എഡിറ്റര്‍
എഡിറ്റര്‍
സത്യമേവ ജയതേയിലെ പരാമര്‍ശം: ഡോ.മോഹന്‍കുമാറിനെതിരെ എന്‍ഡോസള്‍ഫാന്‍ കമ്പനി
എഡിറ്റര്‍
Thursday 27th September 2012 9:07am

കാസര്‍ഗോഡ്: ഡോ.മോഹന്‍ കുമാറിനെതിരെ വീണ്ടും എന്‍ഡോസള്‍ഫാന്‍ കമ്പനിയുടെ വക്കീല്‍ നോട്ടീസ്. എന്‍ഡോസള്‍ഫാന്റെ ദുരന്തങ്ങള്‍ ലോകത്തെ അറിയിച്ച എന്‍മകജെ സ്വര്‍ഗയിലെ ഡോ. വൈ.എസ് മോഹന്‍കുമാറിനെതിരെയാണ് കമ്പനി വക്കീല്‍ നോട്ടീസ് അയച്ചിരിക്കുന്നത്. മുംബൈ ആസ്ഥാനമായുള്ള യുനൈറ്റഡ് ഫോസ്ഫറസ് എന്ന എന്‍ഡോസള്‍ഫാന്‍ കമ്പനിയാണ് മോഹന്‍കുമാറിനെതിരെ നോട്ടീസ് അയച്ചത്.

Ads By Google

ബോളിവുഡ് താരം ആമിര്‍ഖാന്‍ അവതരിപ്പിച്ച റിയാലിറ്റി ഷോ ആയ സത്യമേവ ജയതേ എന്ന പരിപാടിയില്‍ പങ്കെടുത്തതിന്റെ പേരിലാണ് മോഹന്‍കുമാറിനെതിരെ വക്കീല്‍ നോട്ടീസ് അയച്ചത്. കീടനാശിനിയുടെ ദൂശ്യവശങ്ങളെ കുറിച്ച് മോഹന്‍ കുമാര്‍ പരിപാടിയില്‍ സംസാരിച്ചിരുന്നു. എന്‍മകജെ പഞ്ചായത്തില്‍ മാത്രം എന്‍ഡോസള്‍ഫാന്‍ മൂലം ആറായിരത്തോളം ഗര്‍ഭഛിദ്രങ്ങള്‍ നടന്നതായി മോഹന്‍കുമാര്‍ പരിപാടിയില്‍ പറഞ്ഞിരുന്നു. മോഹന്‍കുമാര്‍ പറഞ്ഞ കാര്യങ്ങള്‍ വസ്തുതാ വിരുദ്ധമാണെന്ന് കാണിച്ചാണ് കമ്പനി നോട്ടീസ് അയച്ചിരിക്കുന്നത്. 15 ദിവസങ്ങള്‍ക്കുള്ളില്‍ പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറഞ്ഞില്ലെങ്കില്‍ നിയമ നടപടിയെടുക്കുമെന്നും നോട്ടീസില്‍ പറയുന്നു.

ടെലിവിഷന്‍ ഷോയില്‍ പങ്കെടുത്ത മറ്റ് ഡോക്ടര്‍മാര്‍ക്കെതിരെയും കമ്പനി നോട്ടീസ് അയച്ചിട്ടുണ്ട്. ദല്‍ഹി, പഞ്ചാബ്, കാണ്‍പൂര്‍, എന്നിവിടങ്ങളിലെ ഡോക്ടര്‍മാര്‍ക്കെതിരെയാണ് നോട്ടീസ് അയച്ചത്. ഇതിന് മുമ്പ് രണ്ട് തവണ മോഹന്‍കുമാറിന് കമ്പനി നോട്ടീസ് അയച്ചിരുന്നു. എന്നാല്‍ ഇതിന് മറുപടിയായി എന്‍ഡോസള്‍ഫാന്റെ ദൂഷ്യവശങ്ങള്‍ കാണിച്ച് മോഹന്‍കുമാര്‍ മറുപടി അയച്ചതോടെ കമ്പനി നോട്ടീസ് പിന്‍വലിക്കുകയായിരുന്നു.

എന്‍മകജെയിലെ മോഹന്‍കുമാറിന്റെ ക്ലിനിക്കിലെത്തുന്ന രോഗികളുടെ ദൈന്യതയാണ് മോഹന്‍കുമാറിനെ എന്‍ഡോസള്‍ഫാനെതിരെ പോരാടാന്‍ പ്രേരിപ്പിച്ചത്. തുടര്‍ന്ന് പത്രുപ്രവര്‍ത്തകനായ ശ്രീ പെദ്രയോടൊപ്പം ചേര്‍ന്ന് എന്‍ഡോസള്‍ഫാന്‍ ദുരന്തങ്ങളെ ദേശീയ മാധ്യമങ്ങളുടെ ശ്രദ്ധയിലേക്ക് കൊണ്ടുവരികയായിരുന്നു മോഹന്‍കുമാര്‍. ഇതിനെ തുടര്‍ന്നാണ് എന്‍ഡോസള്‍ഫാന്‍ കമ്പനിക്കെതിരെ പെരിയയിലെ ലീലാകുമാരിയമ്മ കേസ് ഫയല്‍ ചെയ്തത്. കമ്പനിക്കെതിരെ ആദ്യമായി കേസ് ഫയല്‍ ചെയ്തത് ലീലാകുമാരിയമ്മയായിരുന്നു.

ആദ്യകാലങ്ങളില്‍ ഒറ്റപ്പെട്ട പ്രതിഷേധം പിന്നീട് ശക്തി പ്രാപിക്കുകയായിരുന്നു. എന്നാല്‍ കാസര്‍ഗോഡിലെ ദുരന്തത്തിന് കാരണം എന്‍ഡോസള്‍ഫാനല്ല എന്ന് വരുത്തിത്തീര്‍ക്കാനുള്ള ശ്രമത്തിലാണ് എന്‍ഡോസള്‍ഫാന്‍ കമ്പനി.

Advertisement