പാലക്കാട്: എന്‍ഡോസള്‍ഫാന്‍ പൂര്‍ണമായി നിരോധിച്ചിട്ട് മതി അതെക്കുറിച്ചുള്ള പഠനമെന്ന് കൃഷിമന്ത്രി മുല്ലക്കര രത്‌നാകരന്‍. എന്‍ഡോസള്‍ഫാന്‍ പോലുള്ള കീടനാശിനികള്‍ നിരോധിക്കാനുള്ള അധികാരം സംസ്ഥാനങ്ങള്‍ക്ക് നല്‍കാന്‍ കേന്ദ്രം തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഇപ്പോള്‍ കേരളത്തില്‍ മാത്രമാണ് എന്‍ഡോസള്‍ഫാന്‍ നിരോധിച്ചിട്ടുള്ളത്. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലും ഈ മാരക കീടനാശിനി നിരോധിക്കണംമന്ത്രി ആവശ്യപ്പെട്ടു. ഭക്ഷ്യവകുപ്പ് നടപ്പിലാക്കുന്ന ഭക്ഷ്യസുരക്ഷാ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം കൊടുമ്പില്‍ നിര്‍വഹിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

റെഡ്, യെല്ലോ വിഭാഗത്തിലുള്ള കീടനാശിനികള്‍ വാങ്ങുന്നതിന് കൃഷി ഓഫീസറുടെ രേഖാമൂലമുള്ള കുറിപ്പ് വേണമെന്ന് നിയമഭേദഗതി വരുത്തണമെന്നും മുല്ലക്കര ആവശ്യപ്പെട്ടു. കൃഷിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഗ്രേസ് മാര്‍ക്ക് നല്‍കുന്ന കാര്യം പരിഗണിക്കുന്നുണ്ടെന്നും മുല്ലക്കര രത്‌നാകരന്‍ അറിയിച്ചു.