ന്യൂഡല്‍ഹി: എന്‍ഡോസള്‍ഫാന്‍ പഠനത്തിന് പുതിയ പഠനസമിതി നിലവില്‍ വരും. പുതിയ സമിതിക്ക് ആരോഗ്യമന്ത്രാലയം നേതൃത്വം നല്‍കും. ആരോഗ്യമന്ത്രാലയം നിര്‍ദേശിക്കുന്ന വിദഗ്ധനായിരിക്കും സമിതിയുടെ അധ്യക്ഷന്‍. കൃഷി, പരിസ്ഥിതി മന്ത്രാലയങ്ങള്‍ നിര്‍ദേശിക്കുന്നവരും സമിതിയിലുണ്ടാകും.സി.ഡി മായിയെ സമിതിയില്‍ ഉള്‍പ്പെടുത്തില്ല. കേന്ദ്ര കൃഷിമന്ത്രി ശരത് പവാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം.

പ്രധാനമന്ത്രി മന്‍മോഹന്‍സിങിന്റെ ഇടപെടലിനെ തുടര്‍ന്നാണ് പുതിയ തീരുമാനം. കേരളത്തില്‍ നിന്നും രമേശ് ചെന്നിത്തലയടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ കൃഷിമന്ത്രി ശരത് പവാറുമായി ചര്‍ച്ച നടത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് ആരോഗ്യമന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ പുതിയ സമിതി രൂപീകരിക്കാന്‍ തീരുമാനമായത്.

എന്‍ഡോസള്‍ഫാനെ കുറിച്ച് പഠിക്കാന്‍ സി.ഡിമായി അധ്യക്ഷനായ സമിതിയെ നേരത്തെ ചുമതലപ്പെടുത്തിയിരുന്നു. എന്നാല്‍ മുന്‍പ് എന്‍ഡോസള്‍ഫാനനുകൂലമായി നിലപാടെടുത്ത മായിയെ വീണ്ടും പഠനസംഘത്തിന്റെ അധ്യക്ഷനാക്കിയതിനെതിരെ വ്യാപക പ്രതിഷേധമുയര്‍ന്നിരുന്നു. തുടര്‍ന്ന് മായിയെ മാറ്റാന്‍ തീരുമാനിക്കുകയായിരുന്നു.

അതിനിടെ പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ ചെയര്‍മാന് ഹൈക്കോടതി നോട്ടീസയച്ചു. ചെയര്‍മാനെ കേസില്‍ കക്ഷിചേര്‍ത്തിട്ടുണ്ട്.