endosulfan

ഹരീഷ് വാസുദേവന്‍

എന്‍ഡോസള്‍ഫാന്‍ നിരോധനത്തിന് ഇന്ത്യക്ക് ലഭിച്ച ഇളവ് ദുരുപയോഗം ചെയ്ത് പുതുതായി രണ്ട് വിളകളില്‍ക്കൂടി കീടനാശിനി ഉപയോഗത്തിന് അനുമതി നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. മാവ്, നിലക്കടല എന്നീ വിളകളിലാണ് എന്‍ഡോസള്‍ഫാന്‍ പ്രയോഗിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

കഴിഞ്ഞ ദിവസം ജനീവയിലെ സ്‌റ്റോക്ക്‌ഹോമില്‍ എന്‍ഡോസള്‍ഫാന്‍ നിരോധിച്ചുകൊണ്ട് തീരുമാനമുണ്ടായെങ്കിലും ഇന്ത്യ ചില ഇളവുകള്‍ ആവശ്യപ്പെട്ടിരുന്നു. 22 വിളകളില്‍ 44 കീടങ്ങള്‍ക്കെതിരെ എന്‍ഡോസള്‍ഫാന്‍ ഉപയോഗിക്കാനാണ് ഇന്ത്യ ഇളവ് ആവശ്യപ്പെട്ടത്. ഇളവുകള്‍ ആവശ്യപ്പെട്ട വിളകളുടെ ലിസ്റ്റില്‍ മാവ്, തക്കാളി, നിലക്കടല എന്നിവ ഇന്ത്യ പുതുതായി ഉള്‍പ്പെടുത്തുകയായിരുന്നു.

ഇതില്‍ ഇന്ത്യയില്‍ എന്‍ഡോസള്‍ഫാന്‍ ഉപയോഗിക്കാന്‍ നിയമപരമായ അനുമതി ലഭിക്കാത്ത രണ്ട് വിളകളാണ് മാവും തക്കാളിയും. കേന്ദ്ര കീടനാശിനി ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്യാത്തവയാണ് ഈ വിളകള്‍. നിലക്കടലയ്ക്കു ചെറിയ അളവില്‍ എന്‍ഡോസള്‍ഫാന്‍ ഉപയോഗിക്കാന്‍ മാത്രമേ അനുമതിയുള്ളൂ. ഇതില്‍ മാവിനും നിലക്കടലക്കും നിര്‍ബാധം എന്‍ഡോസള്‍ഫാന്‍ തളിക്കുന്നതിനാണ് കേന്ദ്ര സര്‍ക്കാര്‍ ഇപ്പോള്‍ അനുമതി നല്‍കുന്നത്.

നിയമം ലംഘിച്ച് നിരവധി പേര്‍ ഇപ്പോള്‍ എന്‍ഡോസള്‍ഫാന്‍ തക്കാളിക്കും മാവിനും ഉപയോഗിക്കുന്നുണ്ട്. പാലക്കാട്ടെ മുതലമടയിലും മറ്റും ഇത് നിയമവിരുദ്ധമായി തളിച്ചതാണ് കൂടുതല്‍ അപകടങ്ങളുണ്ടാക്കിയത്. ഇവര്‍ക്കെതിരെ നടപടി എടുക്കുന്നതിന് പകരം അത് നിയമ വിധേയമാക്കുന്നതിനാണ് സര്‍ക്കാര്‍ നീക്കം നടത്തുന്നത്.

ഇളവു നേടിയ വിളകളായ മാവിനേയും നിലക്കടലയെയും എന്‍ഡോസള്‍ഫാന്‍ കൂടുതലായി ഉപയോഗിക്കാനുള്ള ലിസ്റ്റില്‍ പുതുതായി പെടുത്താന്‍ പോകുന്നു എന്ന് ഇന്നലെ കേന്ദ്ര കീടനാശിനി ബോര്‍ഡിന്റെ വെബ്‌സൈറ്റില്‍ ചേര്‍ത്ത പുതിയ ലിങ്ക് http://cibrc.nic.in/mup.htm തെളിയിക്കുന്നു. വെബ്‌സൈറ്റില്‍ നിലക്കടലയെയും മാവിനേയും രജിസ്റ്ററില്‍ ചേര്‍ക്കണം എന്ന് പറയുന്നുണ്ട്.

അതായത്, ഇന്നലെവരെ നിയമപരമായി എന്‍ഡോസള്‍ഫാന്‍ ഉപയോഗിക്കാത്ത ആയിരക്കണക്കിന് ഏക്കര്‍ കൃഷിയിടങ്ങളിലേക്ക് കൂടി, നിരോധനത്തിന്റെ പേരില്‍, ഫലത്തില്‍ എന്‍ഡോസള്‍ഫാന്‍ ഉപയോഗം വ്യാപിക്കും.

എന്‍ഡോസള്‍ഫാന്‍ കമ്പനികള്‍ക്ക് കൂടുതല്‍ കച്ചവടം കൊഴുപ്പിക്കാന്‍ ആണ് ഈ നടപടിയെന്ന് ആക്ഷേപമുയര്‍ന്നിട്ടുണ്ട്. അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇന്ത്യ എന്‍ഡോസള്‍ഫാന്‍ ഉപയോഗം പകുതിയായി കുറക്കണമെന്നാണ് സ്റ്റോക്ക്‌ഹോം കണ്‍വെന്‍ഷനിലെ തീരുമാനം. ഇക്കാലയളവിനുള്ളില്‍ പരമാവധി എന്‍ഡോസള്‍ഫാന്‍ ഉപയോഗിക്കുന്നതിന് വേണ്ടി കീടനാശിനി ലോബികളാണ് സര്‍ക്കാറിന്റെ ഈ നീക്കത്തിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നതെന്ന് ആക്ഷേപമുയര്‍ന്നിട്ടുണ്ട്.