എഡിറ്റോ- റിയല്‍ / ബാബു ഭരദ്വാജ്‌

കേരളത്തിലെ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ നിരാഹാരം നടത്താന്‍ പോവുകയാണ്. ഇന്ത്യയുടെ ചരിത്രത്തില്‍ നാമമാത്രമായാണ് ഒരു സംസ്ഥാനം ഭരിക്കുന്ന മുഖ്യമന്ത്രി പ്രതിഷേധം പ്രകടിപ്പിക്കാന്‍ ഇങ്ങനെ നിരാഹാരവ്രതത്തില്‍ ഏര്‍പ്പെടുന്നത്. അതുകൊണ്ട് തന്നെ ഇതിന് സവിശേഷ പ്രാധാന്യമുണ്ട്.

1967ലെ ഇ.എം.എസിന്റെ നേതൃത്വത്തിലുള്ള ഇടത് ജനാധിപത്യമുന്നണി മന്ത്രിസഭ അതിപ്രധാനമായൊരു ഭരണനയ സമീപനം മുന്നോട്ടുവച്ചിരുന്നു ഭരണവും സമരവും. ഭരിക്കുന്നവര്‍ തന്നെ സമരവും നടത്തും എന്നതായിരുന്നു അതിന്റെ അടിസ്ഥാനസമീപനം.

കോണ്‍ഗ്രസും വലതുപക്ഷ കക്ഷികളും ഇതിനെ ആവോളം വിമര്‍ശിക്കുകയും പരിഹസിക്കുകയും എതിര്‍ക്കുകയും ചെയ്തു. ഭരിക്കുന്നവര്‍ എങ്ങനെയാണ് സമരം നയിക്കുക? ഭരിക്കുന്നവര്‍ ഭരിക്കുകയും എതിര്‍ക്കുന്നവര്‍ സമരം നടത്തുകയും വേണം അവര്‍ വാദിച്ചു. ഇന്ന് ഐക്യജനാധിപത്യമുന്നണിയുള്ള പല കക്ഷികളും അന്ന് വിശാലഇടതുപക്ഷ മുന്നണിയിലുണ്ടായിരുന്നു.
മുസ്‌ലീം ലീഗ് അടക്കമുള്ള കക്ഷികള്‍ അവരും ഈ നയത്തോട് യോജിച്ചിരിക്കണം.

ജനാധിപത്യത്തിന്റെ ഏറ്റവും ജീവസ്സായ അന്തസത്ത അവകാശങ്ങള്‍ക്കുവേണ്ടി പോരാടാനുള്ള അവകാശം തന്നെയാണ്. നീതി നിഷേധങ്ങള്‍ക്കെതിരെ നിരന്തരം പ്രതികരിക്കാനും സമരം ചെയ്യാനുമുള്ള അധികാരം തന്നെയാണ്. ജനാധിപത്യം അര്‍ത്ഥവത്താവുന്നത് ഈ അവകാശങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുമ്പോഴാണ്.

ജനാധിപത്യം പൂര്‍ണവും സഫലവുമാകുന്നത് ജനങ്ങളാല്‍ തിരഞ്ഞെടുക്കുന്ന സര്‍ക്കാരുകള്‍ തന്നെ ഈ അവകാശങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുമ്പോഴാണ്. ജനാധിപത്യം യാഥാര്‍ത്ഥ്യമാകുന്നതും അപ്പോള്‍ തന്നെയാണ്.

ഭരണവും സമരവും എന്ന പ്രയോഗം കൊണ്ട് ഇ.എം.എസ് അര്‍ത്ഥമാക്കിയത് കേരളത്തില്‍ ഭരണം നടത്തുന്നതോടൊപ്പം കേന്ദ്രത്തിനെതിരെ സമരവും നടത്തും എന്നത് മാത്രമല്ല. അറിഞ്ഞും അറിയാതെയും അങ്ങനെയൊരു പ്രചരണം വ്യാപകമായി നടന്നിരുന്നു. ഇടതുപക്ഷ പാര്‍ട്ടിക്കുള്ളിലുള്ളവര്‍ തന്നെ അതങ്ങനെയാണെന്ന് അറിഞ്ഞോ അറിയാതെയോ സമര്‍ത്ഥിക്കാന്‍ ശ്രമിച്ചിരുന്നു.

കേരളം ഭരിക്കുന്നവര്‍ കേന്ദ്രവുമായി സഹകരിക്കുന്നതിന് പകരം കേന്ദ്രവുമായി കലഹത്തിനും കേന്ദ്രത്തിനെതിരെ സമരത്തിനും പോവുകയാണെന്ന് കോണ്‍ഗ്രസ് അലമുറയിട്ടിരുന്നു. കേന്ദ്രം പറയുന്നതെന്തും അനുസരിക്കണം, അതിനെതിരെ ഒന്നും ഉരിയാടാന്‍ പാടില്ല. സംസ്ഥാനങ്ങള്‍ അച്ചടക്കമുള്ളവയാവണം. ഇതൊക്കെയായിരുന്നു അന്നും ഇന്നും എന്നും കോണ്‍ഗ്രസിന്റെ കാഴ്ചപ്പാട്.

ചുരുക്കത്തില്‍ സംസ്ഥാനങ്ങള്‍ കേന്ദ്രത്തിന്റെ സാമന്തരാജാക്കന്‍മാരാണ്. കപ്പം കൊടുത്ത് അടിമത്തം വിലക്കുവാങ്ങി താണുവണങ്ങി നില്‍ക്കേണ്ടവര്‍. ഒരര്‍ത്ഥത്തില്‍ സംസ്ഥാനങ്ങള്‍ കേന്ദ്രത്തിന് കപ്പം കൊടുക്കുന്നവര്‍ തന്നെയാണ്. സംസ്ഥാനം പിരിച്ചെടുക്കുന്ന നികുതിപ്പണമൊക്കെ വെട്ടിവിഴുങ്ങുന്നത് കേന്ദ്രഭരണം തന്നെയാണല്ലോ. എന്നിട്ടും കേന്ദ്രവിഹിതം എന്ന പേരില്‍ ചില നാണയത്തുട്ടുകള്‍ സംസ്ഥാനങ്ങള്‍ക്ക് എറിഞ്ഞുകൊടുക്കുകയാണ് ചെയ്യുന്നത്.

ഇങ്ങനെ പിരിച്ചെടുക്കുന്ന കാശിന്റെ ഭീമമായ ഒരു ഭാഗം കേന്ദ്രം ഭരിക്കുന്നവര്‍ ആദര്‍ശ് ഫ് ളാറ്റ് എന്ന പേരിലും കോമണ്‍വെല്‍ത്ത് ഗെയിംസ് എന്ന പേരിലും 2ജി സ്‌പെക്ട്രം എന്ന പേരിലുമൊക്കെ വെട്ടിവിഴുങ്ങുന്നു. കേന്ദ്രസഹായത്തോടെ കേന്ദ്രം നടപ്പാക്കാന്‍ ബാധ്യസ്ഥമായ ചില പദ്ധതികള്‍ സംസ്ഥാനത്ത് നടപ്പാക്കിയാല്‍ അതൊരു ആനക്കാര്യമായി പാടിനടക്കുന്നു. ഇക്കഴിഞ്ഞ സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിലും കേന്ദ്രസഹായത്തോടെ ഇവിടെ നടപ്പാക്കിക്കൊണ്ടിരുന്ന ചില പദ്ധതികളായിരുന്നു കോണ്‍ഗ്രസിന്റെ മുഖ്യ തിരഞ്ഞെടുപ്പ് വിഷയങ്ങളിലൊന്ന്.

ഇത്തരം പദ്ധതികള്‍ ഇനി കേരളത്തിന് ലഭിക്കണമെങ്കില്‍ കേരളത്തിലും കോണ്‍ഗ്രസിന് മേധാവിത്വമുള്ള മന്ത്രിസഭ ഉണ്ടാകണം എന്ന ജനാധിപത്യവിരുദ്ധവും ഭരണഘടനാവിരുദ്ധവും തിരഞ്ഞെടുപ്പ് ചട്ടങ്ങളുടെ നഗ്നമായ നിരാകരണവുമായ സമീപനം പ്രതിരോധമന്ത്രി ആന്റണി തന്നെ തുടക്കം മുതല്‍ ഒടുക്കം വരെ സ്വീകരിച്ചു. ഈ ജനാധിപത്യ വാദികള്‍ ജനാധിപത്യത്തിന്റെ അര്‍ത്ഥം എന്നാണ് ശരിക്കും തിരിച്ചറിയുക?

ഇ.എം.എസിന്റെ ‘ഭരണവും സമരവും എന്ന പ്രയോഗത്തിന്റെ വ്യാപ്തി ഇതിനേക്കാളേറെയായിരുന്നു. അത് വെറും കേന്ദ്രവിരുദ്ധ സമരമല്ല. ഭരിക്കുന്ന സര്‍ക്കാരിനെ തിരുത്താനും അവര്‍ കൈക്കൊള്ളുന്ന ഭരണനടപടികളില്‍ പ്രതിഷേധാര്‍ഹമായതിനെ പ്രതിഷേധിക്കാനും ഭരണവൈകല്യങ്ങള്‍ക്കെതിരെ പ്രതിരോധിക്കാനും അവരെ തിരഞ്ഞെടുത്ത ജനങ്ങള്‍ക്കും ആ ജനങ്ങളെ നയിക്കുന്ന പാര്‍ട്ടിക്കും ഉണ്ടെന്നതായിരുന്നു അതിന്റെ കാതല്‍.

കോണ്‍ഗ്രസ് സംസ്‌കാരത്തിലുള്ളതുപോലെ ജനങ്ങളെ നയിക്കുന്നത് മന്ത്രിമാരും എം.എല്‍.എമാരുമല്ല, പാര്‍ട്ടിയാണ്. പാര്‍ട്ടി തന്നെയാണ് ഭരണത്തിന്റെ ചുക്കാന്‍ പിടിക്കുന്നതും. ഭരിക്കാന്‍ വേണ്ടി ജനവിരുദ്ധമാകാന്‍ പാര്‍ട്ടിക്കാവില്ല. ജനസമരങ്ങള്‍ രൂപം കൊടുക്കുകയും ജനസമരങ്ങള്‍ക്കായി സൃഷ്ടിക്കപ്പെടുകയും ചെയ്യുന്ന ഒരു പാര്‍ട്ടിക്ക് എല്ലാ കാലത്തും സമരത്തിന്റെ പാതയില്‍ അടിയുറച്ച് നില്‍ക്കേണ്ടി വന്നു.

ഇതായിരുന്നു ‘ഭരണവും സമരവും’ എന്നതിന്റെ താത്വികമായ നിലപാട്. മാത്രമല്ല അനുസ്യൂത വിപ്ലവം തുടര്‍ച്ചയായ വിപ്ലവം എന്നൊക്കെയുള്ള മാര്‍ക്‌സിയന്‍ നിലപാട് തന്നെയാണിത.് ഭരണം കിട്ടുന്നതോടെ സമരം അവസാനിക്കുന്നില്ല. അതാരംഭിക്കുക മാത്രമാണ് ചെയ്യുന്നത്.

സഖാവ് വി.എസ്. അച്യുതാനന്ദനെ ഭരണകക്ഷിയിലെ പ്രതിപക്ഷം എന്ന് പരക്കെ ചിത്രീകരിക്കാറും വിമര്‍ശിക്കാറുമുണ്ട്. അത് അച്യുതാനന്ദന്റെ സമീപനങ്ങളുടെ ശോഭ വര്‍ധിപ്പിക്കുക മാത്രമാണ് ചെയ്യുന്നത്. ഭരണത്തിലിരുന്നുകൊണ്ട് ഭരണത്തിനെതിരെ കലാപം നടത്താന്‍ അപൂര്‍വ്വം പേര്‍ക്കേ കഴിയുകയുള്ളൂ. അതിനുള്ള ധൈര്യവും ആര്‍ജ്ജവവും അപൂര്‍വ്വം ചിലര്‍ക്കേ ഉണ്ടാവാറുള്ളൂ. കേന്ദ്രത്തിനെതിരേയും സ്വന്തം സംസ്ഥാന ഭരണത്തിലെ ചില വൈകല്യങ്ങള്‍ക്കെതിരേയും അച്യുതാനന്ദന്‍ എന്നും നിലപാടുകള്‍ എടുത്തിരുന്നു.

അച്യുതാനന്ദന്‍ ഇപ്പോള്‍ നടത്തുന്ന നിരാഹാരം കേന്ദ്രത്തിനെതിരെ തന്നെയാണ്. ഈ തലമുറയേയും വരുംതലമുറകളേയും ഇല്ലാതാക്കുന്ന കൊടിയ വിഷമായ എന്‍ഡോസള്‍ഫാന്‍ നിരോധിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കേന്ദ്രത്തിനെതിരെ ഒരു ബഹുജനസമരമാണ് അച്യുതാനന്ദന്‍ നയിക്കുന്നത്.

എന്‍ഡോസള്‍ഫാന്‍ മാരകമായ ജനിതക വൈകല്യം വരുത്തുന്നുവെന്ന് പതിറ്റാണ്ടുകളായി തെളിഞ്ഞിട്ടും കാസര്‍കോട്ടെ നിരവധി ഗ്രാമങ്ങള്‍ അതിന്റെ ജീവിക്കുന്ന തെളിവുകളായിട്ടും ലോകത്തിലെ എന്‍പത്തൊന്‍പത് രാജ്യങ്ങള്‍, അതാദ്യം ഉല്‍പാദിപ്പിക്കാനും ഉപയോഗിക്കാനും ആരംഭിച്ച അമേരിക്ക ഉള്‍പ്പെടെ എന്‍ഡോസള്‍ഫാന്‍ നിരോധിച്ചിട്ടും ഇന്ത്യയില്‍ അത് നിരോധിക്കാന്‍ തെളിവുകളില്ലെന്നും , പൂര്‍ണമായി തെളിയിക്കപ്പെടുന്നതുവരെ അത് നിരോധിക്കാനാവില്ലെന്നും പറയുന്ന കേന്ദ്രഭരണത്തിനെതിരെ ശരത് പവാറിനും ജയറാം രമേശിനും പ്രധാനമന്ത്രി മന്‍മോഹന്‍ സിംങ്ങിനെതിരെയുമാണ് അച്യുതാനന്ദന്‍ നിരാഹാര വ്രതം അനുഷ്ഠിക്കാന്‍ പോകുന്നത്.

ഇനിയെന്ത് തെളിവാണ് കേന്ദ്രത്തിന് വേണ്ടതെന്ന് അറിയില്ല. അന്വേഷണത്തിനും തെളിവെടുപ്പിനും കാലപരിധി നിശ്ചയിക്കാനാവില്ലെന്ന് കേന്ദ്രമന്ത്രിമാര്‍ ശഠിക്കുന്നു. ആഗോള പരിസ്ഥിതി സമ്മേളത്തില്‍ ഇന്ത്യ സ്വീകരിക്കുന്ന നിലപാട് എന്‍ഡോസള്‍ഫാന്‍ അനുകൂലമായിരിക്കുമെന്ന് ഇതോടെ വെളിവാക്കപ്പെട്ടിരിക്കുന്നു.

യു.പി.എ ആണോ ഇന്ത്യ ഭരിക്കുന്നത്, അതോ കീടനാശിനികള്‍ ഉണ്ടാക്കുന്ന കുത്തക കമ്പനികളൊ? എന്‍ഡോസള്‍ഫാനെതിരെയുള്ള ജനകീയ സമരത്തിന് ഞങ്ങളും പങ്കുചേരുന്നു. ഭരണത്തിലുള്ളതുകൊണ്ട് ഒരു മുഖ്യമന്ത്രിക്ക് ചെയ്യാന്‍ കഴിയുന്ന ഏറ്റവും വലിയ കാര്യങ്ങള്‍ ഇതുതന്നെയാണെന്ന് ഞങ്ങള്‍ കരുതുന്നു.