Categories

എന്‍ഡോസള്‍ഫാന്‍ ഹാനികരം: ഡോ എം.എസ് സ്വാമിനാഥന്‍

ന്യൂദല്‍ഹി:എന്‍ഡോസള്‍ഫാന്‍ ഹാനികരമെന്ന് കാര്‍ഷിക ശാസ്ത്രജ്ഞനായ ഡോ. എം.എസ് സ്വാമിനാഥന്‍. എന്‍ഡോസള്‍ഫാന്‍ വിഷയത്തില്‍ തന്നോട് അഭിപ്രായം ആരായുമെന്ന് കേന്ദ്ര കാര്‍ഷിക സഹമന്ത്രി കെ.വി തോമസ് പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

എന്‍ഡോസള്‍ഫാന്‍ മനുഷ്യ ശരീരത്തിനും പ്രകൃതിക്കും ദോഷകരമാണെന്ന് സ്വാമിനാഥന്‍ പറഞ്ഞു. ഇതിലെ ചില വസ്തുക്കള്‍ ആരോഗ്യത്തിന് ഹാനികരമാണെന്നും അദ്ദേഹം പറഞ്ഞു.

ഇതിനെക്കുറിച്ച് മന്ത്രി തന്നോട് അഭിപ്രായം ചോദിച്ചാല്‍ തന്റെ നിലപാട് വ്യക്തമാക്കുമെന്നും ഡോ. സ്വാമിനാഥന്‍ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ എന്‍ഡോസള്‍ഫാന്‍ നിരോധിക്കുന്നതിനെ കുറിച്ചോ, ദോഷഫലങ്ങള്‍ പരിശോധിക്കുന്നതിന് സമിതി രൂപീകരിക്കുന്നതിനെ കുറിച്ചോ മന്ത്രി തന്നോട് അഭിപ്രായം ചോദിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

മാരക കീടനാശിനിയായ എന്‍ഡോസള്‍ഫാന്‍ നിരോധിക്കാന്‍ ജനീവയില്‍ ചേര്‍ന്ന യു.എന്‍ സ്‌റ്റോക്ക്‌ഹോം കണ്‍വെന്‍ഷന്‍ തീരുമാനംമുണ്ടായിരുന്നു. ഇന്ത്യയുടെ ശക്തമായ എതിര്‍പ്പ് മറികടന്നായിരുന്നു തീരുമാനം. എന്‍ഡോസള്‍ഫാനെ മാരക കീടനാശിനിയായി കണക്കാക്കി അനസ്‌കര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിനെ ഇന്ത്യ ശക്തമായി എതിര്‍ക്കുകയായിരുന്നു. കേരളത്തിലെ കാസര്‍കോടുള്‍പ്പെടെയുള്ള ഗ്രാമങ്ങളില്‍ നൂറുകണക്കിന് പേരെ കൊന്നൊടുക്കുന്ന എന്‍ഡോസള്‍ഫാനെ മൃദു കീടനാശിനികളുടെ ഇനത്തില്‍ ഉള്‍പ്പെടുത്തണമെന്നാണ് ഇന്ത്യ വാദിച്ചത്. എന്നാല്‍ 30 അംഗങ്ങളില്‍ 26 പേരും എന്‍ഡോസള്‍ഫാന്‍ നിരോധനത്തെ അനുകൂലിച്ച് വോട്ട് ചെയ്യുകയായിരുന്നു.

ഡി.ഡി.ടി എന്‍ഡ്രിന്‍, ആള്‍ട്രിന്‍, എക്‌സ്‌ക്ലോറിഡ് ബേസിന്‍ തുടങ്ങിയ മാരക വിശങ്ങള്‍ക്ക് തുല്യമാണ് എന്‍ഡോസള്‍ഫാനെന്നാണ് സമിതി വിലയിരുത്തിയത്. അടുത്ത വര്‍ഷം ചേരുന്ന സ്‌റ്റോക്ക്‌ഹോം കണ്‍വെന്‍ഷനില്‍ ഇതു സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കും.

എന്‍ഡോസള്‍ഫാന്‍ പൂര്‍ണമായി നിരോധിക്കുന്നതിനെ പിന്തുണക്കണമെന്ന് കേരളം കേന്ദ്രസര്‍ക്കാറിനോട് പ്രത്യേകം ആവശ്യപ്പെട്ടിരുന്നു. ഇതു സംബന്ധിച്ച് മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ പ്രധാനമന്ത്രിക്കും പരിസ്ഥിതി മന്ത്രി ജയറാം രമേശിനും കത്തെഴുതുകയും ചെയ്തിരുന്നു. എന്‍ഡോസള്‍ഫാന്‍ കാരണം ഇന്ത്യയില്‍ 15 ഗ്രാമങ്ങളിലായി 100 കണക്കിന് പേര്‍ മരിക്കുകയും ആയിരക്കണക്കിന് പേര്‍ ഗുരുതരമായ ശാരീരിക പ്രത്യാഘാതങ്ങള്‍ക്ക് ഇരയാവുകയും ചെയ്തിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് കേരളം എന്‍ഡോസള്‍ഫാന്‍ ഉപയോഗം നിരോധിച്ചുകൊണ്ട് തീരുമാനമെടുത്തത്.

എന്നാല്‍ കെ.വി തോമസ് എന്‍ഡോസള്‍ഫാനെതിരെ കേന്ദ്രം സ്വീകരിച്ച നിലപാടിനെ അനുകൂലിച്ച് സംസാരിച്ചിരുന്നു. ഇത് വന്‍ വിവാദങ്ങള്‍ക്കിടയാക്കി.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.