ന്യൂദല്‍ഹി: എന്‍ഡോസള്‍ഫാന്‍ കീടനാശിനിയെക്കുറിച്ച് ശാസ്ത്രീയമായി പഠിക്കാനായി ഉന്നതതല വിദഗ്ധസംഘത്തെ നിയോഗിക്കുമെന്ന് കേന്ദ്രം വ്യക്തമാക്കി. കേരളത്തില്‍ നിന്നുള്ള ഒരംഗം ഉള്‍പ്പടെ അഞ്ചംഗങ്ങളുള്ള സമിതിയായിരിക്കും രൂപീകരിക്കുകയെന്ന് കേന്ദ്രവനം-പരിസ്ഥിതി മന്ത്രി ജയ്‌റാം രമേശ് സംസ്ഥാന വനംമന്ത്രി ബിനോയ് വിശ്വത്തിന് ഉറപ്പു നല്‍കി. നാലുമാസത്തിനകം സമിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കും.

എന്‍ഡോസള്‍ഫാനെക്കുറിച്ച് പഠിക്കാനായി കേന്ദ്രസംഘത്തെ നിയോഗിക്കണമെന്ന് കേരളം നേരത്തേ ആവശ്യപ്പെട്ടിരുന്നു. എന്‍ഡോസള്‍ഫാനെക്കുറിച്ച് പഠിക്കാന്‍ കേന്ദ്രം നേരത്തേ രണ്ടുസമിതിയെ നിയോഗിച്ചിരുന്നു. സ്‌റ്റോക്ക്‌ഹോമില്‍ നടന്ന ‘പെര്‍സിസ്റ്റന്റ് ഓര്‍ഗാനിക് പൊല്യൂറ്റന്റ് കോണ്‍ഫറന്‍’ സില്‍ എന്‍ഡോസള്‍ഫാന് അനുകൂലമായുള്ള ഇന്ത്യയുടെ നിലപാട് വിവാദമായിരുന്നു.

അതിനിടെ എന്‍ഡോസള്‍ഫാന്‍ ഹാനികരമാണെന്ന് പ്രശസ്ത കാര്‍ഷിക ശാസ്ത്രജ്ഞന്‍ ഡോ. എം എസ് സ്വാമിനാഥന്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇതേക്കുറിച്ച് കേന്ദ്രം തന്റെ അഭിപ്രായം ആരാഞ്ഞിട്ടില്ലെന്നും ആവശ്യമെങ്കില്‍ അഭിപ്രായം വ്യക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു.