എഡിറ്റര്‍
എഡിറ്റര്‍
‘ഇനി എങ്ങനെ സ്വര്‍ഗത്തിലെത്തും?’; സ്വര്‍ഗം നേടാനായി സ്വത്തുക്കളെല്ലാം ഉപേക്ഷിച്ച് എംപറര്‍ ഇമ്മാനുവല്‍ സഭയില്‍ ചേര്‍ന്നവരെ ആശങ്കയിലാഴ്ത്തി സ്ഥാപകന്‍ അന്തരിച്ചു
എഡിറ്റര്‍
Thursday 4th May 2017 9:11am

കൊച്ചി: സ്വര്‍ഗത്തിലെപരിമിതമായ ‘വേക്കന്‍സി’കളിലേക്ക് പ്രവേശനം ലഭ്യമാക്കാന്‍ സഹായിക്കുമെന്ന അവകാശവാദവുമായി രംഗത്തെത്തിയ എംപറര്‍ ഇമ്മാനുവല്‍ സഭയുടെ സ്ഥാപകന്‍ ജോസഫ് പൊന്നാറ അന്തരിച്ചു. കട്ടപ്പന സ്വദേശിയായ ഇദ്ദേഹം തൃശൂരിലെ മൂരിയാട് ആസ്ഥാനമാക്കിയാണ് എംപറര്‍ ഇമ്മാനുവല്‍ സഭ ആരംഭിച്ചത്.

കൊച്ചിയിലെ ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ ചികിത്സയിലായിരുന്ന ഇദ്ദേഹം കഴിഞ്ഞ മാസം 24-ആം തിയ്യതിയാണ് അന്തരിച്ചത്. സ്വര്‍ഗത്തിലേക്കുള്ള ഏക വഴി തങ്ങളിലൂടെയാണെന്നും യേശു വീണ്ടും ജനിക്കുമെന്നും അന്ന് എംപറര്‍ സഭയിലുള്ളവര്‍ക്ക് സ്വര്‍ഗം ലഭിക്കുമെന്നുമെല്ലാം പറഞ്ഞ് വിശ്വസിപ്പിച്ചാണ് ഈ സഭയിലേക്ക് വിശ്വാസികളെ ആകര്‍ഷിച്ചിരുന്നത്. സ്വര്‍ഗത്തിലേക്ക് പോകാനാഗ്രഹിക്കുന്നവര്‍ക്കായി പ്രത്യേക പേടകം തയ്യാറാക്കി അതിലാണ് വിശ്വാസികളെ പാര്‍പ്പിച്ചിരുന്നത്.

സ്വര്‍ഗത്തിലേക്ക് പോകാന്‍ രണ്ട് വഴികള്‍ മാത്രമേ ലോകത്ത് ഉള്ളുവെന്നും ഒന്ന് ജെറുസലേമാണെങ്കില്‍ അടുത്തത് മൂരിയാട്ടെ എംപറര്‍ ഇമ്മാനുവല്‍ സഭയാണെന്ന് പറഞ്ഞാണ് ജോസഫ് പൊന്നാറ ആത്മീയ വ്യാപാരം നടത്തിയത്. തങ്ങളുടെ സഭാ തലവന്‍ അന്തരിച്ചതോടെ ഇനി എങ്ങനെ സ്വര്‍ഗത്തിലെത്തുമെന്ന ആശങ്കയിലാണ് എംപറര്‍ ഇമ്മാനുവല്‍ സഭയിലെ വിശ്വാസികള്‍.

സ്വര്‍ഗത്തില്‍ ആകെ 1,44,000 ഒഴിവുകള്‍ മാത്രമേയുള്ളുവെന്ന് പറഞ്ഞാണ് ഇവര്‍ വിശ്വാസികലെ അടുപ്പിക്കുന്നത്. ഇങ്ങനെയെത്തുന്നവരുടെ പണവും സ്വത്തുക്കളും കൈവശപ്പെടുത്തി കോടീശ്വരനായി മാറിയ വ്യക്തിയാണ് ജോസഫ് പൊന്നാറ.

കത്തോലിക്കാ സഭ ഉള്‍പ്പെടെയുള്ളവര്‍ തള്ളിപ്പറഞ്ഞ എംപറര്‍ ഇമ്മാനുവല്‍ സഭയിലേക്ക് പക്ഷേ കോട്ടയം, ഇടുക്കി ജില്ലകളില്‍ നിന്ന് കത്തോലിക്ക സഭയിലുള്ള നിരവധി പേരാണ് സ്വര്‍ഗ പ്രവേശം തേടി പോയത്. ലോകാവസാനമാകുമ്പോള്‍ എല്ലാവരും ദൈവത്തെ പോലെയാകുമെന്നാണ് സഭയുടെ അവകാശ വാദം.

ലോകാവസാനം വരുമ്പോള്‍ രക്ഷപ്പെടാന്‍ നോഹയുടെ പേടകം പോലെയുള്ള പേടകമായാണ് ഇവര്‍ കെട്ടിടങ്ങള്‍ നിര്‍മ്മിച്ചത്. ഈ കെട്ടിടത്തിന്റെ ഡിസൈന്‍ യേശുക്രിസ്തു നേരിട്ട് തയ്യാറാക്കിയതാണെന്നും എംപറര്‍ ഇമ്മാനുവല്‍ സഭ പറയുന്നു. ആരാധിക്കാനെത്തുന്നവര്‍ക്ക് പണം കൊടുത്താല്‍ സഭയുടെ ആസ്ഥാനത്തിന്റെ പരിസരത്ത് താമസസൗകര്യം ലഭ്യമാക്കി തരും.

ദൈവ പുത്രന്‍ വീണ്ടും പിറവിയെടുത്തുവെന്ന് പറഞ്ഞാണ് ഇവര്‍ വിശ്വാസികളെ ആകര്‍ഷിക്കുന്നത്. എ്ന്നാല്‍ എവിടെയാണ് ജനിച്ചത് എന്ന് തുടങ്ങിയ വിവരങ്ങള്‍ ഇവര്‍ ഇന്ന് വരെ പറഞ്ഞിട്ടില്ല. സ്വന്തം നാട് ഉപേക്ഷിച്ച് വന്ന 700-ലേറെ പേര്‍ മൂരിയാടും പരിസരങ്ങളിലുമായി താമസിക്കുന്നുണ്ട്.


Also Read: ‘ലോയിറ്റര്‍’; ആധുനിക സമൂഹത്തിന് ഗുണപാഠമായി ലണ്ടനില്‍ നിന്നുള്ള മലയാള ഹ്രസ്വചിത്രം ശ്രദ്ധേയമാകുന്നു


എല്ലാ ദൈവവചനങ്ങളിലും ദൈവികപ്രവര്‍ത്തനങ്ങളിലും ദൈവം അയയ്ക്കുന്നവരിലും വിശ്വസിക്കുന്ന സ്വതന്ത്രസഭയെന്നാണ് ഇമ്മാനുവേല്‍ സഭയുടെ വെബ്‌സൈറ്റില്‍ സ്വയം വിശേഷിപ്പിക്കുന്നത്. യേശുക്രിസ്തു മനുഷ്യശരീരം ധരിച്ച് ഇമ്മാനുവേല്‍ എന്ന പേരില്‍ വീണ്ടും ഭൂമിയില്‍ വന്നെന്ന് ഇവര്‍ വിശ്വസിക്കുന്നു. ദൈവപിതാവ് പ്രത്യക്ഷപ്പെടുമ്പോള്‍ വിശ്വാസികളും ദൈവത്തെ പോലെയാകുമത്രെ. ദൈവരാജ്യത്തിന്റെ രഹസ്യങ്ങള്‍ വെളിപ്പെട്ടുകിട്ടുകയും കാലത്തിന്റെ അടയാളങ്ങള്‍ ഗ്രഹിക്കുകയും ചെയ്യുന്നവരാണ് തങ്ങളെന്ന് ഇവര്‍ അവകാശപ്പെടുന്നു. പ്രകൃതിദുരന്തങ്ങളാണ് കാലത്തിന്റെ അടയാളങ്ങളായി ഇവര്‍ ചൂണ്ടിക്കാട്ടുന്നത്.

ഈ സഭയ്‌ക്കെതിരെ ഇരിങ്ങാലക്കുട രൂപതാ മെത്രാന്‍ ഇടയലേഖനം പുറത്തിറക്കിയിരുന്നു. കത്തോലിക്കാ വിശ്വാസം സ്വീകരിച്ചവര്‍ ഒരിക്കലും ഈ ധ്യാനകേന്ദ്രത്തിലോ ഇത്തരം സ്ഥലങ്ങളില്‍ ഇവര്‍ നയിക്കുന്ന ധ്യാനപ്രഘോഷണത്തിലോ സംബന്ധിക്കരുതെന്ന് ഇടയലേഖനം ആഹ്വാനം ചെയ്തിരുന്നു.

എന്തായാലും സഭാതലവന്‍ അന്തരിച്ചതോടെ തങ്ങളുടെ സ്വര്‍ഗപ്രവേശനം എങ്ങനെ സാധ്യമാകും എന്ന ആശങ്കയിലാണ് സ്വത്തുക്കളെല്ലാം വിറ്റ് എംപറര്‍ ഇമ്മാനുവല്‍ സഭയില്‍ ചേര്‍ന്നവര്‍. കട്ടപ്പനയിലെ ഒരു ഡ്രോയിങ്ങ് അധ്യാപകനായിരുന്നു ജോസഫ് പൊന്നാറ.

Advertisement