കമന്റ്‌സ് / അംബികാസുതന്‍ മാങ്ങാട്

ഹിരോഷിമയിലെയും നാഗസാക്കിയിലെയും ജനതയെപ്പോലെ അതിക്രൂരമായി ശിക്ഷിക്കപ്പെട്ട മനുഷ്യരാണ് കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ ദുരന്തമേഖലകളില്‍ ഉള്ളത്. കാല്‍നൂറ്റാണ്ടുകാലം നീണ്ടുനിന്ന ഭരണകൂടഭീകരതയാണ് ഹെലികോപ്റ്ററുകളില്‍ നിന്നും വിഷമഴയായി ഇവിടെ പെയ്തിറങ്ങിയത്. അനേകവിധരോഗങ്ങളുള്ള, ജനിതകവൈകല്യങ്ങളുള്ള അത്ഭുതശിശുക്കള്‍ അനേകം പിറന്നു, അനേകം മരിച്ചു.അനേകം കുട്ടികള്‍ മനുഷ്യപ്പറ്റുള്ളവരുടെ ഉറക്കം കെടുത്തിക്കൊണ്ട് ഇപ്പോഴും ജീവിച്ചിരിക്കുന്നു.

അമ്മമാരുടെ നിശബ്ദനിലവിളികള്‍ എങ്ങും ഉയര്‍ന്നുകൊണ്ടേയിരിക്കുന്നു. പത്തും ഇരുപതും കൊല്ലങ്ങളായി ഒട്ടും വളരാത്ത ഒട്ടും മിണ്ടാത്ത കുഞ്ഞുങ്ങളെ പ്രാര്‍ത്ഥനകളോടെ മടിയില്‍വെച്ചിരിക്കുന്ന അമ്മമാര്‍ ഇവിടെ ഏറെയുണ്ട്.കൈയോ കാലോ വളരുന്നുണ്ടോയെന്നു നോക്കിയിരിക്കുന്ന അമ്മമാര്‍… തൊണ്ട തുറക്കുന്നുണ്ടോ അമ്മേ എന്നു വിളിക്കുന്നുണ്ടോ എന്ന് കാതോര്‍ത്തിരിക്കുന്ന അമ്മമാര്‍….

ഇപ്പോഴിതാ ഈ അമ്മമാരേയും കുഞ്ഞുങ്ങളെയും നോക്കി തെളിവുണ്ടോ തെളിവുണ്ടോ എന്നു ഭരണാധികാരികള്‍ ഒരു ലജ്ജയുമില്ലാതെ ചോദിക്കുന്നു. വീണ്ടും പഠനം വേണമെന്ന് ശഠിക്കുന്നു. എന്തൊരു ക്രൂരതയാണിത്. ശാസ്ത്രീയപഠനങ്ങള്‍ നൂറുകണക്കിനുണ്ട് എന്ന് അറിയാഞ്ഞിട്ടല്ല. അപകടം തിരിച്ചറിഞ്ഞ് 81 രാജ്യങ്ങള്‍ നിരോച്ചധിച്ചു് എന്നറിയാഞ്ഞിട്ടല്ല. ജനങ്ങളെ കബളിപ്പിക്കുകയാണ്. രാജ്യം ഭരിക്കാനല്ല കീടനാശിനിലോബികള്‍ക്ക് കുടപിടിക്കാനാണ് ഭരണാധികാരികള്‍ക്ക് എന്നും താല്‍പര്യം.

ഈ അമ്മമാരുടെ കാല്‍ക്കല്‍ നൂറായിരംവട്ടം വീണ് മാപ്പു ചോദിച്ചാലും കൂട്ടക്കൊല നടത്തിയവരുടെയും ഇപ്പോഴും അതിന് ന്യായീകരണങ്ങള്‍ വിളമ്പുന്നവരുടെയും പാപം മാറിക്കിട്ടുകയില്ല.

കഴിഞ്ഞ പരിസ്ഥിതി ഉച്ചകോടിയില്‍ ഇന്ത്യ നാണം കെട്ടതാണ്. എന്‍ഡോസള്‍ഫാനുവേണ്ടി ഇന്ത്യ മാത്രമാണ് ജനീവയില്‍ ഘോരഘോരം പ്രസംഗിച്ചത്. വരാനിരിക്കുന്ന ദിവസങ്ങളില്‍ ഇന്ത്യ വീണ്ടും നാണംപോകുകയാണ്. എന്‍ഡോസള്‍ഫാനുവേണ്ടി ഇന്ത്യ നിലകൊള്ളുമെന്നാണ് ലഭിച്ച സൂചനകള്‍.

ഇവിടെ പാവങ്ങള്‍ കീടങ്ങളെപ്പോലെ പിടഞ്ഞു മരിച്ചുകൊണ്ടിരുന്നാല്‍ ശീതീകരിച്ച മുറികളിലിരുന്ന് ഭരണയന്ത്രം തിരിക്കുന്നവര്‍ക്ക് എന്താണ് നഷ്ടം? കേന്ദ്രത്തിലെ പരിസ്ഥിതിമന്ത്രിയുടെ ഈ വിഷയത്തിലെ നിലപാട് അങ്ങേയറ്റം ലജ്ജാകരമാണ്. ഇങ്ങനെയുള്ള ഭരണാധികാരികള്‍ക്ക് എങ്ങനെ പരിസ്ഥിതിയെ, ഭൂമിയെ, നമ്മുടെ നാടിനെ സംരക്ഷിക്കാനാവും?

കാസര്‍കോട്ടെയും കര്‍ണ്ണാടകത്തിലെയും ദുരന്തബാധിതരോടു കരുണയറ്റ രീതിയിലായി പ്രധാനമന്ത്രിയുടെ പ്രതികരണവും. ഈ സന്ദര്‍ഭത്തില്‍ കേരളത്തിലെ കേന്ദ്രമന്ത്രിമാര്‍ കുറ്റകരമായ മൗനത്തിലാണ്. ഈ മൗനത്തിന്റെ പുറന്തോടുപൊട്ടിച്ച് മന്ത്രിമാര്‍ ജനപക്ഷത്തുവന്ന് ശക്തമായി പ്രതികരിക്കുകയാണ് വേണ്ടത്. പിടഞ്ഞു വീഴുന്ന മനുഷ്യജീവനു വിലകല്‍പിക്കുന്നില്ലെങ്കില്‍ പിറക്കാനിരിക്കുന്ന അനേകം തലമുറകള്‍ക്ക് വില കല്‍പിക്കുന്നില്ലെങ്കില്‍ പിന്നെ എങ്ങനെയാണ് രാജ്യം ഭരിക്കാനിവര്‍ക്കു സാധിക്കുക?

ജീവിതം കഠിനയാതനകളില്‍ ഹോമിക്കപ്പെട്ട ഇരകള്‍ക്ക് കനിവിന്റെ ഒരു തുള്ളിയെങ്കിലും പ്രതീക്ഷിക്കാമോ? നന്മ നിറഞ്ഞ ഒരു വാക്ക് എങ്കിലും?