കണ്ണൂര്‍: എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്ക് ചികില്‍സ ലഭ്യമാക്കാന്‍ സമഗ്ര പദ്ധതി നടപ്പാക്കുമെന്ന് കൃഷി മന്ത്രി മുല്ലക്കര രത്‌നാകരന്‍. പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍, കേന്ദ്രസര്‍ക്കാര്‍ എന്നിവരുടെ സഹകരണം പദ്ധതിക്ക് ഉറപ്പുവരുത്തും.

എന്‍ഡോസള്‍ഫാന്‍ വിഷയത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ നാളെ മുഖ്യമന്ത്രി തിരുവനന്തുപുരത്ത് യോഗം വിളിച്ചിട്ടുണ്ട്. ചികിത്സാ സഹായം സംബന്ധിച്ച കൂടുതല്‍ കാര്യങ്ങള്‍ നാളത്തെ യോഗത്തില്‍ തീരുമാനിക്കുമെന്നും മന്ത്രി അറിയിച്ചു. കൃഷി വകുപ്പ് നടപ്പാക്കുന്ന ഹരിതയോരം പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.

ഭോപ്പാലിലെ പോലെ സമഗ്ര പദ്ധതി ആവിഷ്‌കരിച്ച് നിരന്തരമായ നിരീക്ഷണവും ചികില്‍സാ സൗകര്യവും എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്കു നല്‍കും. ഒരു ടീമിനെ തന്നെ ഇതിനായി നിയോഗിക്കും. ഇതിന് കേന്ദ്രത്തിന്റെ സാമ്പത്തിക-സാങ്കേതിക സഹായം ആവശ്യമാണ്. ഇക്കാര്യം പ്ലാന്റേഷന്‍ കോര്‍പ്പറേഷനുമായി ആലോചിച്ചു. ഹോസ്പിറ്റല്‍, ഇന്‍ഷുറന്‍സ് കമ്പനി എന്നിവരുമായി ചേര്‍ന്ന് സര്‍ക്കാര്‍ തന്നെ പ്രീമിയം തുക അടച്ച് ദുരിത ബാധിതര്‍ക്ക് ചികില്‍സ ഉറപ്പാക്കുന്ന സംവിധാനം ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു.