കാസര്‍കോട്: എന്‍ഡോസള്‍ഫാനെക്കുറിച്ച് പഠിക്കാനെത്തുന്ന കേന്ദ്ര പഠനസംഘത്തിന്റെ തലവന്‍ സി.ഡി മായി എന്‍ഡോസള്‍ഫാന്റെ ദല്ലാളാണെന്ന് പിണറായി വിജയന്‍. സി.ഡി മായിയുടെ അന്വേഷണവുമായി സഹകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. കാസര്‍കോട് ബോവിക്കാലിയില്‍ നടത്തിയ പ്രതിഷേധജാഥ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

എന്‍ഡോസള്‍ഫാന്‍ വിഷയത്തില്‍ നാണം കെട്ട നിലപാടാണ് കേന്ദ്രം സ്വീകരിച്ചിരിക്കുന്നത്. കേരളത്തിലെ ജനങ്ങളുടെ ക്ഷമ പരീക്ഷിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.

എന്‍ഡോസള്‍ഫാന്‍ പഠന സംഘത്തിന്റെ അധ്യക്ഷനായി സി.ഡി മായിയെ നിയോഗിച്ചിരുന്നു. മായിയെ പഠനസംഘത്തിന്റെ തലവനായി നിയോഗിച്ചതിനെതിരെ അന്നുതന്നെ വിമര്‍ശനങ്ങളുയര്‍ന്നിരുന്നു.

സി ഡി മായിയെ പഠനസംഘത്തിന്റെ നേതൃസ്ഥാനം നല്‍കുന്നത് കുറുക്കന്റെ കൈയ്യില്‍ കോഴിയെ സൂക്ഷിക്കാനേല്‍പ്പിക്കുന്നതുപോലെയാണെന്ന് വനംമന്ത്രി ബിനോയ് വിശ്വം പറഞ്ഞിരുന്നു. വിഷയത്തില്‍ കേന്ദ്രത്തിന് നീചമായ താല്‍പ്പര്യമുണ്ടെന്നാണ് പുതിയ സംഭവവികാസങ്ങള്‍ സൂചിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു.