endosulphan ന്യൂദല്‍ഹി: എന്‍ഡോസള്‍ഫാന്‍ വിഷയത്തില്‍ കൃഷിവകുപ്പുമായി ചേര്‍ന്ന് രണ്ട് ദിവസത്തിനകം പുതിയ സത്യവാങ്മൂലം നല്‍കുമെന്ന് ഐ.സി.എം.ആര്‍ ഡയരക്ടര്‍ ജനറല്‍ വി.എം കട്ടോച്ച്. കാസര്‍കോട്ടെ ദുരിതത്തിന് കാരണം എന്‍ഡോസള്‍ഫാന്‍ ആണെന്ന് പഠനത്തിലൂടെ വ്യക്തമായിട്ടുണ്ടെന്നും അദ്ദേഹം റിപ്പോര്‍ട്ടര്‍ ചാനലിനോട് വ്യക്തമാക്കി.

‘ എന്‍ഡോസള്‍ഫാനാണ് കാസര്‍കോട്ടെ ദുരിതത്തിന് കാരണമെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതാണ്. ഐ.സി.എം.ആറിനോടും കൃഷിമന്ത്രാലയത്തോടും സംയുക്തമായി റിപ്പോര്‍ട്ട് നല്‍കാനാണ് സുപ്രീം കോടതി ആവശ്യപ്പെട്ടത്. എന്നാല്‍ ഐ.സി.എം.ആര്‍ തിടുക്കപ്പെട്ട് റിപ്പോര്‍ട്ട് നല്‍കിയത് എന്തുകൊണ്ടാണെന്ന് അറിയില്ല. കാസര്‍ക്കോട് ഇപ്പോഴും എന്‍ഡോസള്‍ഫാന് ഇരകളായി ജീവിക്കുന്നവരുണ്ട്. എന്‍ഡോസള്‍ഫാന്‍ ആകാശ മാര്‍ഗ്ഗം തളിച്ചതുകൊണ്ട് മാത്രമാണ് പ്രശ്‌നമുണ്ടായതെന്ന് പറയുന്നത് ശരിയല്ല. ആകാശ മാര്‍ഗം തളിച്ചില്ലെങ്കിലും എന്‍ഡോസള്‍ഫാന്‍ മനുഷ്യന് ഭീഷണിയാണ്. എന്നാല്‍ ആകാശമാര്‍ഗമാകുമ്പോള്‍ അതിന്റെ തോത് കൂടും’ കട്ടോച്ച് വ്യക്തമാക്കി.

എന്‍ഡോസള്‍ഫാന്‍ കീടനാശിനിയെ പിന്തുണച്ചുകൊണ്ട് കേന്ദ്ര കൃഷിമന്ത്രാലയം ഇന്നലെ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. കാസര്‍ക്കോട്ടെ ദുരിതത്തിന് കാരണം എന്‍ഡോസള്‍ഫാനല്ലെന്നും നിരോധനം അനാവശ്യമാണെന്നും മറ്റ് രാജ്യങ്ങളില്‍ എന്‍ഡോസള്‍ഫാന്‍ നിരോധിച്ചത് ശാസ്ത്രീയമായല്ലെന്നും സംശയത്തിന്റെ പേരിലാകാമെന്നും കൃഷിമന്ത്രാലയത്തിന്റെ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിരുന്നു.