Administrator
Administrator
വിപ്ലവ നക്ഷത്രം പൊലിഞ്ഞിട്ട് 12 വര്‍ഷം; ഇ എം എസ് ഓര്‍മ്മിക്കപ്പെടുന്നു
Administrator
Friday 19th March 2010 11:51am

84 വര്‍ഷം തികയുന്ന എന്റെ ജീവിതത്തില്‍ ഒരു പ്രധാന നാഴികക്കല്ലാണ് 1936-37 കാലത്ത് ഞാന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അംഗമായത്. അതോടെ ഞാനെന്റെ പരമ്പരാഗത സമൂഹ ബന്ധം വിച്ഛേദിച്ചു. ‘തൊഴിലാളി വര്‍ഗത്തിന്റെ ദത്തുപുത്ര’ നെന്ന നിലക്ക് ജീവിക്കാനും പ്രവര്‍ത്തിക്കാനും തുടങ്ങി.-ഇ എം എസ് നമ്പൂതിരിപ്പാട് 26-5-1993

അതെ, ഇ എം എസ് തൊഴിലാളി വര്‍ഗത്തിന്റെ ദത്തു പുത്രന്‍ തന്നെയായിരുന്നു. ജന്മിത്വത്തിന്റെയും സമ്പത്തിന്റെയും അധികാരവും സൗകര്യങ്ങളും വിട്ടെറിഞ്ഞ് ബ്രാഹ്മണ മേധാവിത്വത്തിന്റെ പൂണൂലറുത്ത് മാറ്റി അദ്ദേഹം ജനങ്ങളുടെയിടയിലേക്കിറങ്ങി. സ്വന്തം ജീവിതത്തിലും കമ്യൂണിസ്റ്റ് പ്രസ്ഥാന ചരിത്രത്തിലും വിപ്ലവകരമായ മുന്നേറ്റമായിരുന്നു അത്. വിപ്ല ചരിത്രം ബാക്കിയാക്കി ആ രക്ത നക്ഷത്രം മാഞ്ഞിട്ട് പന്ത്രണ്ട് വര്‍ഷം തികഞ്ഞു.

1909ല്‍ മലപ്പുറം ജില്ലയില്‍ ഏലംകുളത്ത് ജനിച്ച ശങ്കരന്‍ നമ്പൂതിരിപ്പാടിന്റെ ജീവിതം കേരള നവോത്ഥാന ചരിത്രത്തോടൊപ്പം കൂട്ടിവായിക്കേണ്ടതാണ്. കോണ്‍ഗ്രസില്‍ പ്രവര്‍ത്തിച്ചപ്പോഴും പിന്നീട് കമ്യൂണിസ്റ്റ് പാര്‍ട്ടി അംഗമായപ്പോഴും കേരള മുഖ്യമന്ത്രിയും രാഷ്ട്രീയ നേതാവുമൊക്കെ ആയിരുന്നപ്പോഴും കേരളത്തിന്റെ സാമൂഹിക പരിഷ്‌കരണങ്ങള്‍ക്ക് അദ്ദേഹം നായകത്വം വഹിച്ചു.

കേരളത്തിലെ ജന്മിത്വ സമ്പദായത്തിന്റെ അടിവേരറുക്കുന്ന രീതിയില്‍ ഭൂ പരിഷ്‌കരണ ബില്‍ അവതരിപ്പിക്കപ്പെട്ടത് ആദ്യ ഇ എം എസ് സര്‍ക്കാറിന്റെ കാലത്താണ്. വിപ്ലവത്തിന്റെ തീഷ്ണമായ കാറ്റേറ്റ് അന്നത്തെ വലതുപക്ഷ ജന്മി-മത പുരോഹിത നേതൃത്വം ആടിയുലഞ്ഞു. ഇത്തരം ശക്തികളുടെ നഷ്ടപ്പെടുന്ന അനര്‍ഹമായ അധികാരങ്ങള്‍ തിരികെ പിടിക്കാനുള്ള സമരമായിരുന്നു വിമോചന സമരം. ഒന്നാം ഇ എം എസ് സര്‍ക്കാറിനെ കേന്ദ്ര സര്‍ക്കാര്‍ പിരിച്ചുവിട്ടെങ്കിലും കേരളത്തിന്റെ വിപ്ലവ മണ്ണ് ഇ എം എസ് സര്‍ക്കാറിനെ വീണ്ടും പല തവണ അധികാരത്തിലേറ്റി.

കേരളത്തില്‍ കമ്മ്യൂണിസ്റ്റു പ്രസ്ഥാനത്തിനു രൂപംകൊടുക്കുന്നതില്‍ പ്രധാന പങ്കുവഹിച്ച അദ്ദേഹം സാഹിത്യത്തിലും ചിന്തയിലും ചരിത്ര രചനയിലും കമ്യൂണിസ്റ്റ് രീതികള്‍ പിന്തുടരുകയും അതിന് നിര്‍ണായകമായ ഇടം നേടിക്കൊടുക്കുകയും ചെയ്തു. ചരിത്രമെന്നത് സവര്‍ണന്റെയും രാജാക്കന്‍മാരുടെയും ജീവ ചരിത്രം മാത്രമല്ലെന്നും കീഴാളനും അടിച്ചമര്‍ത്തപ്പെടുന്നവനും ചരിത്ര നിര്‍മ്മിതിയില്‍ സ്ഥാനമുണ്ടെന്നും ഇ എം എസ് ഉറക്കെ പറഞ്ഞു.

സാഹിത്യം സമൂഹ നന്മക്ക് വേണ്ടിയാകണമെന്ന് വിശ്വസിച്ചയാളായിരുന്നു അദ്ദേഹം, അദ്ദേഹത്തിന്റെ ‘ആത്മകഥ എന്ന കൃതിക്ക് കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചു. മലയാളത്തിലെ മാര്‍ക്‌സിയന്‍ വിമര്‍ശനത്തിന് കരുത്തുപകര്‍ന്നത് ഇ എം എസിന്റെ കൃതികളാണ്. പുരോഗമനസാഹിത്യം, കമ്മ്യൂണിസ്റ്റുകാരും പുരോഗമന സാഹിത്യവും, മാര്‍ക്‌സിസവും മലയാള സാഹിത്യവും, ആശാനും മലയാള സാഹിത്യവും എന്നിവ സാഹിത്യവിമര്‍ശനങ്ങളില്‍ പ്രധാനമാണ്. ‘കേരളംമലയാളികളുടെ മാതൃഭൂമി കേരളചരിത്രഗ്രന്ഥമാണ്. ‘ആത്മകഥ, കേരളത്തിലെ സാമ്പത്തിക പ്രശ്‌നങ്ങള്‍, കാറല്‍ മാര്‍ക്‌സ്പുതുയുഗത്തിന്റെ വഴികാട്ടി, ഇന്ത്യാ ചരിത്രത്തിലേക്കൊരു എത്തിനോട്ടം, കമ്മ്യൂണിസം കെട്ടിപ്പടുക്കുന്നവരുടെകൂടെ എന്നിവയാണ് മറ്റു പ്രധാന കൃതികള്‍.

കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ടിയിലൂടെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിലെത്തിയ ഇ എം എസ് കോഴിക്കോട്ട് രൂപംകൊണ്ട ആദ്യത്തെ കമ്യൂണിസ്റ്റ് ഗ്രൂപ്പില്‍ അംഗമായിരുന്നു. 1934ലും 1938-40ലും കെ പി സി സി സെക്രട്ടറിയായി. തുടര്‍ന്ന് കമ്യൂണിസ്റ്റ് പാര്‍ടി രഹസ്യമായി സംഘടിപ്പിച്ചപ്പോള്‍ അതില്‍ അംഗമായി ചേര്‍ന്നു. സി പി ഐ എം രൂപീകരിക്കപ്പെട്ടപ്പോള്‍ ദീര്‍ഘനാള്‍ ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചു.

സ്‌കൂള്‍ പഠനകാലത്ത് രാഷ്ട്രീയത്തിലുള്ള താല്‍പര്യം കാരണം ഇ എം എസ് ചെന്നൈയില്‍ വച്ച് നടന്ന ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് സമ്മേളനത്തില്‍ പങ്കെടുത്തിരുന്നു. 1931ലെ നിസ്സഹകരണ പ്രസ്ഥാനത്തില്‍ പങ്കെടുത്തു. എം ഗോവിന്ദമേനോന്‍ അറസ്റ്റ് ചെയ്യപ്പെട്ടപ്പോള്‍ തസ്ഥാനത്തേയ്ക്ക് പരിഗണിച്ചത് ഇ എം സിനെയാണ്. 1932 ജനുവരി 17 ഇ എം എസിന്റെ നേതൃത്വത്തില്‍ മൂന്നുപേര്‍ കടപ്പുറത്തേക്ക് ഉപ്പ് ശേഖരിക്കുന്നതിനായി ജാഥ നടത്തി. അവിടെ വെച്ച് അറസ്റ്റ് ചെയ്യപ്പെട്ടു. തടവില്‍നിന്ന് പുറത്തു വന്ന ശേഷം ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിലെ സോഷ്യലിസ്റ്റ് ചിന്താഗതിക്കാര്‍ക്കൊപ്പമായിരുന്നു ഇ എം എസിന്റെ പ്രവര്‍ത്തനം. 1937ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കേരളത്തിലെ സ്ഥാപക നേതാക്കളില്‍ ഒരാളായി. 1962ല്‍ ജനറല്‍ സെക്രെട്ടറിയായിരുന്ന അജയഘോഷ് മരണപ്പെട്ടതിനെ തുടര്‍ന്ന്, ഇ എം എസ് പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായി. മരണംവരെ പാര്‍ടിയുടെ ഉന്നതാധികാരസമിതിയായ കേന്ദ്രകമ്മിറ്റിയിലും പൊളിറ്റ് ബ്യൂറോയിലും അംഗമായിരുന്നു.

ആധുനിക കേരളത്തില്‍ ഇപ്പോഴും ഇ എം എസ് സജീവമായി ചര്‍ച്ച ചെയ്യപ്പെടുന്നുവെന്നത് തന്നെയാണ് അദ്ദേഹത്തിന്റെ പ്രസക്തി. ഇ എം എസ് ഉണ്ടായിരുന്നെങ്കില്‍ എന്ന് ചോദിക്കപ്പെടുന്നു. അനിഷേധ്യ നേതൃത്വം, അതുല്യ കമ്യൂണിസ്റ്റ്്, സാമൂഹിക വിപ്ലവകാരി, പാര്‍ട്ടിയുടെ പ്രത്യയശാത്ര ആചാര്യന്‍, ചരിത്രം ഇ എം എസിനൊപ്പം ചുറ്റിത്തിരിഞ്ഞു. ഇന്ന് ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി വീണ്ടും പ്രത്യയശാസ്ത്ര സംഘര്‍ഷങ്ങളുടെ തീഷ്ണമുഖത്താണ്. മതവിശ്വാസം, വികസനം തുടങ്ങി ഇന്ന് അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളില്‍ വ്യക്തമായ ഉത്തരം നല്‍കാന്‍ പാര്‍ട്ടി നേതൃത്വത്തിന് കഴിയുന്നില്ല. അവിടെ ഇ എം എസ് വീണ്ടും ഓര്‍മ്മിക്കപ്പെടുന്നു.

Advertisement