Administrator
Administrator
എന്‍ഡോസള്‍ഫാന്‍ നിരോധനം: കേസ് ഇന്ന് പരിഗണിക്കും
Administrator
Monday 26th September 2011 10:07am

muringoor caseന്യൂദല്‍ഹി: എന്‍ഡോസള്‍ഫാന്‍ നിരോധനം സംബന്ധിച്ച കേസ് സുപ്രീം കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കെട്ടിക്കിടക്കുന്ന എന്‍ഡോസള്‍ഫാന്‍ കയറ്റുമതി ചെയ്യാന്‍ അനുവദിക്കണം എന്ന എന്‍ഡോസള്‍ഫാന്‍ ഉത്പാദകരുടെ ആവശ്യം സംബന്ധിച്ച വാദമാകും പ്രധാനമായി പരിഗണിക്കുക. കോടതി നിയോഗിച്ച പ്രത്യേക പഠനസമിതി എന്‍ഡോസള്‍ഫാന്‍ കയറ്റുമതി ചെയ്യുന്നതിന് അനുകൂലമായി നേരത്തെ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എന്നാല്‍ ഡി.വൈ.എഫ്.ഐ അടക്കം കേസിലെ പരാതിക്കാര്‍ കയറ്റുമതിയെ എതിര്‍ക്കുന്ന നിലപാടിലാണ്.  എന്‍ഡോസള്‍ഫാന്‍ കെട്ടിക്കിടക്കുന്നത് അപകടമുണ്ടാക്കുമെന്നും അത് നിര്‍വീര്യമാക്കാന്‍ കൂടുതല്‍ പണം ചെലവാക്കണമെന്നും അതിലും ലാഭം കയറ്റുമതി ചെയ്യുകയാണെന്നുമാണ് കൃഷി മന്ത്രാലയം സ്വീകരിച്ച നിലപാട്. ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.

എന്നാല്‍ ഈ കേസില്‍ കേരള സംസ്ഥാനത്തിന്റെ വാദങ്ങളെ ദുര്‍ബ്ബലമാക്കുന്ന രേഖകളാണ് ഇപ്പോഴും കോടതിയില്‍ നിലനില്‍ക്കുന്നത്. കാസര്‍കോഡ് ജില്ലയിലെ ആരോഗ്യപ്രശ്‌നങ്ങള്‍ എന്‍ഡോസള്‍ഫാന്‍ മൂലമാണെന്ന് തെളിയിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നാണ് സംസ്ഥാന കൃഷിവകുപ്പ് ഉദ്യോഗസ്ഥര്‍ കേന്ദ്രകൃഷിമന്ത്രാലയത്തെ അറിയിച്ചത്. ആ രേഖകളാണ് സുപ്രീംകോടതി നിയോഗിച്ച സമിതി കേരളത്തിന്റെ നിലപാടായി കോടതിയില്‍ അറിയിച്ചിരിക്കുന്നത്. ഈ വിഷയം രേഖകള്‍ സഹിതം വാര്‍ത്തയായിട്ടും അത് അന്വേഷിക്കാനോ നിലപാട് തിരുത്താനോ സംസ്ഥാന കൃഷി മന്ത്രി തയ്യാറായിട്ടില്ല. ഇത് കേസിനെ ദോഷകരമായി ബാധിക്കുമെന്നാണ് നിയമവിദഗ്ദ്ധര്‍ നിരീക്ഷിക്കുന്നത്.

സുപ്രീംകോടതിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് എന്‍ഡോസള്‍ഫാനെതിരെയുള്ള ബദല്‍ നിര്‍ദേശിക്കാനായി കേന്ദ്ര കാര്‍ഷിക കമ്മീഷണര്‍ ഡോക്ടര്‍ ഗുരു ഭജന്‍ സിങ്ങ് വിളിച്ചുചേര്‍ന്ന യോഗത്തില്‍ കേരളത്തില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ എന്‍ഡോസള്‍ഫാന്‍ അനുകൂല നിലപാടാണ് സ്വീകരിച്ചതെന്ന് ഡൂള്‍ ന്യൂസ് നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. കാര്‍ഷിക അഡീഷണല്‍ ഡയറക്ടര്‍ വി. പുഷ്പാംഗദന്‍, കാര്‍ഷിക സര്‍വ്വകലാശാലയിലെ നസീമാ ബീവി, ഹോള്‍ട്ടി കള്‍ച്ചറല്‍ ഡിവിഷനിലെ പ്രതാപന്‍ എന്നീ ഉദ്യോഗസ്ഥരാണ് കേരളത്തെ പ്രതിനിധീകരിച്ച് യോഗത്തില്‍ പങ്കെടുത്തിരുന്നത്.

കേരളത്തില്‍ ആകാശമാര്‍ഗ്ഗം 20 വര്‍ഷം എന്‍ഡോസള്‍ഫാന്‍ തളിച്ചെന്നും 2001ല്‍ ചില ആരോഗ്യപ്രശ്‌നങ്ങള്‍ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും കൃഷി വകുപ്പ് ചില പഠനങ്ങള്‍ നടത്തിയതായും ഉദ്യോഗസ്ഥര്‍ യോഗത്തില്‍ അറിയിച്ചിരുന്നു. എന്നാല്‍ ഒരു പഠനത്തിലും എന്‍ഡോസള്‍ഫാനാണ് ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കിയത് എന്ന് തെളിയിക്കാനായിട്ടില്ലെന്നാണ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയത്.

എന്‍ഡോസള്‍ഫാന് അനുകൂലമായി കേരളവും: രേഖകള്‍ ഡൂള്‍ന്യൂസിന്‌

എന്‍ഡോസള്‍ഫാന്‍ ഉല്പാദകര്‍ കോണ്‍ഗ്രസിന് നല്‍കിയത് 50 ലക്ഷം

Advertisement