ന്യൂദല്‍ഹി: എന്‍ഡോസള്‍ഫാന്‍ കയറ്റുമതി സംബന്ധിച്ച കേസില്‍ വിധി പറയുന്നത് സുപ്രിംകോടതി വെള്ളിയാഴ്ചത്തേക്ക് മാറ്റി. കേസില്‍ വിശദമായ എതിര്‍ സത്യവാങ്ങ്മൂലം നല്‍കാന്‍ ഡി.വൈ.എഫ്.ഐക്ക് സുപ്രിംകോടതി സമയം നല്‍കിയിട്ടുമുണ്ട്.

കെട്ടിക്കിടക്കുന്ന എന്‍ഡോസള്‍ഫാന്‍ കയറ്റുമതി ചെയ്യാന്‍ അനുവദിക്കണം എന്ന എന്‍ഡോസള്‍ഫാന്‍ ഉത്പാദകരുടെ ആവശ്യം സംബന്ധിച്ച കേസാണിത്. കോടതി നിയോഗിച്ച പ്രത്യേക പഠനസമിതി എന്‍ഡോസള്‍ഫാന്‍ കയറ്റുമതി ചെയ്യുന്നതിന് അനുകൂലമായി നേരത്തെ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എന്നാല്‍ ഡി.വൈ.എഫ്.ഐ അടക്കം കേസിലെ പരാതിക്കാര്‍ കയറ്റുമതിയെ എതിര്‍ക്കുന്ന നിലപാടിലാണ്.

എന്‍ഡോസള്‍ഫാന്‍ കെട്ടിക്കിടക്കുന്നത് അപകടമുണ്ടാക്കുമെന്നും അത് നിര്‍വീര്യമാക്കാന്‍ കൂടുതല്‍ പണം ചെലവാക്കണമെന്നും അതിലും ലാഭം കയറ്റുമതി ചെയ്യുകയാണെന്നുമാണ് കൃഷി മന്ത്രാലയം സ്വീകരിച്ച നിലപാട്. ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.