ന്യൂദല്‍ഹി: എന്‍ഡോസള്‍ഫാന്റെ ഉല്പാദനം കേരളം നിരോധിക്കണമെന്ന് പ്രശസ്ത പരിസ്ഥിതി പ്രവര്‍ത്തക മേധാപട്കര്‍. ‘കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തി എന്‍ഡോസള്‍ഫാന്‍ നിരോധിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കണം അതുവരെ കാസര്‍കോട് ജില്ലയിലെ ജൈവകൃഷി പ്രോത്സാഹിപ്പിക്കണം.’ അവര്‍ കൂട്ടിച്ചേര്‍ത്തു.

എന്‍ഡോസള്‍ഫാന്‍ പഠനത്തിന്റെ പേരില്‍ ഇനിയൊരു സമിതിയെക്കൂടി ജില്ലയില്‍ കടക്കാന്‍ അനുവദിക്കില്ലെന്ന് ലോകസഭാ ഉപനേതാവ് പി. കരുണാകരന്‍ പറഞ്ഞു. എന്‍ഡോസള്‍ഫാന്‍ ദുരന്തത്തെക്കുറിച്ച് പഠിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച വിദഗ്ദ സമിതിയെ ബഹിഷ്‌കരിക്കും. എന്‍ഡോസള്‍ഫാനെതിരെ കാസര്‍കോട് ബഹുജന പ്രക്ഷോഭം നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

അമേരിക്കയടക്കമുള്ള രാജ്യങ്ങള്‍ എന്‍ഡോസള്‍ഫാന്‍ നിരോധിച്ചു. ഇന്ത്യയില്‍ നിരോധിക്കില്ലെന്ന കേന്ദ്ര നിലപാട് ഭീകരമാണ്. വന്‍കിട കമ്പനികളെ സഹായിക്കാനാണ് കേന്ദ്രം ഈ നിലപാടുമായി മുന്നോട്ടു വന്നത്- കരുണാകരന്‍ കുറ്റപ്പെടുത്തി.

എന്‍ഡോസള്‍ഫാന്‍ നിരോധിക്കണമെന്നാവശ്യപ്പെട്ട് സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് സംഘടിപ്പിച്ച പാര്‍ലമെന്റ് മാര്‍ച്ചില്‍ സംസാരിക്കുകയായിരുന്നു ഇവര്‍