ന്യൂദല്‍ഹി: എന്‍ഡോസള്‍ഫാന്‍ നിരോധനവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയാണ് അന്തിമതീരുമാനമെടുക്കേണ്ടതെന്ന് കേന്ദ്രകൃഷി സഹമന്ത്രി കെ വി തോമസ്. വിഷയം പ്രധാനമന്ത്രിയുടെ മേല്‍നോട്ടത്തില്‍ പഠിക്കുമെന്നും തോമസ് വ്യക്തമാക്കി.

എന്‍ഡോസള്‍ഫാന്‍ രാജ്യവ്യാപകമായി നിരോധിക്കണമോ എന്ന വിഷയത്തില്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗാണ് തീരുമാനമെടുക്കേണ്ടത്. എന്‍ഡോസള്‍ഫാനെക്കുറിച്ച് പഠിക്കാന്‍ നിയോഗിച്ച സംഘത്തിന്റെ തലവനെ നിശ്ചയിക്കുന്നതും പ്രധാനമന്ത്രിയാണ്. വിഷയം പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘം നിരീക്ഷിക്കുമെന്നും കെ വി തോമസ് വ്യക്തമാക്കി.

അതിനിടെ വ്യക്തിപരമായി താന്‍ ജൈവകൃഷിക്ക് അനുകൂലമാണെന്ന് തോമസ് ആവര്‍ത്തിച്ചു വ്യക്തമാക്കി. കീടനാശിനിയെക്കുറിച്ച് പഠിക്കാന്‍ കേന്ദ്രം നിശ്ചയിച്ച സംഘത്തിന്റെ തലവനായി സി ഡി മായിയെ നിയമിച്ചിരുന്നു. എന്നാല്‍ ഈ നീക്കത്തിനെതിരേ വിവിധകോണുകളില്‍ നിന്നും പ്രതിഷേധമുയര്‍ന്നിട്ടുണ്ട്.

എന്‍ഡോസള്‍ഫാന്‍ ദുരന്തഫലങ്ങളെക്കുറിച്ച് ഇനി പഠനം വേണ്ടന്നും പകരം നിരോധനമാണ് വേണ്ടതെന്നും മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്‍ഡോസള്‍ഫാന്‍ നിരോധനത്തിന് പകരം പുതിയ പഠന സംഘത്തെ അയക്കുന്നത് അപലനീയമാണെന്നും അദ്ദേഹം പറഞ്ഞു.

ലോകത്തിലെ മിക്ക രാജ്യങ്ങളും നിരോധിച്ചിട്ടും ഇന്ത്യ എന്‍ഡോസള്‍ഫാനിന്റെ വാക്താക്കളായി മാറിയെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. എന്‍ഡോസള്‍ഫാനിന്റെ ആശ്രിതരും ഒത്താശക്കാരുമാണ് രാജ്യം ഭരിക്കുന്നത്. എന്‍ഡോസള്‍ഫാന് ഗുഡ് സര്‍ട്ടിഫിക്കറ്റ് നല്‍കിയ ഉദ്യോഗസ്ഥനെയാണ് പഠന സംഘത്തിന്റെ മേധവിയാക്കിയതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.