ന്യൂദല്‍ഹി എന്‍ഡോസള്‍ഫാന്‍ രാഷ്ട്രീയവിഷയമാകുന്നത് എന്തുകൊണ്ടാണെന്ന് അറിയില്ലെന്ന് കേന്ദ്ര വനം പരിസ്ഥിതിവകുപ്പ് മന്ത്രി ജയറാം രമേശ്. കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ പ്രശ്‌നം രാഷ്ട്രീയ വിഷയമല്ല, മറിച്ച് മാനുഷിക വിഷയമാണ്.

ഈ വിഷയം ആറുവര്‍ഷമായി കേരളത്തില്‍ പലയിടത്തും നിലനില്‍ക്കുന്നുണ്ട്. ഇക്കാര്യത്തില്‍ അടിയന്തിര നടപടി ആവശ്യപ്പെട്ട് ഉമ്മന്‍ചാണ്ടിയടക്കമുള്ള രാഷ്ട്രീയ നേതാക്കള്‍ തന്നെ പലതവണ സമീപിച്ചിട്ടുണ്ട്. അതിനെ കേരളത്തിലെ പലനേതാക്കന്‍മാരും രാഷ്ട്രീയ പ്രശ്‌നമാക്കി മാറ്റുന്നത് എന്തിനാണെന്ന് മനസ്സിലാവുന്നില്ലെന്നും മന്ത്രി പറഞ്ഞു.

കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ പ്രശ്‌നത്തെക്കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ സര്‍ക്കാരിനോട് കേന്ദ്രമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. ഏത് അളവിലും വിധത്തിലുമാണ് ഉപയോഗിച്ചതെന്ന് കണ്ടെത്തണം.ദേശീയ തലത്തില്‍ എന്‍ഡോസള്‍ഫാന്‍ നിരോധിക്കണമെങ്കില്‍ കൃഷിമന്ത്രാലയവുമായി ചര്‍ച്ചനടത്തിയ ശേഷം മാത്രമേ കഴിയുകയുള്ളൂ എന്നും മന്ത്രി പറഞ്ഞു.
തന്റെ കേരള സന്ദര്‍ശനവേളയില്‍ കാസര്‍കോട് എന്‍ഡോസള്‍ഫാന്‍ ദുരന്തബാധിത പ്രദേശം സന്ദര്‍ശിക്രുമെന്നും മന്ത്രി അറിയിച്ചു.