തിരുവനന്തപുരം: എന്‍ഡോസള്‍ഫാന്‍ നിരോധിക്കുന്നത് സംബന്ധിച്ച് കേന്ദ്രസര്‍ക്കാരിന്റെ നിലപാട് പിടിവാശിയാണെന്ന് മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ കുറ്റപ്പെടുത്തി. ഉപവാസം സമരം രാഷ്ട്രീയപ്രേരിതമാണെന്ന പ്രതിപക്ഷ ആരോപണം ശുദ്ധ അസംബന്ധമാണ്. സ്റ്റോക്‌ഹോം കണ്‍വെന്‍ഷനില്‍ ഇന്ത്യ എന്‍ഡോസള്‍ഫാന്‍ നിരോധിക്കുന്നതിന് അനുകൂലമായി തീരുമാനമെടുക്കണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം പാളയം രക്തസാക്ഷി മണ്ഡപത്തിനു മുന്നില്‍ ഉപവാസം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

Subscribe Us:

സമരം രാഷ്ട്രീയപ്രേരിതമല്ല. ജീവിക്കുവാനുള്ള അവകാശത്തിന് വേണ്ടിയാണ് ഉപവാസം. മന്ത്രിസഭയിലെ ചില അംഗങ്ങളുടെ പിടിവാശി വിജയിക്കണമെന്ന നിലയിലാണ് കേന്ദ്രസര്‍ക്കാര്‍ നീങ്ങുന്നത് . പ്രശ്‌നത്തെ രാഷ്ട്രീയവത്കരിക്കുന്നത് കേന്ദ്രവും കോണ്‍ഗ്രസുമാണ്. എല്ലാ സംസ്ഥാനങ്ങളിലും ദുരിതമുണ്ടായെങ്കിലേ എന്‍ഡോസള്‍ഫാന്‍ നിരോധിക്കാനുള്ള നടപടിയെടുക്കാനാകൂവെന്ന പ്രധാനമന്ത്രിയുടെയും കേന്ദ്രസര്‍ക്കാരിന്റെയും നിലപാട് ഖേദകരമാണ്.

പ്രധാനമന്ത്രിയുടെ നിലപാട് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും അത് തിരുത്തണമെന്നും ആണ് സര്‍വകക്ഷിസംഘം അദ്ദേഹത്തെ സന്ദര്‍ശിച്ച് ആവശ്യപ്പെട്ടതെന്നും എന്നാല്‍ ഇതും ഗൗനിച്ചില്ലെന്നും വി.എസ് ചൂണ്ടിക്കാട്ടി.

രാവിലെ 10 മുതല്‍ വൈകുന്നേരം അഞ്ചുവരെ പാളയം രക്തസാക്ഷി മണ്ഡപത്തിനു മുന്നിലാണ് ഉപവാസം.

മന്ത്രിമാര്‍, എം.പിമാര്‍, എം.എല്‍.എമാര്‍, എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍, സാംസ്‌കാരിക പ്രവര്‍ത്തകര്‍ എന്നിവര്‍ ഉപവാസത്തില്‍ ക്കുന്നുണ്ട്. പ്രതിപക്ഷനേതാവ് ഉമ്മന്‍ ചാണ്ടി അടക്കമുള്ള രാഷ്ട്രീയ നേതാക്കളെയും, മറ്റ് പ്രതിപക്ഷകക്ഷികളേയും ഉപവാസ ത്തിലേക്കു ക്ഷണിച്ചിട്ടുണ്ട്. എന്നാല്‍ അവര്‍ പങ്കെടുക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്. സമരം രാഷ്ട്രീയപ്രേരിതമാണെന്ന് ആരോപിച്ചാണ് പ്രതിപക്ഷം ഉപവാ സത്തില്‍ പങ്കെടുക്കില്ലെന്ന് വ്യക്തമാക്കിയത്.ബി.ജെ.പിയും മുസ്ലീം ലീഗ് വിദ്യാര്‍ത്ഥിസംഘടനയായ എം.എസ്.എഫും മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ നേതൃത്വത്തില്‍ നടക്കുന്ന ഉപവാസത്തില്‍ പങ്കെടുക്കുന്നുണ്ട്.

എന്‍ഡോസള്‍ഫാന്‍ വിഷയത്തില്‍ രാഷ്ട്രീയമില്ലെന്നും ആരെങ്കിലും മുന്‍കൈയെടുക്കണമെന്നുള്ളതുകൊണ്ടാണു സര്‍ക്കാര്‍ സമരം ഏറ്റെടുത്തതെന്നും തീരുമാനം മാറ്റണമെന്നും നിയമ മന്ത്രി എം. വിജയകുമാര്‍ പ്രതിപക്ഷത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ദുരന്തത്തിനിരയായ ഷാഹിനയായിരിക്കും നാരങ്ങാനീര്‍ നല്‍കി മുഖ്യമന്ത്രിയുടെ ഉപവാസം അവസാനിപ്പിക്കുക. രക്തസാക്ഷി മണ്ഡപത്തില്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടക്കുന്ന ഉപവാസത്തിനു പുറമേ മന്ത്രിമാരുടെ നേതൃത്വത്തില്‍ മറ്റു 13 ജില്ലകളിലും എന്‍ഡോസള്‍ഫാന്‍ വിരുദ്ധ കൂട്ടായ്മയും പ്രതിജ്ഞ എടുക്കലും നടക്കും.