കൊച്ചി: എന്‍ഡോസള്‍ഫാന്‍ വിഷയത്തില്‍ പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ വെട്ടിലേക്ക്. കാസര്‍ക്കോട് കശുമാവിന്‍ തോട്ടങ്ങളില്‍ എന്‍ഡോസള്‍ഫാന്‍ തളിച്ച പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെ നടപടി നിയമവിരുദ്ധമാണെന്ന് കേന്ദ്രകൃഷി മന്ത്രാലയം ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

1992നുശേഷം ആകാശമാര്‍ഗ്ഗം എന്‍ഡോസള്‍ഫാന്‍ തളിക്കാന്‍ പ്ലാന്റേഷന്‍ കോര്‍പ്പറേഷന് അനുമതി നല്‍കിയിരുന്നില്ലെന്നും കീടനാശിനി തളിച്ച പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെ നടപടി നിയമവിരുദ്ധമാണെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. കേന്ദ്ര കീടനിയന്ത്രണ ബോര്‍ഡിന്റെ അനുമതി ഇല്ലാതെയാണ് എട്ടുവര്‍ഷം കോര്‍പ്പറേഷന്‍ കീടനാശിനി തളിച്ചതെന്നും ഇതോടെ വ്യക്തമായി.

ആകാശമാര്‍ഗ്ഗം എന്‍ഡോസള്‍ഫാന്‍ തളിക്കാന്‍ അനുമതിക്കുള്ള ചോദ്യം പോലും ഉദിക്കുന്നില്ലെന്നും ഇതുസംബന്ധിച്ച കാര്‍ഷിക ഗവേഷണ സമിതിയുടെ റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ കേന്ദ്രം നിലപാട് വ്യക്തമാക്കുമെന്നും ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു.