എഡിറ്റോ-റിയല്‍/കെ.എം ഷഹീദ്

ഇത് ഞങ്ങളുടെ രണ്ടാം സ്വാതന്ത്ര്യ സമരമായിരുന്നു, ഈ സമരത്തില്‍ ഇതാ ഞങ്ങള്‍ വിജയിച്ചിരിക്കുന്നു- എന്‍ഡോസള്‍ഫാന്‍ ലോകവ്യാപകമായി നിരോധിക്കാന്‍ സ്റ്റോക്ക്‌ഹോം കണ്‍വെന്‍ഷന്‍ തീരുമാനിച്ചതറിഞ്ഞപ്പോള്‍ കാസര്‍ക്കോട് എന്‍ഡോസള്‍ഫാന്‍ വിരുദ്ധ പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കിയ എം.എ റഹ്മാന്റെ പ്രതികരണം ഇങ്ങിനെയായിരുന്നു.

25 വര്‍ഷത്തോളം നീണ്ട പോരാട്ടമായിരുന്നു അത്. മുതലാളിത്തത്തിന്റെ അമിത ലാഭക്കൊതി ഒരു സമൂഹത്തിന്റെ ജീവിതത്തിന് മുകളില്‍ വിഷം തളിച്ചപ്പോള്‍ ജീവച്ഛവങ്ങളായ മനുഷ്യര്‍ സൃഷ്ടിക്കപ്പെടുകയായിരുന്നു. അമ്മമാരുടെ മുലപ്പാലിലും രക്തത്തിലും ജീവന്റെ ഓരോ കണികകളിലും വിഷം പുരണ്ടു. പിറന്നു വീഴുന്ന കുഞ്ഞുങ്ങളെ കണ്ട് അമ്മമാരുടെ ഹൃദയം തകര്‍ന്നു. ആ അമ്മമാര്‍ ഇനി പ്രസവിക്കേണ്ടെന്ന് തീരുമാനിച്ചു.

ഭരണകൂടത്തിന്റെ ഒത്താശയോടെ നടന്ന ഈ ഭീകരത വൈകിയെങ്കിലും ലോകം തിരിച്ചറിഞ്ഞതിന്റെ പരിണിത ഫലമാണ് ഇപ്പോഴുണ്ടായ നിരോധനം. കാസര്‍ക്കോട്ടെ ഇരകളുടെ വേദന കേരളം ഏറ്റെടുത്തപ്പോള്‍ അത് ശക്തമായ ഒരു ജനകീയ വികാരമായി മാറുകയായിരുന്നു. എന്നാല്‍ രാജ്യത്തെ ജനാഭിലാഷങ്ങളോട് മുഖം തിരിഞ്ഞ് നിന്ന ഒരു ഭരണകൂടത്തെയാണ് കേന്ദ്രത്തില്‍ നമുക്ക് കാണാന്‍ കഴിഞ്ഞത്.

കാസര്‍ഗോട്ടെ ഇകളുടെ ദൈന്യത കണ്ട് ലോകം മുഴുക്കെ വേദനിച്ചപ്പോഴും കീടനാശിനി ലോബികള്‍ക്ക് വേണ്ടി പണിയെടുക്കുകയായിരുന്നു കേന്ദ്ര സര്‍ക്കാര്‍. നിരോധനം നടപ്പിലാക്കാതിരിക്കാന്‍ തങ്ങളാല്‍ കഴിയുന്നതെല്ലാം ചെയ്ത് അവര്‍ സ്വന്തം ജനതയെ ഒറ്റിക്കൊടുത്തു. ലോക രാഷ്ട്രങ്ങളുടെ മുമ്പില്‍ ഇന്ത്യ നാണം കെട്ടു. എങ്കിലും കേന്ദ്ര സര്‍ക്കാര്‍ പ്രതിനിധീകരിക്കുന്നത് ഇന്ത്യന്‍ ജനതയുടെ മനസ്സല്ലെന്ന് ലോകത്തോട് വിളിച്ചു പറയാന്‍ നമുക്ക് കഴിഞ്ഞു. രാജ്യവ്യാപകമായി ജനങ്ങളുടെ പ്രതിഷേധം അലയടിച്ചു. കേരള സംസ്ഥാനത്തിലെ മുഖ്യമന്ത്രി എന്‍ഡോസള്‍ഫാന്‍ നിരോധനം ആവശ്യപ്പെട്ട് ഉപവാസ സമരം നടത്തിയത് ലോകം കണ്ടു. ഈ പ്രതിഷേധങ്ങളുടെയും പ്രക്ഷോഭങ്ങളുടെയും ആകെത്തുകയാണ് ഇപ്പോഴുണ്ടായ നിരോധനം.

നിരോധനം ലോകവ്യാപകമായി നടപ്പാക്കിയെങ്കിലും ഇന്ത്യയുള്‍പ്പെടെ ചില രാജ്യങ്ങള്‍ ഇളവുകള്‍ നേടിയിട്ടുണ്ട്. എന്‍ഡോസള്‍ഫാന്‍ നിരോധനത്തെ അവസാന നിമിഷം ഇന്ത്യ എതിര്‍ക്കാതിരുന്നത് തന്നെ ഈ ഇളവുകള്‍ ഉറപ്പ് വരുത്തിക്കൊണ്ടായിരുന്നു. അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇന്ത്യയില്‍ എന്‍ഡോസള്‍ഫാന്‍ ഉല്‍പാദനം പകുതിയായി കുറക്കണമെന്ന് സമ്മേളനം നിര്‍ദേശിക്കുന്നുണ്ട്. ഇക്കാലയളവില്‍ 15 ഓളം വിളകളില്‍ എന്‍ഡോസള്‍ഫാന്‍ ഉപയോഗിക്കാനും അനുമതിയുണ്ട്. സമരം അവസാനിപ്പിക്കാനായിട്ടില്ലെന്ന മുന്നറിയിപ്പാണിത്. പോരാട്ടം ഇനിയും തുടരേണ്ടിയിരിക്കുന്നു. ഇളവുകളുടെ പഴുതുകള്‍ ഉപയോഗിച്ച് കേന്ദ്ര സര്‍ക്കാര്‍ വീണ്ടും മനുഷ്യ ജീവനുകളെ കൊന്നൊടുക്കാന്‍ സാധ്യത വളരെ കൂടുതലാണ്. ജാഗ്രതയോടെ ഇരുന്നില്ലെങ്കില്‍ ഇപ്പോഴത്തെ ആഹ്ലാദത്തിന് അര്‍ത്ഥമില്ലാതെ പോകും.

നിരോധനം വന്നാലും ദുരിതം വിട്ടുമാറാത്ത കാസക്കോട്ടെ അമ്മമാര്‍ നമ്മുടെ മുമ്പിലുണ്ട്. എങ്കിലും അവരുടെ മുഖത്ത് ഇപ്പോള്‍ വിരിയുന്ന പുഞ്ചിരി ഞങ്ങള്‍ കാണുന്നു. ഇരകളായ സ്വന്തം മക്കളെ നെഞ്ചോട് ചേര്‍ത്ത് വെച്ച് തന്നെ ഭാവി തലമുറയെങ്കിലും ഈ വിഷത്തില്‍ നിന്ന് രക്ഷപ്പെട്ടതില്‍ ആശ്വസിക്കാന്‍ അവര്‍ക്ക് കഴിയും. കാലം അവരെ പഠിപ്പിച്ചത് അതാണ്. അവര്‍ പോരാടിയതും വരും തലമുറക്ക് വേണ്ടിയായിരുന്നു.

ഇവര്‍ക്ക് പര്യാപ്തമായ നഷ്ടപരിഹാരവും പുനരധിവാസവും ചികിത്സയും ഉറപ്പ് വരുത്തുന്നതിനും പോരാട്ടം നടത്തേണ്ടിയിരിക്കുന്നു. ഭരണകൂടത്തിന് കാസര്‍ക്കോടെന്നാല്‍ നശിച്ച നാടാണ്. പക്ഷെ മനുഷ്യസ്‌നേഹമുളളവര്‍ക്ക് ഒരിക്കലും അങ്ങിനെയല്ല. ലോകത്തെവിടെയുമുള്ള മനുഷ്യര്‍ വേദനിക്കുമ്പോഴും അവരോടൊപ്പം വേദനിക്കുന്നവനാണ് യഥാര്‍ത്ഥ മനുഷ്യന്‍. ആ മനുഷ്യസ്‌നേഹമില്ലാത്തവരാണ് നമ്മെ ഭരിക്കുന്നതെന്ന് ഇപ്പോള്‍ നമ്മള്‍ തിരിച്ചറിയുന്നു. ഇവര്‍ക്കെതിരെ ഇനിയും നമുക്ക് പോരാടേണ്ടിയിരിക്കുന്നു. അതിന് ജനീവയിലുണ്ടായ തീരുമാനം ഇന്ധനമാകുമെന്ന് ഞങ്ങള്‍ കരുതുന്നു.