കൊച്ചി: എന്‍ഡോസള്‍ഫാന്‍ നിരോധനവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ കൊഴുക്കുന്നു. എന്‍ഡോസള്‍ഫാന്‍ സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ എടുത്ത തീരുമാനം ജനവിരുദ്ധമാണെന്ന് മുഖ്യമന്ത്രി വി എസ് അച്ച്യൂതാനന്ദന്‍ പറഞ്ഞു. സംസ്ഥാനത്തുനിന്നുള്ള എം പിമാരുടെ യോഗത്തില്‍ പങ്കെടുക്കവേയാണ് വി എസ് കേന്ദ്രനീക്കത്തിനെതിരേ ആഞ്ഞടിച്ചത്.

രാസവസ്തുക്കളെക്കുറിച്ചുള്ള സ്റ്റോക്ക്‌ഹോം കണ്‍വെന്‍ഷനില്‍ ഇന്ത്യ സ്വീകരിച്ച നിലപാട് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. കാസര്‍ക്കോഡ് ജില്ലയില്‍ എന്‍ഡോസള്‍ഫാന്റെ ദുരന്തഫലം പേറി നിരവധി ആളുകള്‍ ജീവിക്കുന്നുണ്ട്. ഇവര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണമെന്ന് വി എസ് ആവശ്യപ്പെട്ടു. എന്‍ഡഡോസള്‍ഫാന്‍ നിരോധിക്കാന്‍ കേന്ദ്രസര്‍ക്കാറില്‍ സമ്മര്‍ദ്ദം ചെലുത്തേണ്ട ചുമതല എം പി മാര്‍ക്കുണ്ടെന്നും വി എസ് ഓര്‍മ്മിപ്പിച്ചു.

അതിനിടെ എന്‍ഡോസള്‍ഫാന്‍ വിഷയത്തില്‍ കേന്ദ്രഭക്ഷ്യ സഹമന്ത്രി എം വി തോമസിന്റെ നിലപാടിനോട്  യോജിപ്പില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി എം സുധീരന്‍. എന്‍ഡോസള്‍ഫാന്‍ നിലപാട് സംബന്ധിച്ച് കേന്ദ്രമന്ത്രി എടുത്ത നിലപാട് ജനവിരുദ്ധമാണെന്നും സുധീരന്‍ പറഞ്ഞു.

കേന്ദ്രമന്ത്രി തോമസ് ഒരു ചടങ്ങില്‍ പങ്കെടുക്കവേ എന്‍ഡോസള്‍ഫാന്‍ അനുകൂല പ്രസ്താവന നടത്തിയിരുന്നു. കശുവണ്ടിത്തോട്ടങ്ങളില്‍ എന്‍ഡോസള്‍ഫാന്‍ ഉപയോഗിക്കുന്നതുമൂലം സമീപത്തെ ആളുകള്‍ക്ക് പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നു എന്നതിന് തെളിവില്ലെന്നായിരുന്നു തോമസ് അഭിപ്രായപ്പെട്ടിരുന്നത്.