Administrator
Administrator
എന്‍ജിനീയറിങ് വിദ്യാര്‍ഥിയുടെ മരണം വീട്ടിലറിഞ്ഞത് മൂന്ന് വര്‍ഷത്തിനു ശേഷം
Administrator
Wednesday 6th July 2011 11:08am

ice cream investigation തിരുവല്ല: ദുരൂഹ സാഹചര്യത്തില്‍ എന്‍ജിനീയറിംഗ് വിദ്യാര്‍ഥി മരിച്ചത് പോലീസ് വീട്ടിലറിയിച്ചത് മൂന്നര വര്‍ഷത്തിന് ശേഷം. തിരുവല്ല ഓതറ സ്വദേശി വിനീത്കുമാറിന്റെ മരണമാണ് പോലീസ് അനാസ്ഥ കാരണം വീട്ടുകാര്‍ അറിയാതെ പോയത്.

തിരുവല്ലയില്‍ നിന്ന് 2008 നവംബര്‍ 10നാണ് വിനീതിനെ കാണാതായത്. 13ന് മകനെ കാണാനില്ലെന്ന് കാണിച്ച് ഓതറ പുത്തന്‍ ഉഴത്തില്‍ ദിവാകരന്‍ ഫോട്ടോ അടക്കം പോലീസിന് പരാതി നല്‍കിയിരുന്നു.

2008 നവംബര്‍ 18 ന് മാനന്തവാടിയിലെ ഒരു ലോഡ്ജില്‍ വിനീത് ആത്മഹത്യ ചെയ്തുവെന്നാണ് പോലീസ് ഇപ്പോള്‍ പറയുന്നത്. ഇന്നലെയാണ് പോലീസ് വീട്ടുകാരെ ഈ വിവരം അറിയിച്ചത്. അജ്ഞാത മൃതദേഹം എന്ന നിലയില്‍ അന്ന് തന്നെ സംസ്‌കരിച്ചു. മൃതദേഹത്തിനടുത്ത് ആത്മഹത്യക്കുറിപ്പ് കണ്ടെടുത്തിരുന്നെന്നും പോലീസ് പറയുന്നു.

മകനെ കാണാതായെന്ന് പരാതിപ്പെട്ട വീട്ടുകാരില്‍ നിന്ന് പ്രാഥമിക വിവരങ്ങള്‍ ശേഖരിക്കുകയല്ലാതെ പോലീസ് കാര്യമായ അന്വേഷണം നടത്തിയില്ലെന്ന് പരാതിയുണ്ട്. വിനീതിന്റെ ഫോട്ടോയും പോലീസിന് വീട്ടുകാര്‍ നല്‍കിയിരുന്നു. അന്വേഷണത്തില്‍ പുരോഗതിയുണ്ടാകാഞ്ഞതിനെ തുടര്‍ന്ന് 2009 ല്‍ വിനീതിന്റെ പിതാവ് മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചു.

കാണാതായ ദിവസം മുതല്‍ വിനീതിന്റെ മൊബൈലില്‍ നിന്നും പോയ ഫോണ്‍ കോളുകള്‍ കമ്മീഷന്റെ ഇടപെടലിനെ തുടര്‍ന്ന് പോലീസ് പരിശോധിച്ചു. എറണാകുളം, കോഴിക്കോട്, ബത്തേരി, കര്‍ണാടക, മാനന്തവാടി എന്നിവിടങ്ങളില്‍ നിന്നും കോളുകള്‍ പോയിട്ടുണ്ടെന്ന് ടവറുകള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തില്‍ കണ്ടെത്തി. പതിനെട്ടാം തീയതി രാവിലെ ഒന്‍പത് മണിവരെ മാനന്തവാടിയില്‍ ഈ ഫോണുമായി വിനീത് ഉണ്ടായിരുന്നുവെന്നും വ്യക്തമായി. എന്നിട്ടും തുടരന്വേഷണം നടത്താന്‍ പോലീസ് തയാറായില്ല.

പരാതിയുമായി പിതാവ് മുഖ്യമന്ത്രി മുതല്‍ തിരുവല്ല എസ്.ഐ വരെയുള്ളവരെ സമീപിച്ചിരുന്നു. എന്നിട്ടും പോലീസിന്റെ ഭാഗത്തുനിന്ന് കാര്യമായ ഇടപെടല്‍ ഉണ്ടായില്ല. വിനീതിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും മൊബൈലിലേക്ക് വന്ന കോളുകള്‍ പരിശോധിക്കണമെന്നും പിതാവ് ആവശ്യപ്പെടുന്നു.

വിനീതിന്റെ തിരോധാനത്തെക്കുറിച്ച് പ്രത്യേക പരിപാടി തയാറാക്കാനായി മനോരമന്യൂസ് സംഘം സമീപിച്ചപ്പോഴാണ് പോലീസ് ഇക്കാര്യം വീണ്ടും അന്വേഷിക്കാന്‍ തയാറായത്. തുടര്‍ന്നാണ് മരണവിവരം വീട്ടില്‍ അറിയിക്കുന്നത്.

Advertisement