെ രാജി വേഗത്തിലാക്കിയതും.

ഇംഗ്ലണ്ട് ടീമിനെ പരിശീലിപ്പിക്കുന്ന ആദ്യത്തെ വിദേശിയാണ് കാപല്ലോ. സ്വിറ്റ്‌സര്‍ലന്റിനെതിരെയായിരുന്നു ഇദ്ദേഹത്തിന്റെ അരങ്ങേറ്റം. അതിനു ശേഷം 48 മത്സരങ്ങളില്‍ കാപല്ലോ പരിശീലക സ്ഥാനത്തുണ്ടായിരുന്നു. ഇതില്‍ 28 മത്സരങ്ങളിലും ഇംഗ്ലണ്ട് വിജയിച്ചു. പോളണ്ടിലും ഉക്രൈനിലുമായി ഈ വര്‍ഷം നടന്ന യൂറോ കപ്പ് യോഗ്യതാ മത്സരങ്ങില്‍ ഇംഗ്ലണ്ട് ടീം തോല്‍വിയറിഞ്ഞിരുന്നില്ല.
Malayalam News

Kerala News In English