കൊച്ചി: എന്‍ഡോസള്‍ഫാന്‍ കേസില്‍ പൊതുമേഖലാ സ്ഥാപനമായ എച്ച്.ഐ.എല്ലിനെ കക്ഷിചേര്‍ക്കാന്‍ കോടതി തീരുമാനിച്ചു. എന്‍ഡോസള്‍ഫാന്‍ ഉത്പാദിപ്പിക്കുന്ന എച്ച്.ഐ.എല്ലിന് നോട്ടീസ് അയക്കാനും കോടതി ഉത്തരവിട്ടു. എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരെ സഹായിക്കാന്‍ ട്രിബ്യൂണല്‍ രൂപീകരിക്കാനാവശ്യപ്പെട്ട് നല്‍കിയ ഹരജിയിന്‍ മേലാണ് കോടതി വിശദീകരണം.

ട്രിബ്യൂണല്‍ രൂപീകരിച്ച് ദുരിത ബാധതര്‍ക്ക് നഷ്ടപരിഹാരം നല്‍കുക, എച്ച്.ഐ.എല്ലിനെ കക്ഷിചേര്‍ക്കുക , പുതിയ കമ്മീഷനെ നിയോഗിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു ഹരജി.

പുതിയ കമ്മീഷനെ നിയോഗിക്കണമെന്ന ആവശ്യം കോടതി അംഗീകരിച്ചില്ല. ഇക്കാര്യം പിന്നീട് പരിഗണിക്കാമെന്നാണ് കോടതി പറഞ്ഞത്. എന്‍ഡോസള്‍ഫാന്‍ വിഷയത്തില്‍ അന്വേഷണം നടക്കുന്നതായാണ് മാധ്യമങ്ങളില്‍ നിന്നും മനസ്സിലാക്കുന്നത്. അതിനാല്‍ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മാത്രമേ നഷ്ടപരിഹാര കാര്യങ്ങള്‍ തീരുമാനിക്കാനാവൂ.

കൂടാതെ ഇതുസംബന്ധിച്ച കേന്ദ്ര സര്‍ക്കാരിന്റെ നിലപാട് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. കേന്ദ്രസര്‍ക്കാരിന്റെയും പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെയും വിശദീകരണം ലഭിച്ച ശേഷമേ കൂടുതല്‍ നടപടിക്ക് സാധിക്കൂ എന്നും കോടതി അറിയിച്ചു.