കോഴിക്കോട്: കേരളത്തില്‍ നിരോധിച്ച എന്‍ഡോസള്‍ഫാന്റെ അംശങ്ങള്‍ കുടിവെള്ളത്തിലും. വയനാട്ടിലെ മാനന്തവാടിയില്‍ കുടിവെള്ളത്തില്‍ എന്‍ഡോസള്‍ഫാന്റെ അംശം കണ്ടെത്തി. കോഴിക്കോട്ടെ CWRDM ഇവിടത്തെ കുടിവെള്ളത്തില്‍ നടത്തിയ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്. ജനങ്ങള്‍ കുടിക്കാനായി ആശ്രയിക്കുന്ന വെള്ളത്തിലാണ് എന്‍ഡോസള്‍ഫാന്‍ അംശം കണ്ടെത്തിയത്.

ഇവിടത്തെ കുടിവെള്ളത്തില്‍ അസ്വാഭാവികത കണ്ടെത്തിയതിനെ തുടര്‍ന്ന് വയനാട് ജില്ലാ സബ് കലക്ടര്‍ പ്രശാന്താണ് വെള്ളം പരിശോധിക്കാന്‍ ഉത്തരവിട്ടത്. തുടര്‍ന്നാണ് പരിശോധന നടത്തിയത്.

അതേസമയം എന്‍ഡോസള്‍ഫാന്‍ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകുന്നുണ്ടെന്ന് കേന്ദ്രസര്‍ക്കാരിന്റെ കീഴിലുള്ള ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ച് ന്യൂദല്‍ഹിയില്‍ വ്യക്തമാക്കി. ആകാശത്തുനിന്ന് കീടനാശിനി പ്രയോഗിച്ചതാണ് കാസര്‍കോട്ടെ പ്രശ്‌നങ്ങള്‍ക്ക് കാരണമെന്ന് ഐ.സി.എം.ആര്‍ ഡയറക്ടര്‍ വി.എം.കടോച്ച് പറഞ്ഞു. എന്‍ഡോസള്‍ഫാന്‍ ദുരന്തത്തെക്കുറിച്ച് പഠിക്കാന്‍ ഐ.സി.എംആറിന്റെ പ്രത്യേകസംഘം മൂന്നാഴ്ചയ്ക്കകം കേരളത്തിലെത്തും.

കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ ബാധിത പ്രദേശങ്ങള്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ സന്ദര്‍ശിച്ചു. എന്‍ഡോസള്‍ഫാന്‍ പ്രശ്‌നത്തെ സര്‍ക്കാര്‍ ഗൗരവമായി കാണുന്നില്ലെന്ന് മനുഷ്യാവകാശ കമ്മീഷന്‍ അഡ്വക്കേറ്റ് എം. ഗംഗാധരന്‍ പറഞ്ഞു. എന്‍ഡോസള്‍ഫാന്‍ നിരോധിക്കാന്‍ വീണ്ടും പഠനം നടത്തേണ്ട ആവശ്യമില്ല. നടപടിയാണ് ഇനി ആവശ്യമെന്നും അദ്ദേഹം പറഞ്ഞു.