Categories

എന്‍ഡോസള്‍ഫാന്‍ ഇരകളുടെ അനിശ്ചിതകാല കഞ്ഞിവെപ്പ് സമരം രണ്ടാം ദിവസത്തിലേക്ക്

endosulfan3

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിന് മുന്നില്‍ ##എന്‍ഡോസള്‍ഫാന്‍ ഇരകള്‍ നടത്തുന്ന അനിശ്ചിതകാല സമരം രണ്ടാം ദിവസത്തിലേക്ക്.

എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്കുവേണ്ടി എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയമുന്നണിയാണ്് അനിശ്ചിതകാല കഞ്ഞിവെപ്പ് സമരം ആരംഭിച്ചത്. എന്‍ഡോസള്‍ഫാന്‍ ബാധിതരുടെ അമ്മമാരാണ് സമരം നടത്തുന്നത്.

ദുരിതബാധിതര്‍ക്കുള്ള ധനസഹായത്തിന്റെ ആദ്യ ഗഡു നല്‍കിയെന്ന മുഖ്യമന്ത്രിയുടെ വാദം പച്ചക്കള്ളമാണെന്ന് സമരക്കാര്‍ അറിയിച്ചു. ഇന്ന് ചേര്‍ന്ന നിയമസഭാ യോഗത്തിലാണ് മുഖ്യമന്ത്രി ആദ്യ ഗഡു നല്‍കിയതായി അറിയിച്ചത്.

എന്‍ഡോസള്‍ഫാന്‍ ബാധിതരായ തങ്ങളുടെ മക്കളുടെ കാര്യത്തില്‍ സര്‍ക്കാര്‍ തുടരുന്ന അവഗണനയില്‍ പ്രതിഷേധിച്ചാണ് ഇവര്‍ സമരം നടത്തുന്നത്.പൂര്‍ണമായി കിടപ്പിലായ അഞ്ചുപേരടക്കം സ്ത്രീകളും കുട്ടികളുമടങ്ങുന്ന അമ്പതുപേരാണ് സമരം നടത്തുന്നത്.

ജസ്റ്റിസ് രാമചന്ദ്രന്‍നായര്‍ കമ്മിറ്റി റിപ്പോര്‍ട്ട് തള്ളുക, കടങ്ങള്‍ എഴുതിത്തള്ളുക, ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ശുപാര്‍ശകള്‍ പഞ്ചായത്തുകളില്‍ മാത്രം പരിമിതപ്പെടുത്താതിരിക്കുക എന്നിവയാണ് ആവശ്യങ്ങള്‍.

ബജറ്റില്‍ പോലും എന്‍ഡോസള്‍ഫാന്‍ ബാധിതരെ പരിഗണിക്കാതിരുന്ന സാഹചര്യത്തിലാണ് പ്രതിഷേധ സമരവുമായി രംഗത്തു വന്നിരിക്കുന്നത്. കാസര്‍കോടു നിന്നും അമ്പതോളം കുടുംബങ്ങളാണ് സമരത്തില്‍ പങ്കെടുക്കാനായി തിരുവനന്തപുരത്തെത്തിയിരിക്കുന്നത്.

നേരത്തെ, 2013 ഫിബ്രവരി 18 മുതല്‍ നടത്തിയ അനിശ്ചിതകാല സമരത്തെ തുടര്‍ന്ന് നല്‍കിയ ഉറപ്പുകള്‍ പാലിക്കാത്തതിനെ തുടര്‍ന്നാണ് വീണ്ടും സമരവുമായി ഇരകള്‍ എത്തിയിരിക്കുന്നത്.