Categories

വി.എം സുധീരന്റെ കത്തിന്റെ പൂര്‍ണ്ണരൂപം

രാജ്യത്ത് എന്‍ഡോസള്‍ഫാന്‍ നിരോധിക്കണമെന്ന് ശക്തമായ ആവശ്യമുയരുമ്പോള്‍ ദല്‍ഹിയില്‍ വിഷക്കമ്പനിയുടെ സ്‌പോണ്‍സര്‍ഷിപ്പോടെ സെമിനാറുകളും ചര്‍ച്ചകളും അരങ്ങേറുകയാണ്. എന്‍ഡോസള്‍ഫാന്‍ നിരോധിക്കണമെന്ന് കേരളത്തില്‍ കോണ്‍ഗ്രസുകാര്‍ പോലും ശക്തമായി ആവശ്യപ്പെടുമ്പോള്‍ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ ആര്‍ക്കൊപ്പം നില്‍ക്കുന്നുവെന്ന വ്യക്തമായ സന്ദേശമായിരുന്നു കഴിഞ്ഞ ദിവസം കൃഷി മന്ത്രാലയം ദല്‍ഹിയില്‍ സംഘടിപ്പിച്ച സെമിനാര്‍. പരിപാടി സ്‌പോണ്‍സര്‍ ചെയ്തത് എന്‍ഡോസള്‍ഫാന്‍ കമ്പനിയാണ്. ഉദ്ഘാടനം ചെയ്തത് പ്രസിഡന്റ് പ്രതിഭാ പാട്ടീലും പ്രബന്ധമവതരിപ്പിച്ചത് വിഷക്കമ്പനിയുടെ വൈസ് ചെയര്‍മാനും.

തങ്ങള്‍ എന്‍ഡോസള്‍ഫാനൊപ്പമാണെന്ന് കേന്ദ്ര സര്‍ക്കാര്‍ ഉറച്ച് വ്യക്തമാക്കുമ്പോഴും കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം കേന്ദ്രത്തിലേക്ക് കത്തയക്കുന്ന തിരക്കിലാണ്. കേന്ദ്ര സര്‍ക്കാര്‍ നിലപാടില്‍ മനം നൊന്ത് കേരളത്തിലെ കോണ്‍ഗ്രസ് നേതാവ് വി. എം സുധീരന്‍ ശരത്പവാറിനയച്ച കത്ത്.

വി.എം സുധീരന്‍
മുന്‍ പാര്‍ലമെന്റ് മെമ്പര്‍

06/12/2010

ശ്രീ ശരദ് പവാര്‍
കൃഷിമന്ത്രി
ഗവണ്‍മെന്റ് ഓഫ് ഇന്ത്യ, ന്യൂദല്‍ഹി

ബഹുമാനപ്പെട്ട ശരദ്പവാര്‍ സര്‍,

വളരെയധികം ഞെട്ടലോടെയാണ് ഞാനീ കത്തെഴുതുന്നത്. രാജ്യം മാരക കീടനാശിനിയായ എന്‍ഡോസള്‍ഫാന്‍ നിരോധിക്കാന്‍ ആവശ്യപ്പെടുമ്പോള്‍, ആഗോള തലത്തില്‍തന്നെ ഈ രാസവസ്തുവിനെതിരെ പ്രതിഷേധമുയരുമ്പോള്‍, കൃഷിമന്ത്രാലയം സംഘടിപ്പിച്ച സെമിനാര്‍ ഇത്തരം കീടനാശിനികളുടെ ഉല്പാദകര്‍ സ്‌ഫോണ്‍സര്‍ ചെയ്ത എന്ന വാര്‍ത്തകേട്ടപ്പോള്‍ എനിക്ക് കടുത്ത നിരാശയാണ് തോന്നിയത്. എന്‍ഡോസള്‍ഫാനെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള വേദിയായി ഈ സെമിനാര്‍ മാറിയെന്നും എനിക്ക് മനസ്സിലായി.

കാസര്‍കോട് ജില്ലയില്‍ കുറഞ്ഞത് 1000പേരെങ്കിലും ഈ മാരക കീടനാശിനി പ്രയോഗം കൊണ്ട് മരിച്ചിട്ടും, 8000ത്തിലധികം ആളുകള്‍ ഇതിന്റെ ദുരിത ഫലമനുഭിവിച്ചിട്ടും കീടനാശിനി വ്യവസായം മന്ത്രിസഭയുടെ ഗുഡ്ബുക്കില്‍ തന്നെയാണുള്ളതെന്നാണ് ഇതിലെ ഏറ്റവും വലിയ വിരോധാഭാസം.

എന്‍ഡോസള്‍ഫാന്‍ കമ്പനിയുടെ വൈസ് പ്രസിഡന്റായ ഡോ.ദുരിയെ ‘കീടനാശിനി സത്യവും മിഥ്യയും പരിഹാരങ്ങളും’ എന്ന കാര്യത്തില്‍ ചര്‍ച്ച നടത്താന്‍ ചുമതലപ്പെടുത്തിയതിനെ എങ്ങനെ ന്യായീകരിക്കാനാകും. എന്‍ഡോസള്‍ഫാന്‍ ദോഷമില്ലാത്ത കീടനാശിനിയാണെന്ന് വരുത്തിതീര്‍ക്കുക മാത്രമല്ല ഡോ. ദുരി ചെയ്തത്. മറിച്ച് എന്‍ഡോസള്‍ഫാന്‍ നിരോധിക്കണമെന്നാവശ്യപ്പെട്ട് സമരം നടത്തുന്ന കേരളത്തിലെ സാമൂഹ്യ പ്രവര്‍ത്തകരെയും രാഷ്ട്രീയ നേതാക്കന്‍മാരെയും കളിയാക്കുക കൂടിയാണ് ദുരി ചെയ്തതെന്നാണ് ഞാന്‍ മാധ്യമങ്ങളിലൂടെ അറിഞ്ഞത്.

മനുഷ്യന്റെയും പരിസ്ഥിതിയുടേയും സുരക്ഷയ്ക്കുവേണ്ടി ഈ കീടനാശിനി നിരോധിക്കാനായി ഞങ്ങള്‍ സമരം ചെയ്തുകൊണ്ടിരിക്കുകയാണ്. ഈ വേദനയ്ക്കും ദുരിതത്തിനും അപമാനങ്ങള്‍ക്കും ഇടയില്‍ വെറുതെ നോക്കിനില്‍ക്കാനുള്ള ക്ഷമ കേരളത്തിലെ ജനങ്ങള്‍ക്കില്ലെന്ന് ഈ സാഹചര്യത്തില്‍ ഞാന്‍ ചൂണ്ടിക്കാട്ടുകയാണ്.

ഈ സമ്മേളനം ഉദ്ഘാടനം ചെയ്തത് ബഹുമാനപ്പെട്ട രാഷ്ട്രപതി പ്രതിഭാ പട്ടീലാണെന്നതും ഞെട്ടിക്കുന്ന കാര്യമാണ്. എന്‍ഡോസള്‍ഫാന്‍ ഉല്പാദകരുടെ വിലകുറഞ്ഞ അജണ്ഡ നടപ്പിലാക്കിയ ഈ സെമിനാര്‍ ഉദ്ഘാടനം ചെയ്യാന്‍ ബഹുമാനപ്പെട്ട പ്രസിഡന്റ് പോയി എന്നുള്ളത് വേദനാജനകമാണ്.

കുറേ നേരത്തെ തന്നെ നിരോധിക്കേണ്ട കീടനാശിനിയായിരുന്നു എന്‍ഡോസള്‍ഫാനെന്ന് തെളിഞ്ഞുകൊണ്ടിരിക്കുകയാണ്. കാസര്‍കോട്ടെ ദുരിത ബാധിതരുടെ വേദനകളും ദുരിതങ്ങളും ഇതിന് പ്രത്യക്ഷമായ തെളിവുകളാണ്. നാഷണല്‍ ഇന്‍സ്റ്റിസ്റ്റൂട്ട് ഓഫ് ഒക്കുപ്പേഷണല്‍ ഹെല്‍ത്ത് സ്റ്റഡീസിന്റെയും ഡോ ശ്രീനിവാസന്‍ കമ്മിറ്റിയുടേയും പഠന റിപ്പോര്‍ട്ടുകളും ,പതിനഞ്ച് സ്വതന്ത്ര ഗ്രൂപ്പുകള്‍ നടത്തിയ പഠനവും, എന്‍ഡോസള്‍ഫാന്‍ നിരോധിക്കണമെന്ന് സ്‌റ്റോക് ഹോം കണ്‍വന്‍ഷനിലെ റിസ്‌ക് എവല്യൂഷന്‍ റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ട 73 രാജ്യങ്ങളും ഇതിന്റെ വലിയ തെളിവുകളാണ്. അതുകൊണ്ടുതന്നെ ഇനിയൊരു പഠനത്തിന്റെ ആവശ്യം ഇവിടെയുദിക്കുന്നില്ല.

കീടനാശിനി വ്യവസായ സ്ഥാപനവുമായുള്ള മന്ത്രിസഭയുടെ നല്ല ബന്ധം വിമര്‍ശിക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ നടന്ന ഈ സെമിനാര്‍ സത്യം വെളിവാക്കിയിരിക്കുകയാണ്. ഇത് ശരിക്കും അപഹാസ്യമായിപ്പോയി. എന്‍ഡോസള്‍ഫാന്‍ വ്യവസായത്തിന്റെ ബ്രാന്റ് അംബാസിഡറായാണ് ഗവണ്‍മെന്റ് പ്രവര്‍ത്തിക്കുന്നത്? എന്തുകൊണ്ടാണ് കീടനാശിനി വ്യവസായ സ്ഥാപനത്തിന്റെ സ്‌പോണ്‍സര്‍ഷിപ്പില്‍ ‘കാര്‍ഷിക വികസനത്തിലൂടെ ഗ്രാമീണവികസനം’ എന്ന കാര്യത്തില്‍ ചര്‍ച്ച സംഘടിപ്പിക്കാതിരുന്നത്. അല്ലെങ്കില്‍ ഇത്തരം കമ്പനികളുടെ പങ്ക് പറ്റാതെ ഗവണ്‍മെന്റിന് ഈ സെമിനാര്‍ നടത്താന്‍ പറ്റില്ലേ?

അവസാനമായി, എന്‍ഡോസള്‍ഫാന്‍ പ്രശ്‌നങ്ങളെ കുറിച്ച് പഠിക്കാന്‍ പുതുയൊരു സമിതിയെ കൂടി കൊണ്ടുവരുന്നത് അംഗീകരിക്കാനാവാത്തതാണ്. ഒട്ടും വൈകാതെ ഇത് നിരോധിക്കുകയാണ് വേണ്ടത്. അഗോളതലത്തില്‍ എന്‍ഡോസള്‍ഫാന്‍ നിരോധിക്കാനുള്ള സ്‌റ്റോക്ക് ഹോം കണ്‍വെന്‍ഷന്‍ തീരുമാനത്തെ ഇന്ത്യയും അംഗീകരിക്കേണ്ടതുണ്ട്. ഇത് നിരോധിക്കാന്‍ ഇനിയും വൈകിയാല്‍ കേരളത്തിലെ ജനത ഇത് സഹിച്ചെന്നുവരില്ല.

അതുകൊണ്ട്, എന്‍ഡോസള്‍ഫാന്റെ കാര്യത്തില്‍ ജനവിരുദ്ധമായ നടപടികള്‍ ഗവണ്‍മെന്റ് ഒഴിവാക്കണമെന്നും ജനത്തിന് അനുകൂലമായ നടപടി സ്വീകരിക്കണമെന്നാണ് ഈ അവസരത്തില്‍ എനിക്ക് അപേക്ഷിക്കാനുള്ളത്.

നന്ദി

വിനയത്തോടെ

വി.എം സുധീരന്‍

4 Responses to “വി.എം സുധീരന്റെ കത്തിന്റെ പൂര്‍ണ്ണരൂപം”

  1. Lal Atholi

    വംശനാശ ഭീഷണി നേരിടുന്ന ഒരു യഥാര്‍ത്ഥ കോണ്‍ഗ്രസ്‌കാരന്‍… ലാല്‍ സലാം ഡിയര്‍ ലീഡര്‍…

  2. Sijo

    സുധീരന്‍ എന്തായാലും കേരളത്തില്ലെ വൃത്തികെട്ട കമ്മ്യൂണിസ്റ്റ്‌കാര്‍ക്ക് ഒരു മാതൃക കാട്ടി കൊടുക്കുന്നു. പിണറായി പോലുള്ള ഗുണ്ടകള്‍ നല്ല കോണ്‍ഗ്രെസ് കാരായ നേതാക്കളെ കണ്ടു പഠിക്കട്ടെ.

  3. sajidh

    സുധീരന്റെ നല്ല മനസ്സിന് ഒരായിരം അഭിവാദ്യങ്ങള്‍…….തിരഞ്ഞെടുപ്പ് അടുതപ്പോഴെങ്കിലും അങ്ങയുടെ വാ പൊളിച്ചതില്‍ വളരെ സന്തോഷം….ഏതായാലും അടുത്ത ഭരണത്തില്‍ മുഖ്യ മന്ത്രി സ്ഥാനം കിട്ടുമെന്ന് തോന്നുന്നില്ല വേറെ താങ്കള്‍ക്ക് നല്ലത് കൃഷി കാര്യമാകും അതാവുമ്പോള്‍ എന്‍ഡോസള്‍ഫാന്‍ പിടിപ്പെട്ടു കിടക്കുന്ന പാവങ്ങള്‍ക്ക് നഷ്ട്ട പരിഹാരം കൊടുക്കാനും കഴിയും……എല്ലാവരും ഈ മാന്യ നേതാവിനെ വിജയിപ്പിക്കണം……………….വന്‍ ഭൂരിപക്ഷതോട് കൂടി………

  4. Sijo

    കമ്മ്യൂണിസ്റ്റ്‌ കാര് ഒരുത്തന്റെയും വാ പൊളിഞ്ഞു കാണുന്നില്ലല്ലോ.. എന്ത് പറ്റി. പ്രതിപക്ഷത് ഇരുന്നപ്പോള്‍ അച്ചുമാമന്റെ ഒരു തീഷ്ണത മുഖ്യ മന്ത്രി ആയ്യി കഴിഞ്ഞു കണ്ടില്ലല്ലോ. കിളിരൂര്‍ ശാരിയെ പീഡിപ്പിച്ചു കൊന്ന കമ്മ്യൂണിസ്റ്റ്‌ നേതാക്കന്മാര്‍ക്ക് അഭിവാദനം അര്‍പ്പിച്ചു നമ്മുടെ മുഖ്യന്‍ ഇന്നും കേരളം ഭരിക്കുന്നു. ഇന്നത്തെ കേരളത്തെ മുന്നില്‍ കണ്ടാന്ന് വിവെകന്നന്തന്‍ കേരളത്തെ ഭ്രാന്താലയം എന്ന് വിളിച്ചതെന്ന് മറക്കണ്ട.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.