dyfiതിരുവനന്തപുരം: എന്‍ഡോസള്‍ഫാന്‍ നിരോധിക്കണം എന്നാവശ്യപ്പെട്ടു സംസ്ഥാന വ്യാപകമായി ഇടതുമുന്നണി പ്രഖ്യാപിച്ച ഹര്‍ത്താല്‍ പൂര്‍ണ്ണം. കടകമ്പോളങ്ങള്‍ അടഞ്ഞുകിടക്കുകയാണ്. സ്വകാര്യവാഹനങ്ങള്‍ നിരത്തിലിറങ്ങുന്നില്ല.

രാവിലെ ആറു മുതല്‍ വൈകുന്നേരം ആറു വരെയാണു ഹര്‍ത്താല്‍. ഇരുചക്ര വാഹനങ്ങള്‍, പാല്‍, പത്രം, ആശുപത്രി, വിവാഹം, ആരാധനാലയങ്ങള്‍ എന്നിവയെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.കെഎസ്ആര്‍ടിസി ബസുകള്‍ പരിമിതമായ സര്‍വീസുകള്‍ നടത്തും. വൈകുന്നേരം ആറിനുശേഷം സാധാരണ സര്‍വീസുകള്‍ ഉണ്ടായിരിക്കും. കൊച്ചിയിലും മറ്റും ഐ.ടി വ്യവസായ മേഖലകളിലേക്ക് തൊഴിലാളികള്‍ക്കായ പ്രത്യേക വാഹനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഈ വാഹനങ്ങള്‍ക്ക് പോലീസ് കാവലേര്‍പ്പെടുത്തിയിട്ടുണ്ട്.

സംസ്ഥാനത്തൊട്ടുക്കും എല്‍.ഡി.എഫ്,ഡി.വൈ.എഫ്.ഐ നേതൃത്വത്തില്‍ എന്‍ഡോസള്‍ഫാന്‍ വിരുദ്ധ പ്രകടനം നടക്കുകയാണ്. വ്യാപാരി വ്യവസായി ഏകോപന സമിതിയും ഹര്‍ത്താലിന് പിന്തുണ നല്‍കിയിട്ടുണ്ട്. അനിഷ്ട സംഭവങ്ങള്‍ എവിടെയും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

പിണറായിയുടെ നേതൃത്വത്തില്‍ പ്രകടനം

തിരുവനന്തപുരം: എന്‍ഡോസള്‍ഫാന്‍ നിരോധിക്കണമെന്നാവശ്യപ്പെട്ട് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് പ്രകടനം നടന്നു.