എഡിറ്റര്‍
എഡിറ്റര്‍
എന്‍ഡോസള്‍ഫാന്‍ സമരം ഒത്തുതീര്‍പ്പായി
എഡിറ്റര്‍
Tuesday 28th January 2014 4:58pm

endosulfan2

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിന് മുന്നില്‍ എന്‍ഡോസള്‍ഫാന്‍ ഇരകള്‍ നടത്തുന്ന അനിശ്ചിതകാല സമരം ഒത്തുതീര്‍പ്പായി.

സര്‍ക്കാരുമായി നടത്തിയ ചര്‍ച്ചയില്‍ ധാരണയായതിനെ തുടര്‍ന്നാണ് സമരം ഒത്തുതീര്‍പ്പായത്.

മാര്‍ച്ച് 31 നകം എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് കൊടുക്കാനുള്ള നഷ്ടപരിഹാരത്തുകയുടെ ആദ്യഗഡു കൊടുത്തു തീര്‍ക്കാന്‍ ചര്‍ച്ചയില്‍ തീരുമാനമായിട്ടുണ്ട്.

കൂടുതല്‍ പഞ്ചായത്തുകളെ ധനസഹായ പരിധിയില്‍ ഉള്‍പ്പെടുത്താനും തീരുമാനമായിട്ടുണ്ട്.

ഞായറാഴ്ചയാണ് ക്ലിഫ് ഹൗസിനു മുന്നില്‍ എന്‍ഡോസള്‍ഫാന്‍ ഇരകളുടെ അമ്മമാരെ സംഘടിപ്പിച്ച് എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണി അനിശ്ചിതകാല കഞ്ഞിവെപ്പ് സമരം ആരംഭിച്ചത്.

പൂര്‍ണമായി കിടപ്പിലായ അഞ്ചുപേരടക്കം സ്ത്രീകളും കുട്ടികളുമടങ്ങുന്ന അമ്പതുപേരാണ് സമരം നടത്തിയിരുന്നത്.

ജസ്റ്റിസ് രാമചന്ദ്രന്‍നായര്‍ കമ്മിറ്റി റിപ്പോര്‍ട്ട് തള്ളുക, കടങ്ങള്‍ എഴുതിത്തള്ളുക, ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ശുപാര്‍ശകള്‍ പഞ്ചായത്തുകളില്‍ മാത്രം പരിമിതപ്പെടുത്താതിരിക്കുക എന്നിവയായിരുന്നു ഇവര്‍ ഉന്നയിച്ചിരുന്ന പ്രധാന ആവശ്യങ്ങള്‍.

ബജറ്റില്‍ പോലും എന്‍ഡോസള്‍ഫാന്‍ ബാധിതരെ പരിഗണിക്കാതിരുന്ന സാഹചര്യത്തിലാണ് പ്രതിഷേധ സമരവുമായി രംഗത്തു വന്നിരിക്കുന്നതെന്ന് സമരക്കാര്‍ അറിയിച്ചിരുന്നു.

കാസര്‍കോടു നിന്നും അമ്പതോളം കുടുംബങ്ങളാണ് സമരത്തില്‍ പങ്കെടുക്കാനായി തിരുവനന്തപുരത്തെത്തിയിരിക്കുന്നത്.

നേരത്തെ, 2013 ഫെബ്രുവരി 18 മുതല്‍ നടത്തിയ അനിശ്ചിതകാല സമരത്തെ തുടര്‍ന്ന് നല്‍കിയ ഉറപ്പുകള്‍ പാലിക്കാത്തതിനെ തുടര്‍ന്നാണ് വീണ്ടും സമരവുമായി ഇരകള്‍ എത്തിയിരിക്കുന്നത്.

Advertisement