എഡിറ്റര്‍
എഡിറ്റര്‍
ബ്രിട്ടാനിക്ക എന്‍സൈക്ലോപീഡിയ ഷെല്‍ഫുകളില്‍ സ്മാരകമാകുന്നു; പ്രിന്റ് എഡിഷന്‍ അവസാനിപ്പിച്ചു
എഡിറ്റര്‍
Thursday 15th March 2012 10:00am

ന്യൂയോര്‍ക്ക്: നൂറ്റാണ്ടുകളായി വിജ്ഞാന ശേഖരത്തിന്റെ അവസാന വാക്കായിരുന്നു ബ്രിട്ടാനിക്ക എന്‍സൈക്ലോപീഡിയ. ലോകത്തെ ഏതൊരു ലൈബ്രറിയിലെയും ഷെല്‍ഫുകളില്‍ ഒന്നാം വാള്യം മുതല്‍ 32 വാള്യം വരെ മനോഹരമായി അടുക്കി വെച്ചിരിക്കുന്ന എന്‍സൈക്ലോപീഡിയ ഉടമസ്ഥന്റെ സ്വകാര്യ അഹങ്കാരമായിരുന്നു.

വിക്കിപീഡിയ അടക്കമുള്ള ഡിജിറ്റല്‍ വിജ്ഞാന സ്രോതസുകള്‍ വര്‍ധിക്കവെ പ്രതാപം അവസാനിച്ചെന്ന നിലയിലായിരുന്നു എന്‍സെക്ലോപീഡിയ. ഇതേത്തുടര്‍ന്ന് പ്രിന്റ് എഡിഷന്‍ തുടരവെ 1981ല്‍ ബ്രിട്ടാനിക്ക അതിന്റെ ഡിജിറ്റല്‍ രൂപം കൊണ്ടുവന്നു. 1989ല്‍ മള്‍ട്ടിമീഡിയ സി.ഡി അവതരിപ്പിച്ചു. 1994ല്‍ ഇന്റര്‍നെറ്റില്‍ ലോഞ്ച് ചെയ്തു.

എന്നാലിപ്പോള്‍, പ്രിന്റ് എഡിഷന്‍ നിലനിര്‍ത്താനുള്ള പ്രയാസത്താലും ഓണ്‍ലൈന്‍-ഡിജിറ്റല്‍ വിവര ശേഖരങ്ങളുടെ പ്രാധാന്യം വര്‍ധിക്കുന്നത് കണക്കിലെടുത്തും ബ്രിട്ടാനിക്ക എന്‍സൈക്ലോപീഡിയ പൂര്‍ണ്ണമായും പ്രിന്റ് എഡിഷന്‍ നിര്‍ത്തി ഡിജിറ്റല്‍ വേര്‍ഷനിലേക്ക് മാറുകയാണ്. ഇതോടെ 244 വര്‍ഷത്തെ പ്രസിദ്ധീകരണ പാരമ്പര്യത്തിനാണ് അന്ത്യമാകുന്നത്.

അതിനാല്‍, രണ്ടു വര്‍ഷത്തിലൊരിക്കല്‍ പുറത്തിറങ്ങിയിരുന്ന ഈ ലോകോത്തര റഫറന്‍സ് ഗ്രന്ഥം ഇനി പുസ്തക രൂപത്തില്‍ പ്രസിദ്ധീകരിക്കില്ല. 1768 ല്‍ കോളിന്‍ മക്ഫാര്‍ക്വര്‍, ആന്‍ഡ്രൂ ബെല്‍, ആര്‍കിബാള്‍ഡ് കോണ്‍സ്റ്റബ്ള്‍ എന്നീ സ്‌കോട്ട്‌ലാന്‍ഡുകാര്‍ ആരംഭിച്ചതാണ് ബ്രിട്ടാനിക്ക. എഡിന്‍ബര്‍ഗില്‍ നിന്നായിരുന്നു ആദ്യത്തെ അച്ചടി. ബ്രിട്ടാനിക്കയുടെ അവസാനത്തെ എഡിഷന്‍ പുറത്തിറങ്ങിയത് 2010ലാണ്.

അതേസമയം, കൂടുതല്‍ മികവോടെ ബ്രിട്ടാനിക്ക ഡിജറ്റല്‍ വേര്‍ഷനില്‍ ഓണ്‍ലൈനില്‍ ലഭ്യമാകും. ഓണ്‍ലൈന്‍ എഡിഷന് വേണ്ടി 4.99 ഡോളര്‍, 1.99 ഡോളര്‍ എന്നീ നിരക്കില്‍ ആപ്ലക്കേഷനുകള്‍ കമ്പനി നടപ്പിലാക്കിയിരുന്നു. പ്രിന്റ് എഡിഷനില്‍ കണ്ടതിനേക്കാള്‍ വിശാലമായ ലോകമാണ് ഡിജിറ്റല്‍ എഡിഷനില്‍ കാണാനിരിക്കുന്നത്, എന്‍സൈക്ലോപീഡിയ ബ്രിട്ടാനിക്കയുടെ പ്രസിഡന്റ് ജോര്‍ജ് കോസ് പറഞ്ഞു. മിനിറ്റുകള്‍ക്കുള്ളില്‍ റിവൈസ് ചെയ്യാം, അപ്‌ഡേറ്റ് ചെയ്യാം. എന്‍സൈക്ലോപീഡിയ ബ്രിട്ടാനിക്ക പുതിയൊരു യുഗത്തിലേക്ക് കടക്കുകയാണ്-അദ്ദേഹം വ്യക്തമാക്കി.

Malayalam news

Kerala news in English

Advertisement