ന്യൂദല്‍ഹി: എന്‍ഡോസള്‍ഫാന്‍ സമ്പൂര്‍ണ്ണമായി നിരോധിക്കുന്നത് സംബന്ധിച്ച് ഐ.സി.എം.ആര്‍ ഇടക്കാല റിപ്പോര്‍ട്ട് മൂന്നാഴ്ചക്കകം സമര്‍പ്പിക്കണമെന്ന് സുപ്രീം കോടതി. റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആറാഴ്ച സമയം വേണമെന്ന ഐ.സി.എം.ആര്‍ ആവശ്യം കോടതി തള്ളി.

രാജ്യത്ത് ഉല്‍പാദിപ്പിച്ച എന്‍ഡോസള്‍ഫാന്‍ വികസ്വര രാഷ്ട്രങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നതിന് അനുമതി നല്‍കണമെന്ന എന്‍ഡോസള്‍ഫാന്‍ ഉല്‍പാദകര്‍ കോടതിയോട് ആവശ്യപ്പെട്ടു. ഇക്കാര്യത്തിലും നിലപാട് അറിയിക്കാന്‍ സുപ്രീം കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. എന്‍ഡോസള്‍ഫാന്‍ കയറ്റി അയച്ചാല്‍ അത് ഇന്ത്യയിലേക്ക് തന്നെ തിരിച്ചുവരില്ലെന്ന് എ്ന്താണ് ഉറപ്പെന്നും ചീഫ് ജസ്റ്റിസ് ചോദിച്ചു.

എന്‍ഡോസള്‍ഫാന്‍ നിരോധിക്കണമെന്നാവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ ആണ് സുപ്രീം കോടതിയെ സമീപിച്ചത്. ഹരജിയില്‍ അന്തിമ വിധിയുണ്ടാവുന്നത് വരെ എന്‍ഡോസള്‍ഫാന്‍ നിരോധിച്ചുകൊണ്ട് സുപ്രീം കോടതി വിധിയുണ്ടായിരുന്നു. എന്‍ഡോസള്‍ഫാന്‍ മനുഷ്യജീവന് ഭീഷണിയെണെന്നത് തെളിയിക്കുന്ന 200 ഓളം പഠന റിപ്പോര്‍ട്ടുകള്‍ ഡി.വൈ.എഫ്.ഐ ഇന്ന് കോടതിയില്‍ ഹാജരാക്കി.