കൊച്ചി: എന്‍ഡോസള്‍ഫാന്‍ നഷ്ടപരിഹാരം സംബന്ധിച്ച കേസില്‍ കീടനാശിനിയുടെ നിര്‍മ്മാതാക്കളെയും കക്ഷി ചേര്‍ക്കണമെന്ന് ഹൈക്കോടതി. നിലവില്‍ സംസ്ഥാന, കേന്ദ്ര സര്‍ക്കാറുകളും പ്ലാന്റേഷന്‍ കോര്‍പറേഷനുമാണ് കക്ഷികള്‍. ഇതില്‍ കീടനാശിനി നിര്‍മ്മാതാക്കളെക്കൂടി ഉള്‍പ്പെടുത്തണമെന്നാണ് ഹൈക്കോടതി നിര്‍ദേശിച്ചത്.

ഇന്ത്യന്‍ ലോയേഴ്‌സ് കോണ്‍ഗ്രസ് നേതാവ് അസഫലി നല്‍കിയ ഹരജിയിലാണ് ഹൈക്കോടതി നിര്‍ദേശം. നിരോധിക്കപ്പെട്ട കീടനാശിനി ഇടുക്കിയിലും മറ്റും ഉപയോഗിക്കുന്നുണ്ടെന്ന് ഹരജിക്കാരന്‍ ചൂണ്ടിക്കാട്ടി.കേരളത്തിലെ നിരോധനം കൊണ്ട് മാത്രം കാര്യമില്ലെന്നും അതിര്‍ത്തി ജില്ലകളിലും സംസ്ഥാനങ്ങളിലും ഇത് തളിക്കുന്നുണ്ടെന്നും ഹരജിക്കാരന്‍ കോടതിയെ അറിയിച്ചു.

നിരോധിക്കപ്പെട്ട എന്‍ഡോസള്‍ഫാന്‍ എങ്ങിനെ കേരളത്തിലെത്തിയെന്ന് കോടതി ചോദിച്ചു. ദുരിത ബാധിതരുടെ പ്രശ്‌നങ്ങള്‍ ഗൗരവമുള്ളതാണ്. വിഷയത്തില്‍ കേന്ദ്രം വിശദീകരണം നല്‍കണമെന്നും കോടതി നിരീക്ഷിച്ചു.