തിരുവനന്തപുരം: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് സമഗ്ര പാക്കേജ് നടപ്പാക്കുമെന്ന് മുഖ്യമന്ത്രി വി.എസ് അച്യൂതാനന്ദന്‍. കടങ്ങള്‍ക്ക് മൊറട്ടോറിയം ഏര്‍പ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

രോഗബാധിതരായി ജോലി ചെയ്യാന്‍ കഴിയാത്തവര്‍ക്ക് പെന്‍ഷന്‍ ഏര്‍പ്പെടുത്തും. നിലവില്‍ ചികിത്സാ സഹായം ലഭിക്കുന്നവരുടെ സഹായ ധനം ഗണ്യമായി വര്‍ദ്ധിപ്പിക്കും. അടുത്ത മന്ത്രിസഭായോഗത്തില്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്‍ഡോസള്‍ഫാന്‍ വിഷയത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ചേര്‍ന്ന യാഗത്തിനു ശേഷം തീരുമാനം വിശദീകരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ഈ പ്രശ്‌നത്തെക്കുറിച്ച് അന്വേഷിക്കുന്നതിനായി സെക്രട്ടറിയേറ്റില്‍ മോണിറ്ററി സെല്‍ രൂപീകരിക്കും. ദുരിത ബാധിതര്‍ക്ക് വിദഗ്ദ ചികിത്സ ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും. വിദഗ്ദ ഡോക്ടര്‍മാരെ ഇതിനായി നിയമിക്കും. ഹെല്‍ത്തു സെന്ററുകളില്‍ ഇതിനായി കൂടുതല്‍ സൗകര്യം ഏര്‍പ്പെടുത്തും.

കൂടാതെ പ്രശ്‌നം പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പെടുത്താന്‍ സര്‍വ്വകക്ഷി സംഘത്തെ ദല്‍ഹിയിലേക്കയക്കും. ദുരിത ബാധിത പ്രദേശമായ 11 ഗ്രാമങ്ങളിലെ ജനങ്ങള്‍ക്ക് വീടില്ലാത്തവര്‍ക്ക് വീട്, ഭൂമി എന്നിവ നല്‍കും. കൂടാതെ കര്‍ണാടകയില്‍ നിന്നും തമിഴ്‌നാട്ടില്‍ നിന്നും എന്‍ഡോസള്‍ഫാന്‍ കേരളത്തിലെത്തുന്നത് തടയാനും തീരുമാനമായി.

യോഗത്തില്‍ ജനപ്രതിനിധികളും പരിസ്ഥിതി ഉദ്യോഗസ്ഥരും പങ്കെടുത്തു. മുഖ്യമന്ത്രിക്കു പുറമേ ആരോഗ്യമന്ത്രി പി.കെ ശ്രീമതി, കൃഷിമന്ത്രി മുല്ലക്കര രത്‌നാകരന്‍ തുടങ്ങിയവരുമുണ്ടായിരുന്നു.