മാഞ്ചസ്റ്റര്‍: ടെസ്റ്റ് ക്രിക്കറ്റിനു പിന്നാലെ ട്വന്റി 20 ക്രിക്കറ്റ് പരമ്പരയിലും ഇന്ത്യക്ക് തോല്‍വി. ടെസ്റ്റ് പരമ്പരയില്‍ ബാറ്റ്‌സ്മാന്‍മാര്‍ നേരിട്ട പരാജയം ഒരേയൊരു മത്സരം മാത്രമുള്ള ട്വന്റി 20യിലും ആവര്‍ത്തിച്ചു. ആദ്യം ബാറ്റുചെയ്ത ഇന്ത്യ 19.4 ഓവറില്‍ 165 റണ്‍സെടുത്തപ്പോള്‍ മൂന്ന് പന്ത് ശേഷിക്കെ തന്നെ ഇംഗ്ലണ്ട് ലക്ഷ്യം കണ്ടു.

അവസാന ഏഴ് റണ്‍സ് എടുക്കുന്നതിനിടെ അഞ്ച് വിക്കറ്റ് നഷ്ടമായതാണ് ഇന്ത്യന്‍ ടീമിന് വിനയായത്. സ്‌കോര്‍: ഇന്ത്യ 19.4 ഓവറില്‍ 165; ഇംഗ്ലണ്ട് 19.3 ഓവറില്‍ 4ന് 169.

രഹാനെയും ദ്രാവിഡും ചേര്‍ന്ന് രണ്ടാം വിക്കറ്റില്‍ 65 റണ്‍സിന്റെ കൂട്ടുകെട്ടുയര്‍ത്തിയപ്പോള്‍ ഇന്ത്യ നല്ലൊരു സ്‌കോര്‍ പ്രതീക്ഷിച്ചു. എന്നാല്‍ നാലു റണ്‍സിനിടെ ദ്രാവിഡ്, രഹാനെ, കോലി(4) എന്നിവരുടെ വിക്കറ്റുകള്‍ കൈവിട്ട് തകര്‍ച്ചയെ അഭിമുഖീകരിക്കുന്നതാണ് പിന്നീടു കണ്ടത്. റെയ്‌നയും ധോണിയും(8) ചേര്‍ന്ന് ആറാം വിക്കറ്റില്‍ 41 റണ്‍സ് ചേര്‍ത്ത് ടീമിനെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു.

ഇന്ത്യ 158 റണ്‍സിലെത്തി നില്‍ക്കുമ്പോഴാണ് ധോണി പുറത്തായത്. ഇതോടെ ടീമിന്റെ തകര്‍ച്ച തുടങ്ങുകയായിരുന്നു. 2.2 ഓവറും നാല് വിക്കറ്റും കൈവശമുണ്ടായിരുന്നിട്ടും ഇന്ത്യക്ക് ഏഴ് റണ്‍സെടുത്ത് കീഴടങ്ങേണ്ടി വന്നു.

നാലു വിക്കറ്റ് വീഴ്ത്തി ഡേണ്‍ബാക്കാണ് ഇന്ത്യന്‍ ടീമിന്റെ കാലനായത്.

ഇംഗ്ലണ്ട് ബാറ്റിങ്ങില്‍ ഇയന്‍ മോര്‍ഗനും(49), പീറ്റേഴ്‌സണും(33) ബൊപാരയും(31 നോട്ടൗട്ട്) സമിത് പട്ടേലും(25 നോട്ടൗട്ട്) തിളങ്ങി.