ന്യൂദല്‍ഹി: എന്‍ഡോസള്‍ഫാന്‍ മൂലം കാസര്‍ക്കോടുണ്ടായായ ആരോഗ്യപ്രശ്‌നങ്ങളുടെ മൂലകാരണം കണ്ടെത്താനായി സംസ്ഥാന സര്‍ക്കാര്‍ പുതിയ വിദഗ്ദപഠനസമിതിയെ നിയോഗിക്കുമെന്ന് ആരോഗ്യമന്ത്രി അടൂര്‍ പ്രകാശ്. എന്‍ഡോസള്‍ഫാന് അനുകൂലമായി കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചതിനെക്കുറിച്ച് പ്രതികരിക്കവെ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.

കാസര്‍ഗോട്ടെ ആരോഗ്യപ്രശ്‌നങ്ങള്‍ സംബന്ധിച്ച് ശാസ്ത്രീയ പഠനം ആവശ്യമാണെന്നും മന്ത്രി പറഞ്ഞു. ഏതൊക്കെ വിഷയങ്ങളാണ് സമിതി പഠിക്കുകയെന്നും സമിതിയുടെ ഘടന എങ്ങിനെയായിരിക്കുമെന്നും കാബിനറ്റ് സബ് കമ്മിറ്റി ചേര്‍ന്ന് തീരുമാനമെടുക്കമെന്നും അടൂര്‍ പ്രകാശ് പറഞ്ഞു.

അതേസമയം എന്‍ഡോസള്‍ഫാന്‍ വിശയത്തില്‍ പുതിയ പഠന സംഘത്തിന്റെ ആവശ്യമില്ലെന്ന് സിപിഐഎം. ഈ വിഷയത്തില്‍ കൂടുതല്‍ പഠനത്തിന്റെ ആവശ്യമില്ലെന്ന് കാസര്‍ക്കോട് സിപിഐഎം ജില്ലാ സെക്രട്ടറി കെ.പി. സതീഷ് ചന്ദ്രന്‍ പറഞ്ഞു. കേന്ദ്ര സര്‍ക്കാറിന്റെ എന്‍ഡോസള്‍ഫാന്‍ അനുകൂല നിലപാടിനെതിരെ പൊതുജനങ്ങളെ അണിനിരത്തി ശക്തമായ പ്രക്ഷോഭ സമരങ്ങള്‍ സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

നേരത്തേ കാസര്‍ക്കോട്ടെ ദുരിതത്തിന് കാരണം എന്‍ഡോസള്‍ഫാനല്ലെന്ന് വ്യക്തമാക്കുന്ന സത്യവാങ്മൂലം കേന്ദ്രകൃഷിമന്ത്രാലയം സുപ്രീം കോടതിയില്‍ നല്‍കിയിരുന്നു.പ്ലാന്റേഷന്‍ കോര്‍പ്പറേഷനാണ് കാസര്‍ക്കോട്ടെ ദുരിതത്തിന് കാരണമെന്നും രാജ്യത്ത് എന്‍ഡോസള്‍ഫാന്‍ നിരോധനം അനാവശ്യമാണെന്നും മറ്റ് രാജ്യങ്ങളില്‍ എന്‍ഡോസള്‍ഫാന്‍ നിരോധിച്ചത് ശാസ്ത്രീയമായല്ലെന്നും സംശയത്തിന്റെ പേരിലാകാമെന്നും കൃഷിമന്ത്രാലയം സത്യവാങ്മൂലത്തില്‍ പറഞ്ഞിരുന്നു. എന്‍ഡോസള്‍ഫാന്‍ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ സമര്‍പ്പിച്ച ഹരജിയില്‍ സമര്‍പ്പിച്ച എതിര്‍ സത്യവാങ്മൂലത്തിലാണ് കേന്ദ്രകൃഷിമന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.