മദീന മുനവ്വറ: മനുഷ്യജീവനു ഭീഷണിയാണെന്ന് നിസ്തര്‍ക്കം തെളിയിക്കപ്പെടുകയും മാരകമാണെന്നതിന്റെ പേരില്‍ 84 രാജ്യങ്ങളില്‍ ഇതിനകം നിരോധിക്കുകയും ചെയ്ത എന്‍ഡോസള്‍ഫാന്‍, ചെലവു കുറഞ്ഞ ബദലുകള്‍ ലഭ്യമല്ലെന്ന ന്യായം പറഞ്ഞ് നിരോധിക്കുവാന്‍ സാധ്യമല്ലെന്ന പ്രധാന മന്ത്രിയുടെ പ്രഖ്യാപനം അങ്ങേയറ്റം നിരാശാജനകമാണെന്നും ഇത് ഉടന്‍ പുനപരിശോധിക്കണമെന്നും മദീനയില്‍ ചെര്‍ന്ന രിസാല സ്റ്റഡി സര്‍ക്കിള്‍ (ആര്‍.എസ്.സി) നാഷണല്‍ എക്‌സിക്യുട്ടീവ് അംഗീകരിച്ച പ്രമേയനം ആവശ്യപ്പെട്ടു.

ഇനിയും ഇന്ത്യന്‍ വൈദ്യ ശാസ്ത്ര ഗവേഷണ കൌണ്‍സിലിനെ (ഐ.സി.എം.ആര്‍) പഠന റിപ്പോര്‍ട്ട് ലഭിക്കാന്‍ കാത്തുനില്‍ക്കുന്നത് ഇരകളോട് കാണിക്കുന്ന അവകാശലംഘനമാണെന്നതില്‍ സംശയമില്ല. ഓര്‍ഗാനോ ക്ലോറിന്‍ വിഭാഗത്തില്‍പെട്ട ഈ രാസകീടനാശിനി മനുഷ്യജീവികള്‍ക്കും പരിസ്ഥിതിക്കും അത്യന്തം അപകടകരമാണെ് ഇതിനകം തെളിയിക്കപ്പെട്ടതാണ്. ജീവനാശം വരുത്തുമെന്ന് അനുഭവങ്ങളിലൂടെയും നിരവധി പഠനങ്ങളിലൂടെയും തെളിയിക്കപ്പെട്ടിട്ടും കേന്ദ്രസര്‍ക്കാര്‍ ഇതു നിരോധിക്കുവാന്‍ മടികാണിക്കുന്നത് മുത്തകമുതലാളിമാരുടെ താല്‍പര്യം സംരക്ഷിക്കാന്‍ മാത്രമെ ഉപകരിക്കുകയുള്ളൂ.

യു.പി.എ സര്‍ക്കാര്‍ എന്‍ഡോസള്‍ഫാനിന് അനൂകൂലമായ നിലപാടാണ് സ്വീകരിക്കുന്നതെന്ന് പരക്കെ ആക്ഷേപമുണ്ട്. കഴിഞ്ഞ കാലങ്ങളില്‍ എന്‍ഡോള്‍സള്‍ഫാന് വേണ്ടി നിലകൊണ്ട രാജ്യങ്ങള്‍ക്കൊപ്പം ഇന്ത്യയുമുണ്ടായിരുന്നു.

സംസ്ഥാനത്ത് എന്‍ഡോസള്‍ഫാന്‍ ഇരകളുടെ എണ്ണം 2800 ആണെന്നാണ് ഇക്കഴിഞ്ഞ വ്യാഴാഴ്ച ആരോഗ്യമന്ത്രി പി. കെ ശ്രീമതി നിയമ സഭയില്‍ വ്യക്തമാക്കിയത്. അതില്‍ എത്രപേരാണ മരണത്തിന് കീഴടങ്ങിയതെന്ന കണക്കൊന്നും സര്‍ക്കാരിന്റെ കയ്യിലില്ല
ഏപ്രില്‍ 25 ന് ജനീവയിലെ സ്റ്റോക്ക് ഹോമില്‍ ചേരുന്ന കീടനാശിനി നിരോധന കണ്‍വെണ്‍ഷനില്‍ ജനപക്ഷം ചേര്‍ന്ന് ഇന്ത്യ ശബ്ദിക്കണം. മനുഷ്യജീവനും അഗോള പരിസ്ഥിതിക്കും ഹാനികരമാവുന്ന 136 ഇനങ്ങളില്‍ നിന്നും ഏറ്റവും അപകടകാരിയായ രാസവസ്തുക്കളില്‍ എന്‍ഡോസള്‍ഫാനെ ഉള്‍പ്പെടുത്താന്‍ ഇന്ത്യ ശക്തമായി സമ്മര്‍ദ്ദം ചെലുത്തിയേ മതിയാകൂവെന്ന് പ്രമേയം ആവശ്യപ്പെട്ടു.

എസ് എസ് എഫ് മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയും ആര്‍ എസ് സി ഗള്‍ഫ് ചാപ്റ്റര്‍ കോ-ഓര്‍ഡിനേറ്ററുമായ ആര്‍ പി ഹുസൈന്‍ മാസ്റ്റര്‍ വിഷയമവതരിപ്പിച്ചു ലുഖ്മാന്‍ പാഴൂര്‍ ഉദ്ഘാടനം ചെയ്തു. രിസാല സ്റ്റഡി സര്‍ക്കിള്‍ സൗദി നാഷണല്‍ ചെയര്‍മാന്‍ മഹ്മൂദ് സഖാഫി അധ്യക്ഷത വഹിച്ചു, വിവിധ സോണ്‍ കമ്മറ്റികളെ പ്രതിനിധീകരിച്ചു ശബീര്‍ മാറഞ്ചേരി (ജിദ്ദ), സിറാജ് വേങ്ങര (രിയാദ്) ത്വല്‍ഹത്ത് (ത്വാഇഫ്), ഇബ്രാഹീം സഖാഫി (ജുബൈല്‍) റഹീം കോട്ടക്കല്‍ (ബുറൈദ), ഇബ്രാഹീം സഖാഫി (ഹായില്‍) മുഹ് യുദ്ദീന്‍ സഖാഫി എന്നിവര്‍ പ്രസംഗിച്ചു. ആര്‍ എസ് സി കണ്‍വീനര്‍ ഖാസിം പേരാമ്പ്ര സ്വാഗതവും റഹീം കോട്ടക്കല്‍ നന്ദിയും പറഞ്ഞു.