ന്യൂദല്‍ഹി: എന്‍ഡോസള്‍ഫാന്‍ വിഷയത്തില്‍ കേന്ദ്രകൃഷി സഹമന്ത്രി കെ വി തോമസ് നിലപാട് മാറ്റി. എന്‍ഡോസള്‍ഫാന്‍ നിരോധിക്കണമെന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായമെന്നെും ഇതിനായി വിവാദമല്ല, പരസ്പര സഹകരണമാണ് ആവശ്യമെന്നും തോമസ് പറഞ്ഞു.

കാസര്‍ക്കോട് താന്‍ നടത്തിയ പ്രസ്താവനകള്‍ പലരെയും വേദനിപ്പിച്ചു. തന്റെ പ്രസ്താവനയിലൂടെ വെളിവായത് വ്യക്തിപരമായ നിലപാടല്ല. കേന്ദ്രമന്ത്രി എന്ന നിലയിലാണ് താന്‍ എന്‍ഡോസള്‍ഫാനെക്കുറിച്ച് പറഞ്ഞത്. തന്റെ പ്രസ്താവന ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ താന്‍ ക്ഷമചോദിക്കുന്നുവെന്നും തോമസ് പറഞ്ഞു.

2001ല്‍ താനുള്‍പ്പെട്ട ആന്റണി സര്‍ക്കാറാണ് എന്‍ഡോസള്‍ഫാന്‍ കേരളത്തില്‍ നിരോധിച്ചത്. ഈ വിഷയത്തില്‍ എത്രയും പെട്ടെന്ന് പരിഹാരം കാണാനായി പ്രധാനമന്ത്രിയുമായും സോണിയാഗാന്ധിയുമായും ചര്‍ച്ച നടത്തിയിട്ടുണ്ടെന്നും തോമസ് പറഞ്ഞു.

നേരത്തേ കെ വി തോമസിന്റെ പ്രസ്താവന വന്‍ ഒച്ചപ്പാട് സൃഷ്ടിച്ചിരുന്നു. എന്‍ഡോസള്‍ഫാന്‍ മനുഷ്യശരീരത്തില്‍ ദൂഷ്യഫലങ്ങളുണ്ടാക്കുമെന്നതിന് ശാസ്ത്രീയമായ തെളിവില്ലെന്നായിരുന്നു തോമസ് അഭിപ്രായപ്പെട്ടത്. ഇതിനെതിരേ മുഖ്യമന്ത്രി വി എസ് അച്ച്യുതാനന്ദനടക്കം പലരും ശബ്ദമുയര്‍ത്തിയിരുന്നു. തോമസ് പ്രസ്താവന പിന്‍വലിക്കണമെന്ന് കെ പി സി സി ആവശ്യപ്പെട്ടിരുന്നു.