Administrator
Administrator
ഒരു രാഷ്ട്രം സ്വന്തം ജനതയെ ഒറ്റിക്കൊടുക്കുന്നു
Administrator
Sunday 17th October 2010 1:20pm

Edito-Real  / കെ എം ഷഹീദ്


ഭരണകൂടത്തിന്റെ ജനങ്ങളോടുള്ള പ്രതിബദ്ധത വെളിപ്പെടുന്ന ചില നിര്‍ണ്ണായക മുഹൂര്‍ത്തങ്ങളുണ്ട്. അതില്‍പ്പെട്ട ഒന്നായിരുന്നു കഴിഞ്ഞ ദിവസം
ജനീവയില്‍ നടന്ന യു.എന്‍ സ്റ്റോക്കഹോം കണ്‍വെന്‍ഷന്‍. മനുഷ്യരാശിയെ ദയാരഹിതമായി കൊന്നൊടുക്കുകയും ജീവച്ഛവങ്ങളാക്കുകയും ചെയ്യുന്ന എന്‍ഡോസള്‍ഫാനെ നിരോധിക്കുന്നത് സംബന്ധിച്ച് ചേര്‍ന്ന കണ്‍വെന്‍ഷനിലെ ഇന്ത്യന്‍ നിലപാട് മനുഷ്യമനസ്സാക്ഷിക്ക് നിരക്കാത്തതായിരുന്നു

എന്‍ഡോസള്‍ഫാനെ മനുഷ്യരാശിയെ കൊന്നൊടുക്കുന്ന മാരക കീടനാശിനിയായി പ്രഖ്യാപിക്കുന്നതിനെ കണ്‍വെന്‍ഷനില്‍ ഇന്ത്യ ശക്തമായി എതിര്‍ക്കുകയായിരുന്നു. എന്‍ഡോസള്‍ഫാന്‍ മൃദു കീടനാശിനിയാണെന്നും അതിനെ നിരോധിക്കരുതെന്നുമായിരുന്നു ഇന്ത്യ വാദിച്ചത്. 30 രാജ്യങ്ങളില്‍ 26 ഉം നിരോധനത്തെ അനുകൂലിച്ചപ്പോഴാണ് ഇന്ത്യ ഈ നിലപാടെടുത്തത്.

കേരളത്തിലെ കാസര്‍കോടുള്‍പ്പെടെ 15 ഓളം ഇന്ത്യന്‍ ഗ്രാമങ്ങളില്‍ എന്‍ഡോസള്‍ഫാന്റെ മാരകമായ കെടുതികളനുഭവിക്കുന്ന മനുഷ്യ ജീവീതങ്ങളുടെ നിലവിളി രാജ്യസ്‌നേഹത്തിന്റെ പാരമ്പര്യം അവകാശപ്പെടുന്ന കോണ്‍ഗ്രസ് നേതൃത്വത്തിന് കാണാന്‍ കഴിയുന്നില്ലെന്നത് അത്ഭുതകരമാണ്. തോട്ടമുടമകള്‍ക്കും അതുവഴി സര്‍ക്കാറിനും എന്‍ഡോസള്‍ഫാന്‍ വിഷക്കമ്പനിക്കും ലഭിക്കുന്ന ലാഭത്തിനു മേല്‍ സ്വന്തം രാഷ്ട്രത്തിലെ ജനതയുടെ ദൈന്യതമുറ്റിയ നിലവിളിക്ക് സ്ഥാനമില്ലെന്ന പ്രഖ്യാപനമാണ് സ്റ്റോക്ക്‌ഹോം കണ്‍വെന്‍ഷനില്‍ ഇന്ത്യ നടത്തിയത്.

കയ്യും കാലും നഷ്ടപ്പെട്ട് ഇഴഞ്ഞ് ജീവിക്കുന്ന മനുഷ്യ സമൂഹമാണ് ഈ ഗ്രാമങ്ങളിലുള്ളത്. അമ്മയുടെ വയറ്റിനുള്ളില്‍ നിന്ന് തന്നെ വിഷബാധയേറ്റ് വികൃതമായി പിറന്ന് വീഴുന്ന കുഞ്ഞുങ്ങള്‍. ബുദ്ധിയും ശരീരവും വളരാത്തവര്‍. ഒരു പുരുഷായുസ്സ് മുഴുവന്‍ ഈ കുഞ്ഞുങ്ങളെയും തോളിലേറ്റി ആശുപത്രികളില്‍ ക്യൂ നില്‍ക്കാനും സഹായത്തിനായി സര്‍ക്കാറിന് മുന്നില്‍ കൈനീട്ടാനും വിധിക്കപ്പെട്ടവര്‍. ഇത് ആകസ്മികമായി സംഭവിക്കുന്ന വൈകല്യങ്ങളല്ല, രാഷ്ട്രം ഒരു ജനതക്ക് നല്‍കുന്ന സമ്മാനമാണ്. ഇവിടെ ജനിച്ചു പോയതിന്റെ പേരില്‍, സ്വന്തം മണ്ണില്‍ ജീവിക്കുന്നതിന്റെ പേരില്‍ അവര്‍ ഒടുക്കേണ്ടി വരുന്ന പിഴ.

കാസര്‍കോട് ജില്ലയിലെ 11 പഞ്ചായത്തുകളില്‍ ഇപ്പോഴും ഇതിന്റെ ദുരന്തവും പേറിയാണ് കുഞ്ഞുങ്ങള്‍ പിറന്ന് വീഴുന്നത്. കാസര്‍കോട് ജില്ലയില്‍ കാണുന്ന പ്രതിഭാസമല്ലിത്. കര്‍ണാടകത്തിലെ ബല്‍ത്തങ്ങാടി, കൊക്കട, പട്രാമെ, നിട്‌ലെ, ഉഡുപ്പി തുടങ്ങിയ സ്ഥലങ്ങളും ഈ വിഷഭീമന്റെ പിടിയിലാണ്. ഭരണകൂടം അവര്‍ക്ക് പെന്‍ഷനും ദുരിതാശ്വാസവും നല്‍കുന്നുണ്ട്. എന്നാല്‍ അത് തൂക്കിക്കൊല്ലുന്നതിന് മുമ്പ് നല്‍കുന്ന കുടിവെള്ളം മാത്രമായേ കണക്കാക്കാനാവൂ.

എന്‍ഡോസള്‍ഫാനെ നിരോധിക്കുന്നതിന് വേണ്ടി കണ്‍വെന്‍ഷനില്‍ നിലപാടെടുക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദനും വനം മന്ത്രി ബിനോയ് വിശ്വവും പ്രധാനമന്ത്രിക്കും പരിസ്ഥിതി മന്ത്രിക്കും വിശദമായ കത്തെഴുതിയിരുന്നു. മാരക വിഷമരുന്നിനെതിരെ പതിറ്റാണ്ടുകളായി രാഷ്ട്രത്തിലെ ജനത ശബ്ദിച്ചു കൊണ്ടിരിക്കുന്നു. നിരവധി പഠനങ്ങള്‍ പുറത്തു വന്നു. പരിസ്ഥിതി പ്രവര്‍ത്തകര്‍ ഒന്നടങ്കം ശബ്ദമുയര്‍ത്തി. മറ്റ് പല രാജ്യങ്ങളും പൂര്‍ണമായും നിരോധിച്ചു. എന്നിട്ടും ഇന്ത്യന്‍ ഭരണകൂടം ചെവി പൊത്തിപ്പിടിച്ചു. എന്‍ഡോസള്‍ഫാന്‍ കമ്പനിക്ക് വേണ്ടി നടത്തിയ പഠന റിപ്പോര്‍ട്ടാണ് സര്‍ക്കാര്‍ വേദ വാക്യമായെടുത്തത്.

കാസര്‍കോടുള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ പരമ്പരാഗതമായുണ്ടാകുന്ന ജനിതക രോഗമാണുള്ളതെന്നും എന്‍ഡോസള്‍ഫാനുമായി ഇതിന് ബന്ധമില്ലെന്നുമാണ് കേന്ദ്രത്തിന്റെ കണ്ടുപിടുത്തം. കീടനാശിനി നിര്‍മാണകമ്പനിക്ക് വേണ്ടി നിയമിച്ച വിദഗ്ദ്ധ സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഇവര്‍ നിഗമനത്തിലെത്തിയത്.

എന്‍ഡോസള്‍ഫാന്‍ ഉപയോഗം കേരളത്തില്‍ നിരോധിച്ചിട്ട് അഞ്ച് വര്‍ഷമായി. രോഗബാധിതര്‍ക്കും മരിച്ചവരുടെ കുടുംബത്തിനും കീടനാശിനി ഉല്‍പാദകര്‍ നഷ്ടപരിഹാരം നല്‍കണമെന്നാണ് കേരളസര്‍ക്കാരിന്റെ ആവശ്യം. ഇതിനായി കേസ്‌കൊടുക്കണമെങ്കില്‍ ആദ്യം കേന്ദ്രം ഈ കീടനാശിനി നിരോധിക്കണം. നിയമപ്രാബല്യം ഉള്ളിടത്തോളം കാലം കേരളത്തിലെ എന്‍ഡോസള്‍ഫാനെതിരെ നടപടി എടുക്കാന്‍ ആര്‍ക്കും കഴിയില്ല.

മുന്‍ പി ഒ പി സമ്മേളനത്തില്‍ 89 രാജ്യങ്ങള്‍ എന്‍ഡോസള്‍ഫാന്‍ ഉപയോഗത്തെ എതിര്‍ത്തെങ്കിലും ഇന്ത്യയടക്കമുള്ള ഏതാനും രാജ്യങ്ങള്‍ എതിര്‍ത്തതിനാല്‍ നിരോധനം നിലവില്‍ വന്നില്ല.

എന്‍ഡോസള്‍ഫാന്‍ വിഷയത്തില്‍ മാത്രമല്ല, ആണവകരാറിന്റെ കാര്യത്തിലും സര്‍ക്കാറിന്റെ രാജ്യത്തോടുള്ള ‘പ്രതിബദ്ധത’ പുറത്തു ചാടിയിരുന്നു. മനപൂര്‍വ്വം ആണവ ദുരന്തമുണ്ടായാല്‍ മാത്രം നഷ്ടപരിഹാരം നല്‍കിയാല്‍ മതിയെന്നായിരുന്നു കരാറില്‍ എഴുതിച്ചേര്‍ത്തത്. അതായത് എന്ത് കൊടും ദുരന്തമുണ്ടായാലും അത് തങ്ങള്‍ മനപൂര്‍വ്വം ചെയ്തതല്ലെന്ന് പറഞ്ഞ് കമ്പനികള്‍ക്ക് രക്ഷപ്പെടാനുള്ള പഴുതുണ്ടാക്കുക. ശക്തമായ എതിര്‍പ്പിനെ തുടര്‍ന്നാണ് സ്വന്തം ജനതയെ ഒറ്റിക്കൊടുക്കുന്ന ഈ നിലപാടില്‍ നിന്ന് ഭാഗികമായെങ്കിലും സര്‍ക്കാര്‍ പിന്‍വാങ്ങിയത്.

ഭോപ്പാലിന്റെ ഇരകള്‍ ഇപ്പോഴും നീതിക്കായി കേഴുകയാണ്. അന്ന് വാറന്‍ ആന്‍ഡേഴ്‌സണെ രക്ഷപ്പെടാന്‍ അനുവദിച്ച ഭരണകൂടത്തിന്റെ പിന്‍മുറക്കാര്‍ തന്നെയാണ് ഇന്നും ദല്‍ഹിയിലിരിക്കുന്നത്. അവര്‍ക്ക് രാജ്യവും ഭരണവുമെന്നത് അധികാരത്തിനും സ്വാര്‍ഥ താല്‍പര്യങ്ങള്‍ക്കുമുള്ള ഉപാധി മാത്രമാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

Advertisement